പാരീസ്: പാരീസ് ഒളിമ്പിക്സിലെ മത്സരങ്ങള്‍ അവസാനിച്ചു. മെഡല്‍ പട്ടികയില്‍ അമേരിക്കയാണ് ഒന്നാം സ്ഥാനത്ത്. 40 സ്വര്‍ണവും 44 വെള്ളിയും 42 വെങ്കലവും അടക്കം 126 മെഡലുകളാണ് അമേരിക്ക നേടിയത്. ഇതോടെ മെഡല്‍ നേട്ടം 100 കടത്തിയ ഏകരാജ്യമായി അമേരിക്ക മാറി.
91 മെഡലുകള്‍ നേടിയ ചൈനയാണ് രണ്ടാം സ്ഥാനത്ത്. 40 സ്വര്‍ണവും 27 വെള്ളിയും 24 വെങ്കലുമാണ് ചൈന സ്വന്തമാക്കിയത്. 20 സ്വര്‍ണമെഡലടക്കം 45 മെഡലുകള്‍ നേടിയ ജപ്പാനാണ് മൂന്നാം സ്ഥാനത്ത്. 12 വെള്ളിയും 13 വെങ്കലവും ജപ്പാന് സ്വന്തമാക്കി. 18 സ്വര്‍ണമടക്കം 53 മെഡലുകള്‍ കരസ്ഥമാക്കിയ ഓസ്ട്രേലിയ നാലാമതും 16 സ്വര്‍ണമടക്കം 63 മെഡലുകള്‍ നേടിയ ഫ്രാന്‍സ് അഞ്ചാം സ്ഥാനത്തുമുണ്ട്.
ഒരു വെള്ളിയും അഞ്ച് വെങ്കലവും അടക്കം ആറ് മെഡലുകള്‍ നേടിയ ഇന്ത്യ 71-ാം സ്ഥാനത്താണ്. ഒരു സ്വര്‍ണം മാത്രം നേടിയ പാകിസ്താന് 62-ാമതായാണ് ഫിനിഷ് ചെയ്തത്.
2020ലെ ടോക്യോ ഒളിമ്പിക്സിൽ 39 സ്വർണവും 41 വെള്ളിയും 33 വെങ്കലവുമടക്കം 113 മെഡലുമായി അമേരിക്ക തന്നെയായിരുന്നു ഒന്നാമത്. 38 സ്വർണവും 32 വെള്ളിയും 19 വെങ്കലവുമടക്കം 89 മെഡലുമായി തൊട്ടുപിന്നിൽ ചൈനയും നിലയുറപ്പിച്ചു. 27 സ്വർണമടക്കം 58 മെഡലുമായി ജപ്പാനായിരുന്നു മൂന്നാമത്.
ഇന്ന് രാത്രി ഇന്ത്യൻ സമയം 12.30 മുതൽ പ്രശസ്തമായ സ്റ്റേഡ് ഡി ഫ്രാൻസിലാണ് ഒളിമ്പിക്സ് സമാപന പരിപാടികൾ. ഒളിമ്പിക്സിൽ പങ്കെടുത്ത മുഴുവൻ രാജ്യങ്ങളിലെയും താരങ്ങൾ സ്റ്റേഡിയത്തിൽ അണിനിരക്കും. ഇതിഹാസ ഹോക്കി ഗോൾകീപ്പർ പി.ആർ. ശ്രീജേഷും ഷൂട്ടിങ്ങിൽ ഇരട്ട വെങ്കലം നേടിയ മനു ഭാകറുമാണ് ഇന്ത്യൻ പതാകയേന്തുക. ജൂലൈ 26നാണ് പാരിസ് ഒളിമ്പിക്സിന് ഔദ്യോഗികമായി തുടക്കമായത്. 206 രാജ്യങ്ങളിൽ നിന്നായി 10,714 താരങ്ങൾ മത്സരിക്കാനിറങ്ങി. 117 താരങ്ങളുമായാണ് ഇന്ത്യയെത്തിയത്. രണ്ട് മണിക്കൂറിലധികം നീളുന്ന ഇന്നത്തെ സമാപന പരിപാടിയിൽ ഒളിമ്പിക് പതാക അടുത്ത ഒളിമ്പിക്സിന് വേദിയാകുന്ന ലോസ് ആഞ്ജലസ് ഗെയിംസ് സംഘാടകർക്ക് കൈമാറും.