ന്യൂഡൽഹി: നാഷണല്‍ ഹെറാള്‍ഡ് കേസില്‍ തുടർ ചോദ്യംചെയ്യലിന് ഹാജരാകാൻ രാഹുൽ ഗാന്ധിക്ക് ഇ.ഡി. നൽകിയേക്കും. അന്വേഷണം പൂർത്തിയാക്കി കോടതിയിൽ കുറ്റപത്രം സമർർപ്പിക്കുന്നതിന്റെ ഭാഗമായാണ് രാഹുൽ ഗാന്ധിയെ ഇ.ഡി. വീണ്ടും ചോദ്യം ചെയ്യാൻ ആലോചിക്കുന്നത്. എന്നാൽ, സോണിയ ഗാന്ധിയെ വീണ്ടും ചോദ്യം ചെയ്യുമോ എന്ന കാര്യത്തിൽ വ്യക്തതയില്ല.
രാഹുൽ ഗാന്ധിക്ക് പുറമെ കേസുമായി ബന്ധപ്പെട്ട മറ്റ് ചിലരെ ഒരു വട്ടം കൂടി ചോദ്യം ചെയ്യാൻ ഇ.ഡി ആലോചിക്കുന്നുണ്ട്. കുറ്റപത്രം കോടതിയിൽ സമർപ്പിച്ചാൽ വിചാരണ നടപടികളിലേക്ക് കടക്കും. കോണ്‍ഗ്രസിന്റെ ശക്തമായ പ്രതിഷേധങ്ങള്‍ക്കിടയിൽ സോണിയ ഗാന്ധിയെ മൂന്ന് ദിവസവും, രാഹുല്‍ ഗാന്ധിയെ അഞ്ച് ദിവസവും നേരത്തെ ഇ.ഡി. ചോദ്യം ചെയ്തിരുന്നു. അസോസിയേറ്റഡ് ജേര്‍ണല്‍സിന്റെ കൈവശമുണ്ടായിരുന്ന ഓഹരികള്‍ എങ്ങനെയാണ് ഗാന്ധികുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള യങ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന്റെ കൈവശമെത്തിയത് എന്നതായിരുന്നു ഇരുവരോടും അന്വേഷണ ഏജൻസി ആരാഞ്ഞ പ്രധാന ചോദ്യം.
യങ് ഇന്ത്യ കമ്പനിയിലെ 76 ശതമാനം ഓഹരികളുടെ ഉടമകള്‍ സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയുമാണ്. അസോസിയേറ്റഡ് ജേർണൽസ് – യങ് ഇന്ത്യ ഇടപാടിൽ കള്ളപ്പണ ഇടപാട് നടന്നിട്ടുണ്ടെന്നാണ് ഇ.ഡി. നിലപാട്. യങ് ഇന്ത്യ ലിമിറ്റഡ്, അസോസിയേറ്റഡ് ജേര്‍ണല്‍സ് ലിമിറ്റഡ് എന്നീ സ്ഥാപനങ്ങളുടെ ഉടമസ്ഥതയിലുള്ള 751.9 കോടിയുടെ സ്വത്തുക്കൾ ഇ.ഡി. ഇതിനോടകം കണ്ട് കെട്ടിയിട്ടുണ്ട്. ബജറ്റ് സമ്മേളന കാലഘട്ടത്തിൽ പാര്‍ലമെന്റില്‍ നടത്തിയ ‘ചക്രവ്യൂഹ’ പ്രസംഗത്തിന്റെ പശ്ചാത്തലത്തില്‍ ഇ.ഡി. തനിക്കെതിരെ റെയ്ഡ് നടത്താന്‍ പദ്ധതിയിടുന്നതായി രാഹുൽ ഗാന്ധി കഴിഞ്ഞ ആഴ്ച ആരോപിച്ചിരുന്നു. ചായയും ബിസ്‌ക്കറ്റും തയ്യാറാക്കി അവരെ കാത്തിരിക്കുകയാണെന്നും അദ്ദേഹം പരിഹസിച്ചിരുന്നു.
















