നാല് വശവും വെള്ളത്താൽ ചുറ്റപ്പെട്ട ദ്വീപുകൾ നമുക്ക് എന്നും കൗതുകമാണ്. ഇത്തരത്തിൽ നാലു വര്‍ഷങ്ങള്‍ക്കു മുന്‍പാണ് തെക്കന്‍ പസിഫിക്കില്‍ ഒന്നുമില്ലായ്മയില്‍ നിന്ന് ഒരു ദ്വീപ് മുളച്ചു പൊന്തിയത്. സാധാരണ സുനാമിയും ഭൂകമ്പവും പോലുള്ള വലിയ പ്രതിഭാസങ്ങള്‍ ഭൂമിയുടെ ഘടനയെ മാറ്റുമ്പോഴാണ് ഇത്തരത്തില്‍ പ്രദേശങ്ങള്‍ കടലിനടിയിലാകുന്നതും കടലില്‍ നിന്നു വെളിയിലേക്കെത്തുന്നതും. എന്നാല്‍ ഇത്തരത്തിലുള്ള വലിയ പ്രതിഭാസങ്ങളൊന്നും ഇല്ലാതെയാണ് ഇപ്പോള്‍ പസിഫിക്കില്‍ പുതിയ കരമേഖല മുളച്ചു പൊന്തി വന്നിരിക്കുന്നത്. ഹുംഗ ടോംഗ, ഹുംഗ ഹാപയ് എന്നീ ദ്വീപുകളുടെ ഇടയിലായാണ് പുതിയ ദ്വീപ് കടലില്‍ നിന്നുയര്‍ന്നു വന്നിരിക്കുന്നത്. കടലിനാല്‍ നാലു വശവും ചുറ്റപ്പെട്ട രീതിയിലല്ല ഈ പുതിയ ദ്വീപ് കാണപ്പെടുന്നത്. മറിച്ച് ഹുംഗ ടോംഗ, ഹുംഗ ഹാപയ് എന്ന് ദ്വീപുകളെ ബന്ധിപ്പിക്കുന്ന പാലം പോലെയാണ് ഈ കരഭാഗം ഉയര്‍ന്നു വന്നിരിക്കുന്നത്. 2014 നും 2018 നും ഇടയ്ക്കാണ് ഈ ഭൂവിഭാഗം കടലില്‍നിന്നുയര്‍ന്നത്. ഹുംഗ ടോംഗ, ഹുംഗ ഹാപയ് എന്നീ ദ്വീപുകൾക്കു നടുവിലെ അഗ്നിപർവതം പൊട്ടിയാണ് പുതിയത് ഉയർന്നു വന്നത്.
അഗ്നിപർവതത്തിലെ ചാരവും മറ്റും കുമിഞ്ഞുകൂടിയുള്ള ദ്വീപ് സാധാരണഗതിയിൽ തിരയടിയിൽപ്പെട്ട് വൈകാതെ നശിച്ചു പോവുകയാണ് പതിവ്. എന്നാൽ തുടർച്ചയായ സാറ്റലൈറ്റ് നിരീക്ഷണത്തിൽ നാസ ഒരു കാര്യം തിരിച്ചറിഞ്ഞു– ചെടികളും പക്ഷികളുമെല്ലാമായി ആ ദ്വീപിൽ ഒരു ആവാസവ്യവസ്ഥ രൂപപ്പെട്ടിരിക്കുന്നു. ആറു മുതൽ 30 വർഷം വരെ അതു കടലിൽ നിലനിൽക്കാനുള്ള സാധ്യതയും നാസ കഴിഞ്ഞ വർഷം പുറത്തിറക്കിയ റിപ്പോർട്ടിൽ വ്യക്തമാക്കി. സാറ്റലൈറ്റ് ഉപയോഗിച്ച് ഹുംഗ ടോംഗ, ഹുംഗ ഹാപയ് എന്നീ ദ്വീപുകളെ ഗവേഷകര്‍ ഏതാനും വര്‍ഷങ്ങളായി നിരീക്ഷിക്കുന്നുണ്ടായിരുന്നു. ഇതിനിടയിലാണ് അപ്രതീക്ഷിതമായി ഈ ഭൂവിഭാഗത്തിന്‍റെ ജനനത്തിനു ശാസ്ത്രലോകം സാക്ഷ്യം വഹിച്ചതും. സ്കൂള്‍ കുട്ടികളെ പോലെ തുള്ളിച്ചാടി എന്നാണ് ഈ ദ്വീപിന്‍റെ ജനനത്തിനു സാക്ഷിയായ നാസയിലെ ഗവേഷക സംഘത്തിലെ അംഗം ഡാന്‍ സ്ലേബാക് പറഞ്ഞത്.അതിനു പിന്നാലെ 2017 ഒക്ടോബറിൽ നാസയുടെ ഗോദർദ് സ്പെയ്സ് ഫ്ലൈറ്റ് സെന്ററിലെ ഒരു കൂട്ടം ഗവേഷകർ ദ്വീപിലെത്തി.
