കള്ളപ്പണം വെളുപ്പിക്കലും തീവ്രവാദ, നിയമവിരുദ്ധ സംഘടനകൾക്ക് ധനസഹായം നൽകുന്നതും തടയുന്നതിനുള്ള ഫെഡറൽ നിയമത്തിലെ ചില വ്യവസ്ഥകളിൽ ഭേദഗതി വരുത്തി യു.എ.ഇ സർക്കാർ. സാമ്പത്തിക കുറ്റകൃത്യങ്ങൾക്കെതിരായ പ്രവർത്തനത്തെ സഹായിക്കുന്നതിനാണ് ഭേദഗതികൾ ലക്ഷ്യമിടുന്നത്.
അതോടൊപ്പം അന്താരാഷ്ട്രതലത്തിലെ ഉടമ്പടികൾക്കും ശിപാർശകൾക്കും അനുസരിച്ച് രാജ്യത്തിന്റെ സാങ്കേതിക രീതികൾ ഏകീകരിക്കുന്നതിനും ഇത് സഹായിക്കും. പ്രാദേശിക സമ്പദ് വ്യവസ്ഥയെ സംരക്ഷിക്കാൻ ആരംഭിച്ച ദേശീയ നയങ്ങളുമായി ചേർന്നുവരുന്നതാണ് നിയമഭേദഗതികളെന്നും വാർത്ത ഏജൻസി ‘വാം’ റിപ്പോർട്ട് ചെയ്തു. ഭേദഗതിയനുസരിച്ച് കള്ളപ്പണം വെളുപ്പിക്കലിനും തീവ്രവാദ, നിയമവിരുദ്ധ സംഘടനകൾക്ക് ധനസഹായം നൽകുന്നതിനുമെതിരെ ഒരു ദേശീയ കമ്മിറ്റിക്ക് രൂപംനൽകും. അതോടൊപ്പം ഈ കാര്യത്തിലെ ദേശീയ നയങ്ങളുടെ മേൽനോട്ടം നിർവഹിക്കുന്നതിനായി സുപ്രീം കമ്മിറ്റിയും രൂപവത്കരിക്കും.
ദേശീയ കമ്മിറ്റി നടപ്പാക്കുന്ന നയങ്ങളുടെയും നടപടികളുടെയും ഫലപ്രാപ്തി സുപ്രീം കമ്മിറ്റി പഠിക്കുകയും വിലയിരുത്തുകയും ചെയ്യും. സാമ്പത്തിക കുറ്റകൃത്യങ്ങൾക്കെതിരെ, പ്രത്യേകിച്ച് കള്ളപ്പണം വെളുപ്പിക്കലിനെതിരെയും തീവ്രവാദ ഫണ്ടിങ്ങിനെതിരെയും രാജ്യത്ത് നടപടികൾ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് പുതിയ നിയമഭേദഗതി നടപ്പിലാക്കുന്നത്.