എല്ലും കപ്പയും എന്ന് കേട്ടാൽ ആർക്കാണ് നാവിൽ വെള്ളമൂറാത്തത്.. വിറകടുപ്പിൽ വെച്ചാൽ ഇതിനെ കൂടുതൽ രുചി ആയിരിക്കും.. റെസിപ്പി നോക്കിയാലോ
ചേരുവകൾ
- പോത്തിറച്ചിയുടെ നെഞ്ച് ഭാഗം – രണ്ടു കിലോ
- കപ്പ – രണ്ടു കിലോ
- സവാള – 5 എണ്ണം
- ചെറിയുള്ളി – ഒരു കപ്പ്
- തക്കാളി – 4 എണ്ണം
- ഇഞ്ചി – ഒരു ടേബിൾ സ്പൂൺ
- വെളുത്തുള്ളി– 3 കുടം
- കറിവേപ്പില – കുറച്ച്
- സർവസുഗന്ധി – 3 (ആവശ്യമെങ്കിൽ)
- മഞ്ഞൾപൊടി – ഒരു ടീസ്പൂൺ
- മല്ലിപ്പൊടി – രണ്ടു ടേബിൾസ്പൂൺ
- കുരുമുളകു പൊടി – ഒരു ടേബിൾ സ്പൂൺ
- പെരുംജീരകം – ഒരു ടീസ്പൂൺ
- ഉലുവ– അര ടീസ്പൂൺ
- തേങ്ങ കഷണങ്ങളാക്കിയത് – ഒരു തേങ്ങ
- കല്ലുപ്പ് – രുചിക്കു വേണ്ടി
തയാറാക്കുന്ന വിധം
എല്ലാ ചേരുവകളും ഇറച്ചിയിൽ ചേർത്തു യോജിപ്പിച്ച് ഒരു മണിക്കൂർ മാറ്റി വക്കുക. ഒരു വലിയ ഉരുളിയിൽ വിറകടുപ്പിൽ പാകം ചെയ്യുന്നതാണ് കൂടുതൽ രുചികരം. അതിന് സൗകര്യമില്ലാത്തവർക്ക് കുക്കറിൽ അഞ്ച് വിസിൽ വക്കാം. ഇറച്ചി നല്ല ചൂടിൽ വെന്ത് നീര് ഇറങ്ങിവരുന്ന സമയത്ത് ആവശ്യത്തിന് വെള്ളം ചേർത്തു കൊടുക്കുക. ഇറച്ചിക്ക് നല്ല നിറവും രുചിയും കിട്ടാൻ അഞ്ചു സ്പൂൺ കശ്മീരി മുളകു പൊടി ഒരു പാനിൽ വെളിച്ചെണ്ണയൊഴിച്ച് വഴറ്റിയെടുക്കണം. ഇറച്ചി നന്നായി വെന്ത് അതിന്റെ ചാറ് വറ്റിവരുന്ന സമയത്ത് വെളിച്ചെണ്ണയിൽ വഴറ്റിയ മുളകുപൊടി ചേർത്ത് ഇളക്കണം.
ഒരു സ്പൂൺ ഗരംമസാല പൊടിയും ചേർത്തു കൊടുക്കണം. ഇറച്ചി ചെറിയ ചൂടിൽ വെന്ത് ചാറ് കുറുകി വരുന്ന നേരം ഒരു മൺകലത്തിൽ വെള്ളം തിളപ്പിച്ച് കല്ലുപ്പും മഞ്ഞളും ചേർത്ത് കപ്പ വേവിച്ചെടുക്കണം. ഇറച്ചിക്കറിയുടെ ചാറ് വറ്റി നെയ്യും എണ്ണയും തെളിഞ്ഞു വരുന്ന നേരത്ത്, കപ്പ മുക്കാൽ വേവിൽ വെള്ളമൂറ്റി വക്കണം. ഇറച്ചിക്കറിയിലേക്കു വെള്ളം വാർന്ന് വെന്തുടഞ്ഞ കപ്പ ചേർത്ത് തീ കെടുത്തി പത്തു മിനിറ്റ് അടച്ച് വക്കുക. വെന്ത കപ്പ എല്ലിറച്ചിലേക്ക് ഇളക്കി ചേർക്കുക. ചെറിയ ചൂടിൽ എല്ലും കപ്പയും വിളമ്പാൻ നേരം മല്ലിയില അരിഞ്ഞതും ചെറുതായി അരിഞ്ഞ സവാളയും പച്ചമുളകും മുകളിൽ വിതറുക.
content highlight: ellum-kappayum