തൊഴിൽ വളർച്ചനിരക്കിലും തൊഴിൽ വിപണിയുടെ വളർച്ച സൂചികയിലും മുന്നേറ്റം നടത്തി സൗദി. ലോകത്തെ 67 രാജ്യങ്ങളിലെ സ്ഥിതിവിവരക്കണക്കുകൾ പരിശോധിച്ച് ‘ആഗോള മത്സരക്ഷമത ഇയർബുക്ക് 2024’ (ഗ്ലോബൽ കോംപറ്റേറ്റിവ്നസ് ഇയർബുക്ക് 2024) തയാറാക്കിയ റിപ്പോർട്ടിലാണ് തൊഴിൽ രംഗത്തെ സൗദി അറേബ്യയുടെ മുന്നേറ്റം വെളിപ്പെടുത്തുന്നത്.
2016 മുതൽ 2021 വരെയുള്ള കാലയളവിൽ തൊഴിലവസരങ്ങൾ ഒരുക്കുന്നതിന്റെ നിരക്കിൽ ജി20 രാജ്യങ്ങൾക്കിടയിൽ സൗദി ഒന്നാമതെത്തിയിരുന്നു. ആഗോളതലത്തിലും ഈ രംഗത്ത് സൗദി വലിയ മുന്നേറ്റം നടത്തിയെന്ന റിപ്പോർട്ടാണ് പുറത്തുവരുന്നത്. രാജ്യത്തെ തൊഴിൽ വിപണി മുൻനിര ആഗോള സൂചകങ്ങളുമായി റെക്കോഡ് ഫലങ്ങൾ കൈവരിക്കുന്നത് തുടരുന്നതായാണ് റിപ്പോർട്ട്. ആഗോളതലത്തിലെ റാങ്കിങ് നിശ്ചയിക്കുന്ന ഇയർബുക്ക് റിപ്പോർട്ടിൽ സൗദി ‘ലേബർ മാർക്കറ്റ് ഇഫക്ടീവ്നസ് ലെജിസ്ലേഷൻ’ സൂചികയിൽ മൂന്നാം സ്ഥാനത്തും നൈപുണ്യമുള്ള വിദേശ തൊഴിൽ സൂചികയിൽ നാലാം സ്ഥാനത്തുമാണ്. തൊഴിൽ വിപണിയുടെ മത്സരക്ഷമതയുടെ കാര്യത്തിൽ രാജ്യം അഞ്ചാം സ്ഥാനത്താണ്.
ജോലിസമയം സംബന്ധിച്ച സൂചികയിൽ ആറാം സ്ഥാനത്തും ജീവനക്കാരുടെ പരിശീലന സൂചികയിൽ പത്താം സ്ഥാനത്തുമാണ്. സൗദി നാഷനൽ ലേബർ ഒബ്സർവേറ്ററി പുറത്തിറക്കിയ ഏറ്റവും പുതിയ റിപ്പോർട്ട് പ്രകാരം തൊഴിൽ വിപണി സൂചകങ്ങളിൽ രാജ്യം തുടർച്ചയായ പുരോഗതിക്ക് സാക്ഷ്യംവഹിച്ചതായാണ് വ്യക്തമാകുന്നത്.
വിവിധ രാജ്യങ്ങളിലെ തൊഴിൽ നിയമങ്ങളുമായി താരതമ്യപ്പെടുത്തിയും മികച്ച അന്താരാഷ്ട്ര സമ്പ്രദായങ്ങളെക്കുറിച്ചും നടത്തിയ വിപുലമായ പഠനങ്ങളുടെ അടിസ്ഥാനത്തിൽ സൗദി തൊഴിൽ നിയമത്തിൽ കാതലായ പരിഷ്കരണങ്ങൾ അടുത്ത ദിവസങ്ങളിൽ വരുത്തിയിരുന്നു. ആറ് സുപ്രധാന ഭേദഗതികളടക്കം 47 തൊഴിൽനിയമങ്ങളിൽ വരുത്തിയ മാറ്റത്തിന് സൗദി മന്ത്രിസഭ അംഗീകാരവും നൽകി. ഉടൻ അത് പ്രാബല്യത്തിലാവുകയും ചെയ്യും.
കഴിഞ്ഞ മാസം രാജ്യത്തെ സ്വകാര്യ മേഖലയിൽ ജോലിക്ക് ചേർന്ന സ്വദേശി പൗരന്മാരുടെ എണ്ണം 34,600 ആണ്. ജൂണിലെ 16,500 എന്നതിന്റെ ഇരട്ടിയിലധികമാണ് തൊട്ടടുത്ത മാസത്തിലുണ്ടായിരിക്കുന്നത്. ഇത് ആഭ്യന്തര തൊഴിൽ വിപണിയുടെ വികാസത്തെയാണ് പ്രതിഫലിപ്പിക്കുന്നത്. സ്വകാര്യ മേഖലയിലെ മൊത്തം തൊഴിലാളികളുടെ എണ്ണം ജൂലൈ മാസത്തിൽ 1.1473 കോടിയായി ഉയർന്നതായും സൗദി മാനവവിഭവശേഷി സാമൂഹിക വികസനമന്ത്രാലയം റിപ്പോർട്ട് ചെയ്തു.