വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തം നടന്ന രണ്ടാഴ്ച പിന്നിടുമ്പോള്‍ ആ നടുക്കത്തില്‍ നിന്നും ഇനിയും വിട്ടുമാറാത്ത ആയിരങ്ങളാണ് ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നത്. പുനരധിവാസ പ്രവര്‍ത്തനങ്ങളുമായി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളും, സംഘടനകളും, വ്യക്തികളുമുള്‍പ്പടെ സജീവമായി മുന്നില്‍ തന്നെയുണ്ട്. ഉരുള്‍പൊട്ടലില്‍ എല്ലാം നഷ്ടപ്പെടവര്‍ക്കുള്ള പുനര്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സഹായങ്ങള്‍ എത്തിക്കൊണ്ടിരിക്കുകയാണ്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്യാന്‍ വ്യത്യസ്തമായ ഒരു പരിശ്രമം നടത്തുകയാണ് കരുനാഗപ്പള്ളിക്കാരന്‍ സിബി ഗോപാലകൃഷ്ണന്‍. കരീബിയന്‍ മണ്ണില്‍ പ്രവാസ ജീവിതം നയിക്കുന്ന സിബി ഗോപാലകൃഷ്ണന്‍ എല്ലാവര്‍ക്കും പരിചിതനാണ്. ഇക്കഴിഞ്ഞ മേയ് ജൂണ്‍ മാസങ്ങളിലായി വെസ്റ്റ് ഇന്‍ഡീസില്‍ നടന്ന ടി-ട്വന്റി ലോകകപ്പില്‍ ഇന്ത്യന്‍ ദേശീയ ടീമിന്റെ ലെയ്‌സണ്‍ ഓഫീസറായി പ്രവര്‍ത്തിച്ചയാളാണ് സിബി ഗോപാലകൃഷ്ണന്‍. വയനാട് ദുരന്തത്തില്‍ സകലതും നഷ്ടപ്പെട്ടവരുടെ പുനരധിവാസത്തിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്യാന്‍ വേറിട്ട മാര്‍ഗം കണ്ടെത്തിയിരിക്കുകയാണ് സിബി. ഇന്ത്യന്‍ ക്രിക്കറ്റ് താരം വിരാട് കോഹ്ലിയുടെ കൈയൊപ്പ് പതിഞ്ഞ ബാറ്റ് ലേലത്തില്‍ വെയ്ക്കുകയും ഉയര്‍ന്ന തുക നല്‍കുന്നയാള്‍ക്ക് അതു നല്‍കാനുമാണ് സിബിയുടെ ശ്രമം. ലേലത്തില്‍ നിന്നും ലഭിക്കുന്ന മുഴുവന്‍ തുകയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്യാനും ഈ കരുനാഗപ്പള്ളിക്കാരന്‍ തീരുമാനിച്ചു കഴിഞ്ഞു. ഇതു സംബന്ധിച്ച് ഒരു ഫെയ്‌സ്ബുക്ക് പോസ്റ്റും സിബി കുറിച്ചിട്ടുണ്ട്. പോസ്റ്റ് കാണാം,
