ചേളാരി എന്ന് കേട്ടിട്ടുണ്ടോ? അവിടെ ഒരു വിമാനത്താവളം ഉണ്ടായിരുന്നെന്നോ.?
ചേളാരിയിലെ വിമാന അപകടം എന്ന് കേട്ടിട്ടുണ്ടോ..? 1969 ജനുവരി 17 നാണു ഹിന്ദു പത്രത്തിന്റെ ഡെക്കോട്ട വിമാനം (Douglas C-47A-50-DL)
രാവിലെ 6.45 നു ചേളാരിയിലെ എയർ സ്ട്രിപ്പിനു സമീപത്തെ വയലിലേക്ക് തകർന്ന് വീണത്. പത്രക്കെട്ടുകൾ ഇറക്കി തിരിച്ചു പറക്കുന്നതിനിടയിൽ വിമാനം ഒരു വശത്തേക്ക് ചിറകുകുത്തിവീണു. എഞ്ചിൻ തകരായായിരുന്നത്രെ കാരണം. വിമാനം വീണു ഒരു മണിക്കൂറോളം കാഴ്ച മറക്കുന്നത് പൊടിയായിരുന്നു. പൈലറ്റ് മെഹ്ത്തയും സഹപൈലറ്റ് റെഡ്ഢിയും വിമാനത്തിൽ നിന്നും വയലിലേക്ക് തെറിച്ചുവീണു. സഹപൈലറ്റ് റെഡ്ഢി സംഭവസ്ഥലത്ത്തന്നെ മരിച്ചു. കാലുകൾ വേർപെട്ട നിലയിലായിരുന്നു മൃതദേഹം. മെഹ്തയിൽ ജീവന്റെ തുടിപ്പ് ബാക്കിയുണ്ടായിരുന്നെങ്കിലും ജീവൻ രക്ഷിക്കാനായില്ലെന്ന് അപകടത്തിന് ദൃസാക്ഷിയായിരുന്ന ഹിന്ദു പത്രത്തിന്റെ അന്നത്തെ സബ് ഏജന്റ് ചേളാരിക്കാൻ ബാവാക്ക. കോഴിക്കോട് മെഡിക്കൽ കോളേജിൽനിന്നും ഡോക്ടർമാരെത്തി പൈലറ്റുമാരുടെ മൃതദേഹം സംഭവസ്ഥലത്ത് തന്നെ ടെന്റ് കെട്ടി പോസ്റ്റ്മോർട്ടം ചെയ്യുകയായിരുന്നുവെത്രെ.
തകർന്ന വിമാനം ഒരുമാസത്തോളം സംഭവസ്ഥലത്ത് കിടന്നു. പിന്നീട് യന്ത്രഭാഗങ്ങൾ അഴിച്ച് വേർപെടുത്തിയാണ് ചേളാരിയിൽനിന്നും കൊണ്ടുപോയത്.
ചേളാരിയിൽ വിമാനത്താവളമോ?ചേളാരിയിൽ അങ്ങിനെയൊരു എയർസ്ട്രിപ്പ് ഉണ്ടായിരുന്നോ എന്നതായിരിക്കും പലരുടെയും സംശയം. എന്നാൽ സംശയിക്കേണ്ട. അങ്ങിനെയൊന്ന് ഉണ്ടായിരുന്നു ചേളാരിയിൽ. മാവൂരിലെ ഗ്രാസിം അഥവാ ഗ്വാളിയോർ റയോൺസിലേക്കുള്ള യാത്ര എളുപ്പമാക്കാൻ 1962 ൽ ബിർളാ കമ്പനിയാണു ചേളാരിയിൽ ഒരു സ്വകാര്യ മിനി വിമാനത്താവളം നിർമിച്ചത്. അന്നത്തെ ബിർളാ മാനേജർ ആയിരുന്ന കേണൽ രാജൻ ആണ് ചേളാരിക്കാരനായ ആലിക്കുട്ടിഹാജിയുടെ 92 ഏക്കർ സ്ഥലം വിലക്കെടുത്ത് നിർമാണ പ്രവർത്തികൾ ആരംഭിച്ചത്. ആലിക്കുട്ടി ഹാജിക്ക് തന്നെയായിരുന്നു നിർമ്മാണകരാർ. രണ്ട് കിലോമീറ്ററോളം നീളത്തിലുള്ള റൺവേയുമായി ഒന്നര വർഷം കൊണ്ട് എയർ സ്ട്രിപ്പ് പ്രവർത്തനസജ്ജമായി. ദേശീയപാതയുടെ കിഴക്ക് ഭാഗത്തായി ഇറങ്ങുന്ന വിമാനം പാത മുറിച്ച കടന്ന് പടിഞ്ഞാറോട്ട് കുതിച്ച് ലാന്റ് ചെയ്യുന്ന രീതിരയിലായിരുന്നു റൺവേയുടെ നിർമ്മാണം. വിമാനം ലാന്റ് ചെയ്യുന്ന സമയം ഇരുപത് മിനിറ്റോളം ദേശീയപാതയുടെ ഇരുവശവും ചങ്ങലയിട്ട് പൂട്ടി ഗതാതം നിയന്ത്രിക്കും.
ബിർളയുടെ സ്വകാര്യാവശ്യത്തിനു നിർമ്മിച്ചതായിരുന്നെങ്കിലും ദി ഹിന്ദുവിന്റെ പത്രമിറക്കാനായും ചേളാരി എയർസ്ട്രിപ്പ് ഉപയോഗിച്ചിരുന്നു. ദിവസവും രാവിലെ ആറേകാലോടെ പത്രവുമായി ഹിന്ദുവിന്റെ ഡെക്കോട്ട വിമാനം ചേളാരിയിലെത്തും. കോഴിക്കോട്, കണ്ണൂർ, തലശ്ശേരി, വടകര എന്നിവിടങ്ങളിലേക്കുള്ള 3250 ഓളം കോപ്പികളുമായാണ് വിമാനം ദിവസേന ചേളാരിയുടെ മണ്ണിൽ പറന്നിറങ്ങിയിരുന്നത്. അപകടത്തിനുശേഷം ഹിന്ദുവിന്റെ വിമാനം ചേളാരിയിൽ വന്നിട്ടില്ലെങ്കിലും കരിപ്പൂർ വിമാനത്താവളം വരുന്നതുവരെ ചേളാരിയിലെ എയർസ്ട്രിപ്പ് പ്രവർത്തിച്ചിരുന്നു.