ന്യൂഡൽഹി: അദാനിയുടെ ഷെൽ കമ്പനികളിൽ നിക്ഷേപമുണ്ടെന്ന ഹിൻഡൻബെർഗ് റിപ്പോർട്ടിനെ തുടർന്ന് പ്രതിരോധത്തിലായ സെബി മേധാവി മാധബി പുരി ബുച്ച് രാജിവെക്കാത്തത് എന്തുകൊണ്ടെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. പ്രധാനമന്ത്രി പാർലമെന്ററി സമിതി അന്വേഷണത്തെ ഭയപ്പെട്ടത് എന്തുകൊണ്ടെന്ന് ഇപ്പോള്‍ വ്യക്തമായെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. നിക്ഷേപകരുടെ സമ്പാദ്യം നഷ്ടമായാൽ ആരാണ് ഉത്തരവാദി എന്നും രാഹുൽ ചോദിച്ചു.
‘നിങ്ങള്‍ ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരം കാണുകയാണെന്ന് സങ്കല്‍പ്പിക്കുക. മത്സരം കാണുന്നതും കളിക്കുന്നതുമായ ഓരോരുത്തര്‍ക്കും അറിയാം അമ്പയര്‍ പക്ഷപാതിയാണെന്ന്. ആ മത്സരത്തിന് എന്ത് സംഭവിക്കും? മത്സരഫലത്തിന് എന്ത് സംഭവിക്കും? മത്സരത്തില്‍ പങ്കെടുക്കുന്ന ഒരാളെന്ന നിലയില്‍ നിങ്ങള്‍ക്ക് എന്ത് തോന്നും? ഇതുതന്നെയാണ് ഇന്ത്യന്‍ ഓഹരിവിപണിയില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്’, രാഹുല്‍ ഗാന്ധി പറഞ്ഞു.
‘കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി വലിയതോതിലുള്ള ആളുകളാണ് ഇന്ത്യന്‍ ഓഹരിവിപണിയില്‍ നിക്ഷേപിച്ചുകൊണ്ടിരിക്കുന്നത്. അവര്‍ കഠിനാധ്വാനത്തിലൂടെ സത്യസന്ധമായി സമ്പാദിച്ച പണമാണ് നിക്ഷേപിക്കുന്നത്. ഇന്ത്യന്‍ ഓഹരി വിപണിയില്‍ വലിയ അപകടസാധ്യതയുണ്ട് എന്ന് നിങ്ങളുടെ ശ്രദ്ധയില്‍പെടുത്തുന്നത് പ്രതിപക്ഷ നേതാവ് എന്ന നിലയില്‍ എന്റെ കടമയാണ്. ഓഹരിവിപണിയെ നിയന്ത്രിക്കുന്ന സ്ഥാപനം പക്ഷപാതപരമായി പ്രവര്‍ത്തിക്കുന്നു എന്നതിനാലാണ് അത്’, രാഹുല്‍ തുടര്‍ന്നു.
പുതിയ സാഹചര്യത്തിൽ വിഷയം സുപ്രീംകോടതി സ്വമേധയാ പരിശോധിക്കുമോ എന്നും രാഹുൽ തന്റെ വീഡിയോ സന്ദേശത്തിലൂടെ ചോദിച്ചു.
അദാനിയെ നരേന്ദ്ര മോദിയുടെ രാജ്യത്തെ സംവിധാനങ്ങളും വഴിവിട്ട് സഹായിക്കുന്നു എന്ന പ്രചാരണം ശക്തമാക്കാൻ രാഹുൽ ഗാന്ധിക്ക് റിപ്പോർട്ട് ഹിൻഡൻബെർഗ് ആയുധമാകുകയാണ്. ഹിൻഡൻബർഗ് റിപ്പോർട്ടിൻറെ പശ്ചാത്തലത്തിൽ അദാനിക്കെതിരെയടക്കം ജോയിൻറ് പാർലമെൻററി സമിതി (ജെ പി സി) അന്വേഷണം എന്ന ആവശ്യം കോൺഗ്രസും പ്രതിപക്ഷവും ശക്തമാക്കിയിരുന്നു. തൻറെ ഭർത്താവിന് പങ്കാളിത്തമുള്ള മറ്റൊരു കമ്പനിയെ വഴിവിട്ട് സഹായിച്ചു എന്ന തെളിവും ഹിൻഡൻബർഗ് നൽകുന്ന സാഹചര്യത്തിൽ മാധബി ബുച്ചിനെ പുറത്താക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു.
എന്നാൽ നിക്ഷേപങ്ങളുടെ എല്ലാ വിവരവും സെബിയെ താൻ അറിയിച്ചതാണെന്നും കാരണം കാണിക്കൽ നോട്ടീസ് നൽകിയതിന് ഹിൻഡൻബർഗ് വ്യക്തിഹത്യ നടത്തുകയാണെന്നുമായിരുന്നു മാധബി ബുച്ചിൻറെ പ്രതികരണം.