സ്ലേബാക് ഉള്‍പ്പെട്ട ഗവേഷക സംഘമാണ് ദ്വീപിൽ ആദ്യമായി കാലുകുത്തിയത്. അവരെ അവിടെ കാത്തിരുന്നത് ശരിക്കും അദ്ഭുതപ്പെടുത്തുന്ന കാഴ്ചകളായിരുന്നു. സമീപത്തുള്ള ദ്വീപുകളിലെ സസ്യങ്ങള്‍ ഇവിടേക്കു കുടിയേറി തുടങ്ങിയതായാണ് സ്ലേ ബാക്കും സംഘവും കണ്ടത് . ഇതും അദ്ഭുതകരമായ പ്രതിഭാസമാണ്. സാധാരണ ദ്വീപുകള്‍ കടലില്‍നിന്നു ഉയർന്നു വന്നാല്‍ പതിറ്റാണ്ടുകള്‍ക്കു ശേഷം മാത്രമെ അവിടേക്കു സസ്യങ്ങളും മറ്റും എത്താറുള്ളു. ഒരു പക്ഷെ സമീപത്തെ ഹുംഗ ടോംഗ ദ്വീപില്‍ നിന്ന് ഇവിടേക്കു കുടിയേറാന്‍ എളുപ്പമായാതാകും അത്ര വേഗത്തില്‍ ജീവന്‍ പുതിയ ദ്വീപിലേക്കെത്താന്‍ സഹായിച്ചതെന്നും ഗവേഷകര്‍ വിലയിരുത്തുന്നു. കടൽച്ചെടികൾ നിറഞ്ഞ ദ്വീപിൽ ഏറ്റവും അദ്ഭുതപ്പെടുത്തിയത് അവിടുത്തെ മണ്ണായിരുന്നു. പരിശോധനയിൽ അത് അഗ്നിപർവതത്തിൽ നിന്നുള്ള ചാരമല്ലെന്നു വ്യക്തമായി. പശിമയുള്ള ചെളിക്കു സമാനമായിരുന്നു ദ്വീപിലെ മണ്ണ്. ഇളംകറുപ്പ് നിറമായിരുന്നു അതിന്. പലയിടത്തും ചരൽപോലെ കറുത്ത നിറത്തിലുള്ള വസ്തുക്കളുമുണ്ടായിരുന്നു. ഭൂമിയിൽ ഇന്നേവരെ കാണാത്ത തരം മണ്ണിൽ ചെടികൾ വളരുന്നതാണു ഗവേഷകരെ ഏറെ അമ്പരപ്പിച്ചത്.
ഉയരം വർധിച്ചു വരുന്നു.
