ഇന്ത്യയിൽ ഒട്ടനേകം സുബ്രമണ്യ ക്ഷേത്രങ്ങൾ സ്ഥിതി ചെയ്യുന്നുണ്ട്. അതിൽ അതിപുരാധനമായ ഒരു ക്ഷേത്രമാണ് സൗത്ത് ഇന്ത്യയിൽ സ്ഥിതി ചെയ്യുന്ന വെളിയം സുബ്രമണ്യ ക്ഷേത്രം. ഹൈന്ദവവിശ്വാസപ്രകാരം പരമശിവന്റെയും പാർവതിദേവിയുടെയും പുത്രനാണ് സുബ്രഹ്മണ്യൻ. കാർത്തികേയൻ, മുരുകൻ, കുമാരൻ, സ്കന്ദൻ, ഷണ്മുഖൻ, വേലായുധൻ, ആണ്ടവൻ, ശരവണൻ എന്നീ പേരുകളിലെല്ലാം തന്നെ സുബ്രഹ്മണ്യ സ്വാമി അറിയപ്പെടാറുണ്ട്. കൗമാര മതത്തിലെ പ്രധാന ദൈവമായ സുബ്രമണ്യൻ പ്രാചീന സിദ്ധ വൈദ്യന്മാരുടെ ആരാധനാ മൂർത്തിയാണെന്നും കരുതപ്പെടുന്നു. ‘സ്കന്ദബോധിസത്വൻ’ എന്ന പേരിൽ ബൗദ്ധർ മുരുകനെ ആരാധിക്കാറുണ്ട്. തമിഴ് കടവുൾ (തമിഴരുടെ ദൈവം) എന്ന വിശേഷണവും മുരുകനുണ്ട്. വിശ്വാസികൾ പരബ്രഹ്മ സ്വരൂപനായ മുരുകനെ അറിവിന്റെ മൂർത്തി എന്ന അർത്ഥത്തിൽ “ജ്ഞാനപ്പഴം” എന്ന് വിശേഷിപ്പിക്കുന്നു. ജ്യോതിഷം രചിച്ചത് സുബ്രമണ്യനാണെന്നും ഹൈന്ദവർക്കിടയിൽ പ്രചാരത്തിലുണ്ട്. . മയിലാണ് സുബ്രമണ്യന്റെ വാഹനമെന്ന് വിശ്വസിച്ചു പോരുന്നു. തമിഴ് ജനത വസിക്കുന്ന ലോകത്തിന്റെ വിവിധ കോണുകളിലെല്ലാം മുരുക ക്ഷേത്രങ്ങൾ കാണാൻ സാധിക്കും. പഴനി ദണ്ഡായുധപാണി ക്ഷേത്രമാണ് ഇക്കൂട്ടത്തിൽ ഏറ്റവും പ്രസിദ്ധം. ദക്ഷിണേന്ത്യ കൂടാതെ ഇന്ത്യയുടെ മറ്റുഭാഗങ്ങളിലും ശിവകുടുംബത്തോടൊപ്പം മുരുകനെ ആരാധിച്ചു പോരുന്നു.
സ്കന്ദപുരാണ പ്രകാരം സുബ്രഹ്മണ്യൻ സർവേശ്വരനായ ഭഗവാനാണ്. ശൂക്രാചാര്യരുടെ ശിഷ്യയായ മായ എന്ന അസുരസ്ത്രീക്ക് കശ്യപമഹർഷിയിൽ ജനിച്ച ശൂരപദ്മൻ, താരകാസുരൻ, സിംഹവക്ത്രൻ എന്നീ അസുരന്മാരെ വധിക്കാനാണ് സുബ്രഹ്മണ്യൻ അവതരിച്ചത് എന്നാണ് വിശ്വാസം. ശിവപുത്രനു മാത്രമെ തങ്ങളെ വധിക്കാനാകാവൂ എന്ന് വരം നേടിയ ഇവർ ത്രിലോകങ്ങളെല്ലാം അടക്കിഭരിച്ചു. ഇവരുടെ അഹങ്കാരം ശമിപ്പിക്കാൻ കൂടി വേണ്ടിയാണ് ദേവന്മാരുടെ അഭ്യർഥന പ്രകാരം ശിവൻ പാർവതിയെ വിവാഹം ചെയ്തു. എന്നാൽ വളരെ കാലമായിട്ടും ശിവപുത്രൻ അവതരിച്ചില്ല. തുടർന്നു ഭഗവാൻ പഞ്ചമുഖരൂപം കൈക്കൊള്ളുകയും ഭഗവാന്റെ അഞ്ചു