രണ്ട് വര്‍ഷം കൂടുമ്പോള്‍ അരങ്ങേറുന്ന ക്രിക്കറ്റിലെ 20-20 മാമാങ്കത്തില്‍ ഇന്ത്യന്‍ ദേശീയ ടീമിന്റെ ലെയ്‌സണ്‍ ആഫീസര്‍ എന്ന നിലയില്‍ ആര്‍പ്പുവിളികളുടെയും ആരവങ്ങളുടെയും നടുവില്‍ ഇന്ത്യന്‍ ക്രിക്കറ്റിലെ ദേശീയ ടീമിനൊപ്പം അമേരിക്കയിലും കരീബിയന്‍ ദ്വീപുകളിലുമായി മുപ്പത്തിയഞ്ച് ദിവസങ്ങള്‍ അനിശ്ചിതത്തിന്റെ ഭംഗിയാകെ കോരിനിറച്ച് ഓരോ നിമിഷങ്ങളെയും ഉദ്വോഗജനകമാക്കുന്ന ക്രിക്കറ്റ് എന്ന കായിക കലയെ സിരകളില്‍ ആവാഹിച്ച് ഓരോ കളിക്കാരുടെയും കൂടെ നിന്ന അപൂര്‍വ്വ നിമിഷങ്ങള്‍. വൃത്താകാരമുള്ള പുല്‍മൈതാനങ്ങള്‍ക്ക് പുറത്ത് കളിക്കാരുടെ ക്ഷേമ സൗകര്യ ങ്ങളളെ സംബന്ധിച്ച കാര്യങ്ങളുമായി കൂടിക്കുഴയുമ്പോഴും കൂടെ കൂട്ടിയ ആഗ്രഹവുമുണ്ടായിരുന്നു. കിങ്ങ് കോഹ്ലിയുടെ പക്കല്‍ നിന്നും പൂര്‍ണ്ണമായ കൈയ്യൊപ്പ് വാങ്ങിയ ഒരു ബാറ്റ്. സഹതാരങ്ങള്‍ പോലും ആരാധനയോടും ബഹുമാനത്തോടും കൂടി മാത്രം കാണുന്ന കോഹ്ലിയോട് ഈ ആഗ്രഹം ഒന്ന് പറയാന്‍ ഒടുവില്‍ ലോകക്കപ്പും സ്വന്തമാക്കി നാട്ടിലേക്ക് വിമാനം കയറുന്നതിന് മുമ്പുവരെ കാത്തിരിക്കേണ്ടി വന്നു. മുന്‍പായി ആഗ്രഹം അറിയിച്ചു. തിരക്കിനിടയിലും പുഞ്ചിരിയോടെ ആഗ്രഹം നിവര്‍ത്തിച്ചു തന്ന ആ നല്ല മനസ്സിന് നന്ദി. സ്വകാര്യ ശേഖരത്തില്‍ ഗതകാലങ്ങളെ ഓര്‍ഞ്ഞെടുത്ത് ലാളിക്കാനായി കരുതി വച്ച വിരാട് കോഹ്ലിയുടെ പൂര്‍ണ്ണ കൈയ്യൊപ്പ് വീണ ആ ബാറ്റ് എന്റെ വശമുണ്ട്. ഇപ്പോള്‍ എന്റെ നാട്ടില്‍, വയനാട്ടില്‍ ചൂരല്‍മലയിലും മുണ്ടക്കൈയിലുമൊക്കെയായി ഉരുള്‍പൊട്ടലില്‍ മണ്ണെടുത്ത സഹോദരങ്ങള്‍ മണ്ണിലേക്ക് മടങ്ങുന്ന ഈ കെട്ടകാലത്ത്..മാറുന്ന തീരുമാനം എല്ലാവര്‍ക്കുമായി അറിയിക്കട്ടെ. വിരാടിന്റെ പൂര്‍ണ്ണ കൈയ്യൊപ്പ് വീണ അതേ ബാറ്റ് ഞാന്‍ ലേലത്തില്‍ വയ്ക്കുന്നു. ഏറ്റവും ഉയര്‍ന്ന തുക നല്‍കുന്നയാളിന് ബാറ്റ് സ്വന്തമാക്കാം. മുഴുവന്‍ തുകയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്യുന്നതായിരിക്കും.
വയനാട് ദുരന്തത്തില്‍ നാട് മുഴുവന്‍ ഒറ്റക്കെട്ടായി നില്‍ക്കുമ്പോള്‍ മാറി നില്‍ക്കാന്‍ സാധിക്കാതെ അണ്ണാന്‍ കുഞ്ഞിനു തന്നാലായതെന്ന തരത്തില്‍ എന്തെങ്കിലും തരത്തില്‍ ചെയ്യണമെന്ന ഉറച്ച് തീരുമാനത്തില്‍ നിന്നുമാണ് പുതിയ ആശയം രൂപപ്പെട്ടിരിക്കുന്നതെന്ന് സിബി പറഞ്ഞു.
Content Highlights; Sibi Gopalakrishnan came up with a different way to transfer an amount to the Chief Minister’s Relief Fund