ന്യൂഡൽഹി: മാധബി പുരി ബുച്ചിനും ഭർത്താവിനും അദാനിയുടെ ഷെൽ കമ്പനികളിൽ നിക്ഷേപമുണ്ടെന്ന ഹിൻഡൻബെർഗ് റിപ്പോർട്ട് തള്ളി സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി) രംഗത്ത്. അദാനിയെ സഹായിക്കാൻ നിയന്ത്രണങ്ങളിൽ മാറ്റം വരുത്തിയെന്ന ആരോപണം തെറ്റാണെന്നും ചെയർപേഴ്സൺ മാധബി ആരോപണങ്ങൾ നിഷേധിച്ചിട്ടുണ്ടെന്നും സെബി പ്രസ്താവനയിൽ പറഞ്ഞു. അദാനി ഗ്രൂപ്പിന് നോട്ടീസ് നൽകുകയും മൊഴിയെടുക്കുകയും ചെയ്തതായും സെബി വ്യക്തമാക്കി.
അദാനിക്കെതിരായ അന്വേഷങ്ങൾ വൈകിയിട്ടില്ലെന്നും 24 അന്വേഷണങ്ങളിൽ 23 എണ്ണവും പൂർത്തിയായെന്നും അവസാന അന്വേഷണം ഉടൻ പൂർത്തീകരിക്കുമെന്നും വാർത്താകുറിപ്പിലൂടെ സെബി വ്യക്തമാക്കി. വ്യക്തിപരമായ ആരോപണങ്ങൾക്ക് ചെയർപേഴ്സൺ മറുപടി പറഞ്ഞിട്ടുണ്ടെന്നും വാർത്താ കുറിപ്പിൽ പറയുന്നു. ഒന്നര വർഷമായിട്ടും അദാനിക്കെതിരായ ഹിൻഡൻബർഗ് റിപ്പോർട്ടിൽ സെബി അന്വേഷണം പൂർത്തിയാക്കാത്തത് അദാനിയുടെ കമ്പനിയുമായി ചെയർപേഴ്സൺ മാധബി പുരി ബുച്ചിനും ഭർത്താവിനുമുള്ള ബന്ധം കാരണമാണെന്നാണ് ഇന്നലെ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ ആരോപിക്കുന്നത്.
അദാനി ഗ്രൂപ്പിനെതിരെ കഴിഞ്ഞവർഷം പുറത്തുവന്ന ഹിൻഡൻബർഗ് റിപ്പോർട്ടിൽ സെബിയാണ് അന്വേഷണം നടത്തുന്നത്. ഒന്നര വർഷം കഴിഞ്ഞിട്ടും അന്വേഷണം പൂർത്തിയായില്ല എന്ന വിമർശനം നിലനിൽക്കെയാണ് ഹിൻഡൻബർഗിന്റെ പുതിയ ആരോപണം. ഓഹരി മൂല്യം പെരുപ്പിച്ചുകാട്ടാനായി അദാനി ഷെൽ കമ്പനികൾ രൂപീകരിച്ചിരുന്നു. ഈ ഷെൽ കമ്പനികളിലാണ് സെബി ചെയർപേഴ്സൻ മാധബി ബുച്ചിനും ഭർത്താവിനും നിക്ഷേപമുണ്ടെന്ന് ഹിൻഡൻബർഗ് ആരോപിക്കുന്നത്.
മാധവി ബുച്ചിനും ഭർത്താവ് ധവാൽ ബുച്ചിനും മൗറീഷ്യസിലും ബർമുഡയിലും ഒരു കോടി ഡോളറിലധികം നിക്ഷേപമുണ്ടെന്നാണ് ഹിൻഡൻബർഗ് കണ്ടെത്തൽ. റിപ്പോർട്ട് പുറത്തുവന്നതോടെ കേന്ദ്ര സർക്കാറിനെതിരെ പ്രതിപക്ഷ പാർട്ടികൾ രംഗത്തുവന്നു.
മുമ്പുണ്ടായിരുന്ന ആരോപണങ്ങളിൽ അദാനിയെ രക്ഷിക്കാനാണ് സെബി മേധാവിയെക്കൊണ്ട് അന്വേഷണം പ്രഖ്യാപിച്ചതെന്നും ഹിൻഡൻബർഗിൻറെ പുതിയ റിപ്പോർട്ട് പുറത്തുവരുമെന്ന സൂചനങ്ങൾക്കിടെയാണ് പാർലമെൻറ് സമ്മേളനം വേഗത്തിൽ അവസാനിപ്പിച്ചതെന്നും ആം ആദ്മി പാർട്ടി ആരോപിച്ചു. റിപ്പോർട്ട് ഞെട്ടിക്കുന്നതാണെന്ന് കോൺഗ്രസ് പ്രതികരിച്ചു. ചുമതല ഏറ്റയുടൻ സെബി മേധാവി ബുച്ചിനെ സന്ദർശിക്കാൻ അദാനി എത്തിയതിൽ അസ്വാഭാവികതയുണ്ടെന്നും കോൺഗ്രസ് ചൂണ്ടിക്കാട്ടി. സെബി മേധാവി മാധബി പുരി ബുച്ച് രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് സി.പി.എം പൊളിറ്റ് ബ്യൂറോ ആവശ്യപ്പെട്ടു. ഹിൻഡൻബർഗ് റിപ്പോർട്ടിൽ കൃത്യമായ അന്വേഷണം നടത്തണമെന്നും പി.ബി ആവശ്യപ്പെട്ടു.