ബിനാമി സ്ഥാപനമെന്ന സംശയത്തെത്തുടർന്ന് റിയാദിൽ ജനറൽ സർവിസ് ഓഫിസുകൾ അടച്ചുപൂട്ടി. നിയമവിരുദ്ധമായും ലൈൻസില്ലാത്തവരെ സ്വന്തം അക്കൗണ്ടിൽ സ്ഥാപനം നടത്തിപ്പിൽ പങ്കാളികളാക്കിയും നടത്തുന്ന സ്ഥാപനമെന്ന സംശയത്തെത്തുടർന്ന് ബിനാമി വിരുദ്ധ പ്രോഗാം സംയുക്ത നിരീക്ഷണ സംഘമാണ് ഓഫിസുകൾ അടച്ചുപൂട്ടിയത്.
വിസ, തൊഴിൽ, അതിർത്തി സുരക്ഷചട്ടങ്ങൾ ലംഘിച്ച തൊഴിലാളികളെ ജോലിക്കെടുക്കുക, ബിനാമി ഇടപാടുകൾ, മുനിസിപ്പൽ ലൈസൻസുകൾ ഇല്ലാതെയും കാലഹരണപ്പെട്ട വാണിജ്യ രേഖകളുമായി പ്രവർത്തിക്കുക, തൊഴിൽ കരാറുകളും സോഷ്യൽ ഇൻഷുറൻസും ഇല്ലാതെ സൗദി വനിത ജീവനക്കാരെ നിയമിക്കുക തുടങ്ങിയ നിയമലംഘനങ്ങൾ കണ്ടെത്തിയതായി സംഘം പറഞ്ഞു.
നികുതി ഇൻവോയ്സുകൾ നൽകാതിരിക്കുക, ഡിജിറ്റൽ പേമെൻറ് സംവിധാനം ഒരുക്കാതിരിക്കുക, ഇൻഷുറൻസ് നിയമം ലംഘിക്കുക, ലൈസൻസില്ലാതെ പ്രവർത്തിക്കുക, ലൈസൻസിലെ വിവരങ്ങളുമായി സ്ഥാപനത്തിന്റെ നാമഫലകങ്ങൾ പൊരുത്തപ്പെടാതിരിക്കുക, കാലാവധി കഴിഞ്ഞുള്ള ലൈസൻസ് എന്നീ ലംഘനങ്ങളാണ് കണ്ടെത്തിയത്. നിയമലംഘകരുടെ തുടർ നടപടികൾ പൂർത്തിയാക്കാൻ ബന്ധപ്പെട്ട വകുപ്പിന് റഫർ ചെയ്തു. ബിനാമി ഇടപാടിലേർപ്പെടുന്നവർക്ക് അഞ്ചു വർഷം വരെ തടവും 50 ലക്ഷം റിയാൽ വരെ പിഴയും ചുമത്താൻ ബിനാമി നിയമം വ്യവസ്ഥ ചെയ്യുന്നുണ്ട്. അന്തിമ കോടതിവിധിക്കു ശേഷം കള്ളപ്പണം പിടിച്ചെടുക്കലും കണ്ടുകെട്ടലും ഉൾപ്പെടും.