ബീഹാറിലെ രാജ്ഗിറിലാണ് മനുഷ്യനിര്‍മിതമായ അദ്ഭുതഗുഹകൾ സ്ഥിതി ചെയ്യുന്നത്. ബിംബിസാരന്‍റെ അളവറ്റ നിധി ഈ ഗുഹക്കുള്ളില്‍ ഒളിപ്പിച്ചു വെച്ചിട്ടുണ്ട് എന്നാണ് വിശ്വാസം. സ്വത്തുക്കൾ മറ്റാരും കവരാതിരിക്കാനായി നിലവറകള്‍ മന്ത്രപ്പൂട്ടിട്ട് പൂട്ടി. ഇങ്ങനെയൊരു പൂട്ടോ പ്രത്യേക നിലവറകളോ ഒന്നും തന്നെ കണ്ടെത്താന്‍ നൂറ്റാണ്ടുകളായി ശ്രമം നടക്കുന്നുണ്ടെങ്കിലും ഇതുവരെ ആര്‍ക്കും സാധിച്ചിട്ടില്ല. ഗുഹയിലെ സ്വര്‍ണ്ണവും രത്നങ്ങളും കവര്‍ന്നെടുക്കാന്‍ മുഗളന്മാരും ബ്രിട്ടീഷുകാരും എല്ലാം ശ്രമിച്ചിരുന്നുവെങ്കിലും പരാജയപ്പെട്ടു.
ഗുഹകളെ കുറിച്ച് സംസാരിക്കാനും പര്യവേഷണം ചെയ്യാനും എഴുതാനും എല്ലാവർക്കും വളരെയിഷ്ടമാണ്.
ഗുഹകളെ ചുറ്റിപ്പറ്റി നിരവധി രഹസ്യങ്ങളും ഉണ്ടാകാറുള്ളത് കൊണ്ട് തന്നെ സഞ്ചാരികൾ കൂടാതെ ചരിത്രകാരന്മാരുടെയും ഗവേഷകരുടേയും ഇഷ്ട സ്ഥലം കൂടിയാണ് ഗുഹകൾ. അത്തരത്തിൽ ഇപ്പോഴും പര്യവേഷണം ചെയ്യാപ്പെടാൻ കഴിയാത്ത ഗുഹകൾ ഇന്ത്യയിൽ നിരവധിയുണ്ട്. അതിലൊന്നാണ് ബിഹാറിലെ രാജ്ഗിറിലെ സോൻ ഭണ്ഡാർ ഗുഹകൾ. വൈഭർ കുന്നുകളുടെ താഴ്‌വരയിൽ സ്ഥിതി ചെയ്യുന്ന രണ്ട് കൃത്രിമ ഗുഹകളുടെ ഒരു കൂട്ടമാണ് സോൻ ഭണ്ഡാർ. ഇത് ബിസി 3 അല്ലെങ്കിൽ 4 നൂറ്റാണ്ടുകളിൽ പണി കഴിപ്പിച്ചതാണെന്ന് കരുതപ്പെടുന്നു. എന്താണിവയുടെ പ്രത്യേകത എന്ന് ചോദിച്ചാൽ ഇവിടെ സ്വർണനിധിയുണ്ടെന്നാണ് പറയപ്പെടുന്നത്. പ്രവേശന കവാടത്തിലെ ഒരു പാറയിൽ ഗുപ്ത ഭാഷയിൽ എഴുതിയിരിക്കുന്ന ഒരു ലിഖിതമനുസരിച്ച്, ഈ ഗുഹകൾ നിർമ്മിച്ചത് ‘ജ്ഞാനി’ എന്നർത്ഥമുള്ള വൈരദേവൻ എന്ന ജൈന മുനിയാണ്, ഇത് ബിസി നാലാം നൂറ്റാണ്ടിലെ ഘടനകളാണ്.
കൂടാതെ, ഇവിടെ കണ്ടെത്തിയ വിഷ്ണുവിന്റെ ഒരു ശിൽപം ഗുഹകൾക്ക് ജൈനമതവുമായുള്ള ബന്ധം സ്ഥിരീകരിക്കുന്നു. വിവർത്തനം ചെയ്യുമ്പോൾ പാറയിലെ ലിഖിതം ഇങ്ങനെ വായിക്കപ്പെടുന്നു.
“അചാര്യന്മാരിൽ രത്‌നവും മഹത്തായ ശോഭയുമുള്ള മുനി വൈരദേവൻ സന്ന്യാസിമാർക്ക്, യോഗ്യമായതും അർഹന്മാരുടെ പ്രതിമകൾ സ്ഥാപിച്ചതുമായ രണ്ട് ഐശ്വര്യമുള്ള ഗുഹകൾ നിർമ്മിക്കാൻ കാരണമായി “.