പുതിയ ഭൂവിഭാഗത്തിന്‍റെ കൂടി ജനനത്തോടെ പഴയ രണ്ട് ദ്വീപുകളുടെയും പേരുകള്‍ ചേര്‍ത്തു വച്ച് ഹംഗ തുംഗ എന്ന ഒറ്റ പേരിലാണ് ഇപ്പോള്‍ ഈ മേഖല അറിയപ്പെടുന്നത്. ഇവയ്ക്കിടയില്‍ രൂപപ്പെട്ട ഭൂവിഭാഗത്തിന്‍റെ ഉയരം വർധിക്കുന്നുണ്ടെന്നും ഗവേഷകര്‍ പറയുന്നു. കടലിനടിയില്‍ സംഭവിക്കുന്ന ഏതോ പ്രവര്‍ത്തനമാകാം ഈ പുതിയ മേഖല ഉയര്‍ന്നു വരാനും ഇപ്പോള്‍ ഉയരം കൂടാനും ഇടയാക്കിയതെന്നാണു കരുതുന്നത്. നിർജീവമെങ്കിലും ഹുംഗ ടോംഗ, ഹുംഗ ഹാപയ് ദ്വീപുകള്‍ക്കടിയിലെ അഗ്നിപര്‍വ്വതത്തില്‍ ചലനങ്ങളുണ്ടാകാന്‍ സാധ്യതയുണ്ട്. ഈ ചലനങ്ങളുടെ സമ്മര്‍ദത്തിലാകും പുതിയ കര ഉയര്‍ന്നതെന്നും ഗവേഷർ വിലയിരുത്തുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ കൂടുതല്‍പഠനത്തിനു ശേഷം മാത്രമെ ഉത്തരം കണ്ടെത്താനാകൂ എന്നും ഗവേഷകര്‍ വ്യക്തമാക്കി. ചെടികളും മറ്റും ദ്വീപിലേക്കെത്തിച്ചേര്‍ന്നതോടെ കടല്‍ പക്ഷികളും ഇപ്പോള്‍ ദ്വീപിലേക്കെത്തുന്നുണ്ട്. നൂറുകണക്കിനു കടല്‍ പക്ഷികളാണ് ദ്വീപിലെ മണ്ണില്‍ കൂടു കൂട്ടിയിരിക്കുന്നതായി ഗവേഷകര്‍ കണ്ടെത്തിയത്. കൂടുതലായും സൂറ്റി റ്റേണ്‍സ് എന്ന വിഭാഗത്തില്‍ പെട്ട പക്ഷികളാണ്.
ഒരിനം മൂങ്ങയും ദ്വീപിലെ അന്തേവാസികളായി മാറിയിട്ടുണ്ട്. ഈ പക്ഷികളുടെ കാഷ്ഠത്തിലൂടെയാണ് ദ്വീപിലേക്കു വ്യത്യസ്തമായ ചില സസ്യങ്ങൾ എത്തിച്ചേര്‍ന്നതെന്നും തിരിച്ചറിഞ്ഞിട്ടുണ്ട്. പക്ഷിക്കാഷ്ഠവും മറ്റും സമൃദ്ധമായതോടെ ചെടികൾക്കു വളരാനുള്ള വളവും ലഭിച്ചു. പുതിയ കരഭാഗം ഉയര്‍ന്നു വന്നതും വേഗത്തില്‍തന്നെ ഇവിടേക്കു ജീവന്‍റെ കണികകള്‍ എത്തിയതും ഗവേഷകരെ അദ്ഭുതപ്പെടുത്തുന്നുണ്ടെങ്കിലും ആഹ്ലാദിപ്പിക്കുന്നില്ല. കാരണം ഇങ്ങനെ അഗ്നിപര്‍വ്വതങ്ങളുടെ സമര്‍ദം മൂലം ഉയര്‍ന്നു വന്ന കരഭാഗങ്ങള്‍ എത്ര നാള്‍ ഇതേ രൂപത്തില്‍ തുടരുമെന്നു തീര്‍ച്ചയില്ല. നിലവില്‍ കരമേഖലയുടെ ഉയരം കൂടാനിടയാക്കിയ അതേ പ്രവര്‍ത്തനങ്ങള്‍ തന്നെ അവയെ കടലിലേക്കു വീണ്ടും താഴ്ത്താനും കാരണമായേക്കാം. അതുകൊണ്ട് തന്നെ മാസങ്ങളുടെ ആയുസ്സേ ഇത്തരത്തിലുള്ള ദ്വീപുകള്‍ക്കു പലപ്പോഴും ഉണ്ടാകാറുള്ളു. എങ്കിലും ഇത്തരമൊരു ദ്വീപിന്‍റെ ജനനത്തിനും അതിലേക്കു വേഗത്തില്‍ തന്നെ ചെടികളെത്തിയതും സാക്ഷ്യം വഹിക്കാനിടയായതില്‍ ഗവേഷകര്‍ സന്തുഷ്ടരാണ്, കാരണം ഭൂമിയിലെ ജീവന്‍റെ ഉദ്ഭവം ഉള്‍പ്പടെയുള്ള വിഷയങ്ങളിലെ പഠനത്തില്‍ ഇത്തരം ചെറു ദ്വീപുകളും അവിടുത്തെ ജീവനുകളും വഹിക്കുന്ന പങ്കു ചെറുതല്ല.
STORY HIGHLLIGHTS : pop-up-island-born-out-of-a-volcano-in-the-ocean-is-now-thriving-with-life