മുഖങളിൽ നിന്നും അഞ്ചു ദിവ്യജ്യോതിസ്സുകളും പർവതീദേവ്വീയുടെ മുഖത്ത് നിന്നും ഒരു ദിവ്യജ്യോതിസ്സും വരികയും ചെയ്തു. ആ ദിവ്യജ്യോതിസ്സുകളെ അഗ്നിദേവനും, വായൂദേവനും ചേർന്ന് ഗംഗയിൽ നിക്ഷേപിക്കുകയും ചെയ്തു. ഗംഗ ശരവണ പൊയ്കയിൽ എത്തിച്ച ആ ദിവ്യജ്യോതിസ്സുകളിൽ നിന്നും ആറു മുഖങ്ങളോടെ സുബ്രഹ്മണ്യൻ അവതരിക്കുകയും ചെയ്തു. വിഷ്ണുവിന്റെ നിർദ്ദേശപ്രകാരം കാർത്തിക നക്ഷത്രത്തിന്റെ അധിദേവതമാരയ ആറു ദേവിമാർ സുബ്രഹ്മണ്യനെ മുല കൊടുത്ത് വളർത്തുകയും ചെയ്തു. അതിനാൽ കാർത്തികേയൻ എന്ന് പേര് ലഭിച്ചു. പിന്നീട് ദേവസേനാപതിയായ് അഭിഷേകം ചെയ്യപ്പെട്ട സുബ്രഹ്മണ്യൻ ശൂരപദ്മൻ, താരകാസുരൻ, സിംഹവക്തൻ എന്നീ അസുരന്മാരുമായി യുദ്ധത്തിൽ ഏർപ്പെടുകയും അവരെ വധിക്കുകയും ചെയ്തു. ദേവസേന, വള്ളി എന്നിവരാണ് പത്നിമാർ.
ദേവസേന ഷഷ്ടി, മനസാദേവി എന്നി പേരുകളിലും അറിയപ്പെടുന്നു. സുബ്രമണ്യ സ്വാമി ഭൂമിയിൽ അവതരിച്ച ദിവസമാണ് കുമാര ഷഷ്ഠിയായി ആചരിക്കുന്നത്. ഈ ദിവസം സവിശേഷമായ ഗുഹ പഞ്ചരത്‌ന സ്തോത്രം ജപിക്കുന്നത് ഏറെ ഫലപ്രദമാണ്. കലിയുഗ ദോഷശാന്തി കൈവരുത്താൻ കുമാര സ്വാമി കനിയുമെന്നാണ് വിശ്വാസം. തന്‍റെ ആരാധകരുടെ ജന്മജന്മാന്തരമായുള്ള സകല പാപങ്ങളും സംഹരിച്ച് അവര്‍ക്ക് അഷ്ഠ ഐശ്വര്യങ്ങളും പ്രധാനം ചെയ്യുന്ന ഭക്ത ലോക പരിപാലകനാണ് ശ്രീമുരുകൻ. കേരളത്തിൽ സുബ്രമണ്യന്റെ പ്രശസ്തമായ ക്ഷേത്രമാണ് വെളിയം ശ്രീ സുബ്രമണ്യ ക്ഷേത്രം. കൊട്ടാരക്കരയിൽ നിന്ന് 13 കിലോമീറ്റർ അകലെയാണ് വെളിയം ശ്രീമുരുകൻ ക്ഷേത്രം. ഈ ക്ഷേത്രത്തിന്റെ ചുവരുകളിൽ ദേവന്മാരുടെയും ദേവിമാരുടെയും ശിൽപങ്ങൾ കൊത്തി വച്ചിട്ടുണ്ട്. ഇവിടുത്തെ പ്രധാന ഉത്സവം തൈപ്പൂയമാണ്. അന്ന് റോഡ് മുഴുവൻ കുരുത്തോലയും കരിക്കും കൊണ്ട് വർണാഭമായി അലങ്കരിക്കും. ക്ഷേത്രത്തിൽ ദിവസേനെ അഭിഷേക സമയത്ത് എവിടെ നിന്നോ ഒരു മയിൽ വന്നെത്താറുണ്ട്. മുരുകന്റെ വാഹനമാണല്ലോ മയിൽ, ആയതിനാൽ തന്നെ ഭക്തജനങ്ങൾ അഭിഷേക സമയത്ത് വന്നെത്തുന്ന മയിലിന്റെ സാനിധ്യം അത്ഭുതമായി കാണുന്നു.