ബെംഗളുരു: അങ്കോള മണ്ണിടിച്ചിലിൽ കാണാതായ ലോറി ഡ്രൈവർ അർജുനായുള്ള തിരച്ചിൽ പുനരാരംഭിക്കുന്നതിൽ തീരുമാനം ഉടൻ. ബംഗളൂരുവിൽ നാളെ അവലോകന യോഗം ചേരും.
ഗംഗാവലിയിലെ കുത്തൊഴുക്ക് കുറഞ്ഞാൽ ദൗത്യം ആരംഭിക്കാമെന്ന് ഉത്തര കന്നഡ കലക്ടർ അറിയിച്ചു. തിരച്ചിൽ വേഗത്തിൽ പുനരാരംഭിക്കണമെന്ന് അർജുന്റെ കുടുംബവും ആവശ്യപ്പെട്ടിട്ടുണ്ട്. ഗംഗാവലിയിലേ കുത്തൊഴുക്ക് തടസമായതോടെയാണ് തിരച്ചിൽ അവസാനിപ്പിച്ചത്. ജലനിരപ്പ് താഴ്ന്നതോടെയാണ് തിരച്ചിൽ പുനരാരംഭിക്കുന്നത് ആലോചിക്കാൻ നാളെ യോഗം ചേരുന്നത്.
നദിയിലെ കുത്തൊഴുക്ക് കുറഞ്ഞത് അനുകൂലമാകുമെന്നാണ് കരുതുന്നത്. ഡ്രെഡ്ജ്ജർ ഉൾപ്പെടെ പ്രദേശത്ത് തിരച്ചിലിനുള്ള നീക്കം നേരത്തെ നടത്തിയെങ്കിലും സാധ്യമായിരുന്നില്ല. നദിയിൽ രൂപപ്പെട്ട മൺകൂന കേന്ദ്രീകരിച്ച് തിരച്ചിൽ പുനരാരംഭിക്കാൻ നാളെ നടക്കുന്ന അവലോകന യോഗത്തിൽ തീരുമാനം ഉണ്ടായേക്കും.പുഴയിൽ ഇറങ്ങി തിരയാൻ 2 നോട്ട് ആയി പുഴയുടെ ഒഴുക്കിന്റെ വേഗം കുറയണം. അടുത്ത ഒരാഴ്ച കാലാവസ്ഥ അനുകൂലമെന്നാണ് പ്രവചനം.
കഴിഞ്ഞ രണ്ട് ദിവസമായി ഗംഗാവലി പുഴയുടെ വൃഷ്ടി പ്രദേശത്ത് മഴ ഉണ്ടായില്ലെന്നതും ആശ്വാസകരമാണ്. അതിനാൽ പുഴയുടെ ഒഴുക്ക് കുറയുന്നുണ്ട്. ഗംഗാവലി പുഴയിലെ ഒഴുക്ക് ശക്തമായതിനാലാണ് അര്‍ജുന് വേണ്ടിയുളള തിരച്ചിൽ നിര്‍ത്തിവെച്ചത്. പ്രദേശത്ത് കഴിഞ്ഞ ദിവസങ്ങളിൽ മഴ ശക്തമായിരുന്നു. വിഷയത്തിൽ കര്‍ണാടക ഹൈക്കോടതി കഴിഞ്ഞ ദിവസം ഇടപെട്ടിരുന്നു. തിരച്ചിൽ പുനരാരംഭിക്കണമെന്ന് കോടതി നിര്‍ദ്ദേശം നൽകിയിരുന്നു.