ഇന്ത്യയിൽ സംസ്കൃതം മാത്രം സംസാരിക്കുന്നൊരു ഗ്രാമമുണ്ട്. കർണാടകയിലെ താങ്ക നദിയുടെ കരയിൽ സ്ഥിതി ചെയ്യുന്ന മട്ടൂർ ഗ്രാമമാണ് ഇത്. ഇവിടെ തൂണുകൾ പോലും സംസ്കൃതം സംസാരിക്കുന്നുവെന്നാണ് വയ്പ്പ്. കൊച്ചു കുട്ടികളടക്കം സംസ്കൃതത്തിൽ സംസാരിച്ച് ലോകത്തെ അത്ഭുതപ്പെടുത്തുകയാണ് ഇവിടെ. ദിനംപ്രതിയുള്ള സംഭാഷണത്തിനായി ഗ്രാമീണർ ഉപയോഗിക്കുന്നത് സംസ്കൃതം മാത്രമാണ്. ഇന്ത്യയിലെ വേദിക് ഗ്രാമമെന്നാണ് താങ്ക ഗ്രാമം അറിയപ്പെടുന്നത്. ഇവിടെ സൗജന്യമായി സംസ്കൃതം പഠിപ്പിക്കുമെന്ന പ്രത്യേകതയുമുണ്ട്.
വിവിധ ഭാഷകൾ കൊണ് സമ്പന്നമായ രാജ്യമാണ് ഇന്ത്യ. ലോകത്തിനു മുന്നിൽ ഭാഷയുടെ കാര്യത്തിലും ഇന്ത്യ വേറിട്ടു നിൽക്കുന്നു. ഇന്ത്യയുടെ 22 ഔദ്യോഗിക ഭാഷകളിലൊന്നായ സംസ്കൃതം ലോകത്തിലെ തന്നെ പ്രാചീന ഭാഷകളിൽ ഒന്നാണ്. ഏഷ്യയിലെ നിരവധി ഭാഷകൾ ഉരുത്തിരിഞ്ഞിരിക്കുന്നത് സംസ്കൃതത്തിൽ നിന്നാണ്. ഈ ഭാഷ ഹിന്ദുമതത്തിലെ പല ആചാരങ്ങൾക്കും പരിപാടികൾക്കും ഗീതത്തിന്റേയും മന്ത്രത്തിന്റേയും രൂപത്തിൽ ഉപയോഗിച്ചു വരുന്നു. എന്നാലിന്ന് സംസ്കൃതം സംസാരിക്കുന്നത് ഒരു ചെറിയ ജന വിഭാഗം മാത്രമാണ്. സംസ്കൃതം ഏതുകാലത്താണ് പുഷ്ടിപ്പെട്ടതെന്നതിനെപ്പറ്റി പണ്ഡിതർക്കിടയിൽ അഭിപ്രായവ്യത്യാസമുണ്ട്. അയ്യായിരത്തോളം വർഷങ്ങൾക്കു മുൻപേ ജനങ്ങൾക്കിടയിൽ നിലനിന്നിരുന്ന ഭാഷയായിരുന്നു സംസ്കൃതം എന്നു വേണം കരുതാൻ. സംസ്കൃതത്തിന് ഇന്ന് പ്രചാരം കുറവാണെന്ന് തന്നെ നമുക്ക് പറയേണ്ടി വരും. എന്നാൽ വേദങ്ങളിലേക്കും മന്ത്രങ്ങളിലേക്കും മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുന്ന സംസ്കൃതം നിത്യജീവിതത്തിലെ സംഭാഷണത്തിനായി ഉപയോഗിക്കുന്ന ഒരു ഗ്രാമമുണ്ട് ഇന്ത്യയിൽ.
