മലപ്പുറം: ചാലിയാർ പുഴയിൽ ഇന്ന് നടത്തിയ തിരച്ചിലിൽ ഒരു മൃതദേഹം കണ്ടെത്തി. നിലമ്പൂർ ചക്കുറ്റി കടവിന് സമീപത്തു നിന്നാണ് സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം നിലമ്പൂർ ജില്ല ആശുപത്രിയിൽ എത്തിച്ചു.
അട്ടമലയിൽ നിന്ന് തിരച്ചിലിനിടെ ലഭിച്ച അസ്ഥികൂടം പോസ്റ്റ്മോർട്ടത്തിന് അയക്കും. ഇതിനു ശേഷമേ അസ്ഥികൂടം മനുഷ്യന്റേതാണോ എന്ന കാര്യത്തിൽ വ്യക്തത വരുകയുള്ളു.
അതേസമയം ഉരുൾപൊട്ടൽ ദുരന്തമുണ്ടായ വിലങ്ങാട് ഉൾപ്പടെയുള്ള പ്രദേശങ്ങളിൽ ശാസ്ത്രീയ പരിശോധന നടത്തുന്നതിനായി വിദഗ്ധ സംഘം നാളെ എത്തും. വിലങ്ങാട് ഉണ്ടായ ഉരുൾപൊട്ടലിന് നൂറിൽ അധികം പ്രഭവ കേന്ദ്രങ്ങളുണ്ടെന്ന് കണ്ടെത്തിയിരുന്നു.
ദുരന്തത്തെക്കുറിച്ച് സമഗ്രമായി പഠിക്കാൻ നാലംഗ വിദഗ്ധസംഘമാണ് വിലങ്ങാട് എത്തുക. ജിയോളജിസ്റ്റ്, ഹൈഡ്രോളജിസ്റ്റ്, സോയിൽ കൺസർവേഷനിസ്റ്റ്, ഹസാർഡ് അനലിസ്റ്റ് എന്നിവരടങ്ങുന്ന സംഘമാണ് എത്തുന്നത്. ഉരുൾ പൊട്ടൽ സാധ്യതാ മേഖലകളും സംഘം കണ്ടെത്തും.
ഡ്രോൺ ഉപയോഗിച്ചുള്ള പ്രാഥമിക പരിശോധനയിൽ വിലങ്ങാട് നൂറിലധികം പ്രഭവ കേന്ദ്രങ്ങൾ കണ്ടെത്തിയിരുന്നു. അടിച്ചിപ്പാറ, മഞ്ഞച്ചീളി, മഞ്ഞക്കുന്ന്, പാനോം ഭാഗങ്ങളിലാണ് സർവേ പൂർത്തിയായത്. ബാക്കി സ്ഥലങ്ങളിൽ സർവേ നാളെയും തുടരും.
സർവേയുടെ വിശദമായ റിപ്പോര്‍ട്ട് ലഭിച്ച ശേഷമാകും ഈ പ്രദേശങ്ങളിൽ തുടര്‍ താമസം സാധ്യമാവുമോയെന്ന കാര്യത്തില്‍ തീരുമാനമെടുക്കുക. സർവേയിൽ നിന്ന് ലഭിച്ച വിവരങ്ങൾ മന്ത്രി പി.എ.മുഹമ്മദ് റിയാസിന്റെ അധ്യക്ഷതയിൽ ചേർന്ന അവലോകന യോഗം വിലയിരുത്തി.