എന്താണ് ഇവിടുത്തെ നിഗൂഡത എന്ന് ചോദിച്ചാൽ സ്വർണ്ണ ശേഖരം’ എന്നർഥമുള്ള സോൻ ഭണ്ഡാറിലെ പുരാതന ഗുഹകളിൽ സ്വർണ്ണ നിധി ഒളിഞ്ഞിരിക്കുന്നുണ്ടെന്ന് വിശ്വസിക്കപ്പെടുന്നു. ഗുഹകളുടെ ചുവരുകൾക്കുള്ളിൽ അളവില്ലാത്തത്ര സ്വർണം ഒളിപ്പിച്ചിട്ടുണ്ടെന്നാണ് ഐതിഹ്യം. ഗുഹയ്ക്കുള്ളിൽ നിധിയിലേക്ക് നയിക്കുന്ന ഒരു വഴിയുണ്ടെന്ന് പറയപ്പെടുന്നു, പക്ഷേ ആർക്കും അത് കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ലോകത്തെ തന്നെ വിലയ്ക്കുവാങ്ങാൻ കഴിയുന്നുത്ര സ്വർണ ശേഖരം ഇവിടെയുണ്ടെന്ന് പറയപ്പെടുന്നു.
സോൻഭണ്ഡാർ ഗുഹയെ ചുറ്റിപ്പറ്റിയുള്ള കഥയിങ്ങനെ. ഗുപ്തരാജാവായിരുന്ന ബിംബിസാരന്‍റെ അളവറ്റ നിധിയാണ് ഈ ഗുഹക്കുള്ളില്‍ ഒളിപ്പിച്ചു വെച്ചതെന്നാണ് കരുതപ്പെടുന്നത്. മഗധയിലെ രാജാവായിരുന്നു ബിംബിസാരന്‍. ഇദ്ദേഹം അതീവ ധനവാനായിരുന്നു. എന്നാല്‍ ബുദ്ധമതത്തില്‍ ആകൃഷ്ടനായതോടെ ബിംബിസാരന് പണത്തിലും പ്രതാപത്തിലുമൊന്നും താൽപര്യം ഇല്ലാതായി. ധാരാളം സ്വത്തുക്കള്‍ പാവപ്പെട്ടവര്‍ക്ക് ദാനം ചെയ്തു. ഇതില്‍ അസന്തുഷ്ടനായിരുന്ന മകന്‍ അജാതശത്രു, ബിംബിസാരനെതിരെ കരുനീക്കങ്ങള്‍ ആരംഭിച്ചു. പിതാവിനെതിരെ മകന്‍ നടത്തുന്ന കുത്സിത ശ്രമങ്ങള്‍ മനസ്സിലാക്കിയ ബിംബിസാരന്‍റെ ഭാര്യ സ്വത്തുക്കള്‍ സൂക്ഷിക്കുന്നതിനായി ജൈനമുനിയായിരുന്ന വൈരദേവനെ ഏല്‍പ്പിച്ചു. അദ്ദേഹമാണത്രേ സ്വത്തുക്കളെല്ലാം ഈ ഗുഹയില്‍ കൊണ്ടുവന്ന് ഒളിപ്പിച്ചത്.
മറ്റാരും ഇത് കവരാതിരിക്കാനായി സ്വത്തുക്കള്‍ ഒളിപ്പിച്ച നിലവറകള്‍ അദ്ദേഹം മന്ത്രപ്പൂട്ടിട്ട് പൂട്ടുകയും ചെയ്തു. ഇങ്ങനെയൊരു പൂട്ടോ പ്രത്യേക നിലവറകളോ ഒന്നും തന്നെ കണ്ടെത്താന്‍ നൂറ്റാണ്ടുകളായി ശ്രമം നടക്കുന്നുണ്ടെങ്കിലും ഇതുവരെ ആര്‍ക്കും സാധിച്ചിട്ടില്ല. ഗുഹയ്ക്കുള്ളില്‍ എഴുതി വെച്ചിട്ടുള്ള പുരാതനമായ ഒരു ശിലാലിഖിതം വായിക്കാന്‍ പറ്റിയാല്‍ നിധിനിക്ഷേപമുള്ള നിലവറകള്‍ താനേ തുറന്നുവരും എന്നാണു വിശ്വാസം. ശംഖ ലിപിയിലുള്ള ഈ ലിഖിതം വായിക്കാന്‍ ഗവേഷകര്‍ക്ക് പോലും ഇന്നും കഴിഞ്ഞിട്ടില്ല. ഗുഹയിലെ സ്വര്‍ണ്ണവും രത്നങ്ങളും കവര്‍ന്നെടുക്കാന്‍ മുഗൾ രാജാക്കന്മാരും ബ്രിട്ടീഷുകാരും പരമാവധി ശ്രമിച്ച് പരാജയപ്പെടുകയായിരുന്നു. പീരങ്കി ഉപയോഗിച്ച് പാറക്കല്ലുകള്‍ പൊട്ടിച്ച് നിധി കരസ്ഥമാക്കാന്‍ ബ്രിട്ടീഷുകാര്‍ ശ്രമിച്ചു. എന്നാല്‍ എത്ര ശ്രമിച്ചിട്ടും ഗുഹയ്ക്ക് ഒരു പോറല്‍ പോലും ഏല്‍പ്പിക്കാന്‍ അവരുടെ പീരങ്കിക്കായില്ല എന്നതാണ് വസ്തുത. ഇതിന്‍റെ അടയാളങ്ങള്‍ ഇന്നും ഗുഹയുടെ ചുവരില്‍ കാണാം. ഈ ഗുഹകളുമായി ബന്ധപ്പെട്ട നിഗൂഢതയുടെ ചുരുളഴിയാൻ ലോകമെമ്പാടുമുള്ള സഞ്ചാരികൾ ഇത് സന്ദർശിക്കുന്നു.