Jain University announces Skilling Centre |വയനാട് ദുരന്തം: സൗജന്യ നൈപുണ്യ പരിശീലനത്തിന് വയനാട്ടില്‍ അന്താരാഷ്ട്ര സ്‌കില്ലിങ് സെന്റര്‍ പ്രഖ്യാപിച്ച് ജെയിന്‍ യൂണിവേഴ്‌സിറ്റി

@ ദുരിതബാധിത മേഖലയിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഉന്നത വിദ്യാഭ്യാസം സൗജന്യമായി നല്‍കും

വയനാട് ദുരിതബാധിത മേഖലയിലെ പുതുതലമുറയ്ക്ക് സുരക്ഷിത ഭാവി ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെ സൗജന്യമായി നൈപുണ്യ പരിശീലനം നല്‍കുന്ന അന്താരാഷ്ട്ര സ്‌കില്ലിങ് സെന്റര്‍ വയനാട്ടില്‍ സ്ഥാപിക്കുമെന്ന് ജെയിന്‍ യൂണിവേഴ്‌സിറ്റി. ദുരിതബാധിതരെ പുനരധിവസിപ്പിക്കുന്നതിന്റെ ഭാഗമായി ടൂറിസം-ഹോസ്പിറ്റാലിറ്റി മേഖലയില്‍ വയനാട്ടില്‍ നിന്നുള്ള പ്രഗത്ഭരായ യുവാക്കളെ വാര്‍ത്തെടുക്കുകയാണ് ലക്ഷ്യം. പ്രകൃതി ദുരന്തത്തില്‍ ഉറ്റവരെയും ജീവിതമാര്‍ഗവും നഷ്ടമായവരെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരുന്ന സംസ്ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ നല്‍കുകയെന്ന ലക്ഷ്യത്തോടെയാണ് പദ്ധതി പ്രഖ്യാപിച്ചതെന്ന് ജെയിന്‍ യൂണിവേഴ്‌സിറ്റി ന്യൂ ഇനിഷ്യേറ്റീവ്‌സ് ഡയറക്ടര്‍ ഡോ. ടോം ജോസഫ് പറഞ്ഞു.

സ്‌കില്ലിങ് സെന്റര്‍ പദ്ധതിക്ക് പുറമെ, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് 25 ലക്ഷം രൂപ സംഭാവനയായി നല്‍കും. ദുരിതബാധിത മേഖലയില്‍പ്പെട്ട ഉന്നതവിദ്യാഭ്യാസം ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ വിദ്യാഭ്യാസവും ജെയിന്‍ യൂണിവേഴ്‌സിറ്റി പ്രഖ്യാപിച്ചിട്ടുണ്ട്. ഓഫ്‌ലൈന്‍ വിദ്യാഭ്യാസം ആഗ്രഹിക്കുന്നവര്‍ക്ക് ജെയിന്‍ യൂണിവേഴ്‌സിറ്റിയുടെ കൊച്ചി ക്യാമ്പസില്‍ സൗജന്യ പഠനം നടത്താം.

നേരിട്ടെത്താന്‍ സാധിക്കാത്ത വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ ഓണ്‍ലൈന്‍ പഠനത്തിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. ഉരുള്‍പ്പൊട്ടലില്‍ തകര്‍ന്ന മുണ്ടക്കൈയിലെ സ്‌കൂള്‍ പുനര്‍നിര്‍മ്മിക്കുന്നതിന് ആവശ്യമായ പിന്തുണ നല്‍കുമെന്നും ദുരിതബാധിത മേഖലയിലെ എല്ലാ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കും പഠനോപകരണങ്ങള്‍ സൗജന്യമായി വിതരണം ചെയ്യുമെന്നും ഡോ. ടോം ജോസഫ് പറഞ്ഞു.