കർണാടകയിലാണ് ഈ ഗ്രാമം സ്ഥിതി ചെയ്യുന്നത്. കർണാടകയിലെ താങ്ക നദിക്കരയിൽ സ്ഥിതി ചെയ്യുന്ന മട്ടൂർ എന്ന കൊച്ചു ഗ്രാമത്തിലാണ് ചെറിയ കുട്ടികളടക്കം സംസ്കൃതത്തിൽ മാത്രം സംസാരിക്കുന്നത്. ഈ ഗ്രാമത്തിലെ എല്ലാ നിവാസികളും സംസ്കൃതം മാത്രമാണ് സംസാരിക്കുന്നത്. വലിയ കുട്ടികളും ചെറിയ കുട്ടികളുമെല്ലാം ഇവിടെ ഒഴുക്കോടെ സംസ്കൃതം സംസാരിച്ചു വരുന്നു. ഇവരുടെ വേഷ വിധാനത്തിൽ പോലും പ്രത്യേകതയുണ്ട്. ഇവിടെ കുട്ടികളും മുതിർന്നവരും ധോത്തിയും ശിഖറുമാണ് ധരിക്കുന്നത്. ഈ ഗ്രാമത്തിൽ നിന്നു മാത്രം സംസ്കൃതത്തിൽ പ്രാഗത്ഭ്യം നേടിയ മുപ്പതോളം പ്രഫസേർസ് കർണാഡകയിലുണ്ട്. നിരവധി നഗരങ്ങളിൽ നിന്ന് സംസ്കൃതം പഠിക്കാനായി ഇവിടെ വിദ്യാർത്ഥികൾ എത്തിച്ചേരുന്നു. അവർക്ക് സൗജന്യമായി സംസ്കൃത വിദ്യാഭ്യാസം നൽകുക കൂടി ചെയ്യുന്നുണ്ട് ഇവിടം. ഇവിടുത്തെ ഗുരു പറയുന്നത് ഇങ്ങനെയാണ്, 20 ദിവസം കൊണ്ട് ഞങ്ങൾ നിങ്ങളെ മുഴുവൻ സംസ്കൃതവും പഠിപ്പിക്കാം. അതിനായി 20 ദിവസം പൂർണമായും നിങ്ങളിവിടെ നിൽക്കണം. ഈ ഗ്രാമത്തിൽ താമസിക്കാൻ ഹോട്ടലോ ഗസ്റ്റ് ഹൗസുകളോ ഇല്ല. പഴയ ഗുരുകുല സംബ്രദായം പോലെയാണ് പഠനം.
ഗുരുവിന്റെ വീട്ടിൽ താമസിച്ചാണ് സംസ്കൃതം പഠിക്കുക. ഈ ഗ്രാമത്തിന് കേരളവുമായി ചെറിയൊരു ബന്ധമുണ്ട്. കേരളത്തിൽ നിന്ന് 600 വർഷങ്ങൾക്കു മുമ്പ് പാലായനം ചെയ്തെത്തിയ ബ്രാഹ്മണ സമൂഹത്തിന്റെ പിൻമുറക്കാരാണ് ഇന്ന് ഇവിടെയുള്ളത് എന്നതാണ് പ്രത്യേകത. ഷിമോഗ ജില്ലയിൽ സ്ഥിതി ചെയ്യുന്ന ഈ ഗ്രാമത്തിനു നടുവിൽ ചതുരാകൃതിയിൽ പണി കഴിപ്പിച്ച ഒരു ക്ഷേത്രവുമുണ്ട്. മട്ടൂർ ഗ്രാമത്തിൽ പരമ്പരാഗത ശൈലിയിലുള്ള ഒരു വിദ്യാലയവും ശ്രദ്ധേയമാണ്. പത്ത് വയസ് പൂർത്തിയാകുമ്പോൾ തന്നെ വിദ്യാർത്ഥികളെ സംസ്കൃതം പഠിപ്പിച്ചു തുടങ്ങുന്നു. ഈ പ്രായത്തിൽ തന്നെ അവർ വേദങ്ങളും പഠിക്കും. കാർഷിക വൃത്തി ചെയ്ത് ജീവിക്കുന്നവരാണ് ഇവിടത്തെ ഗ്രാമീണർ. ഇവിടത്തെ ചുവരെഴുത്തുകൾ പോലും സംസ്കൃതത്തിലാണെന്ന് കാണാൻ സാധിക്കും. മട്ടൂരിൽ നടന്ന ഒരു സംസ്കൃത ശിബിരമാണ് ഈ നാടിനെ സംസ്കൃത ഗ്രാമമാക്കി മാറ്റിയതെന്ന് പറയപ്പെടുന്നു. അന്ന് പ്രഭാഷണത്തിനെത്തിയ വിശ്വേശ്വര തീർത്ഥ സ്വാമികൾ ഗ്രാമത്തെ അനുഗ്രഹിച്ചു പറഞ്ഞു ‘ ഇനിമേൽ ഇത് സംസ്കൃത ഗ്രാമമായിരിക്കട്ടെ ‘. പിന്നീട് യുദ്ധകാലാടിസ്ഥാനത്തിലായിരുന്നു സംസ്കൃത പ്രചരണം. സംഭാഷണശിബിരങ്ങളുടെ പരമ്പരകൾ സംഘടിപ്പിച്ചു. ഗ്രാമീണരെ മുഴുവൻ സംസ്കൃതം സംസാരിക്കാൻ പ്രാപ്തരാക്കുകയായിരുന്നു ലക്ഷ്യം. വൈകാതെ നാട്ടിലെങ്ങും ദേവഭാഷ കേട്ടു തുടങ്ങി. ഇന്ത്യയുടെ വേദിക് ഗ്രാമമെന്നാണ് മട്ടൂർ അറിയപ്പെടുന്നത്. സംസ്കൃതം പഠിക്കാനാഗ്രഹിക്കുന്നവരാണ് നിങ്ങളെങ്കിൽ തീർച്ചയായും നിങ്ങളീ ഗ്രാമം ഒരിക്കലെങ്കിലും സന്ദർശിക്കണം.
STORY HIGHLIGHTS; KARNNADAKA MATTOOR VILLAGE