കലാപത്തെത്തുടര്‍ന്ന ഇന്ത്യയിലേക്ക് എത്തിയ ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്ക് അഭയം നല്‍കിയ കേന്ദ്ര സര്‍ക്കാര്‍ സമീപനത്തെ അഭിനന്ദിച്ച് ശശി തരൂര്‍ എംപി. അയല്‍രാജ്യത്തെ അധികാര കൈമാറ്റം ഇന്ത്യയെ ആശങ്കപ്പെടുത്തുന്നില്ലെന്നും ശശി തരൂര്‍ എന്‍.ഡി.ടി.വിയോട് പറഞ്ഞു. ഇന്ത്യയെ സംബന്ധിച്ചിടത്തോളം ബംഗ്ലാദേശ് എന്ന രാജ്യവുമായുള്ള സൗഹൃദമാണ് വലുത്. ഇന്ത്യ മുന്‍തൂക്കം നല്‍കുന്നത് ബംഗ്ലാദേശ് ജനതയുടെ ക്ഷേമമാണ്. രാജ്യവും വ്യക്തികളും അത് കഴിഞ്ഞേയുളുവെന്നും അദ്ദേഹം പറഞ്ഞു. ഞങ്ങള്‍ ബംഗ്ലാദേശിലെ ജനങ്ങള്‍ക്കൊപ്പമാണ്, 1971 ല്‍ ഇന്ത്യന്‍ സര്‍ക്കാര്‍ അവരോടൊപ്പമായിരുന്നു, ഞങ്ങളോട് സൗഹൃദം പുലര്‍ത്താത്ത സര്‍ക്കാരുകള്‍ നിലവില്‍ വന്നപ്പോള്‍ പോലും ഇന്ത്യ ആ ബന്ധം മികച്ച രീതിയില്‍ മുന്നോട്ട് കൊണ്ടുപോയി. വരും കാലങ്ങളിലും ആ ബന്ധത്തില്‍ മാറ്റമുണ്ടാകില്ലെന്നും ശശി തരൂര്‍ കൂട്ടിച്ചേര്‍ത്തു.
ഷെയ്ഖ് ഹസീനക്ക് അഭയം നല്‍കിയ ഇന്ത്യയുടെ നടപടിയെയും തരൂര്‍ അഭിനന്ദിച്ചു. ഹസീനയെ സഹായിച്ചില്ലെങ്കില്‍ അത് ഇന്ത്യക്ക് തന്നെ അപമാനമായേനേ. ഹസീന ഇന്ത്യയുടെ സുഹൃത്താണ്, ഇന്ത്യ അവരുടെ സുഹൃത്താണ്.സുഹൃത്ത് പ്രശ്നത്തില്‍ അകപ്പെടുമ്പോള്‍ സഹായിക്കാന്‍ രണ്ടുതവണ ചിന്തിക്കരുത്. സഹായിക്കേണ്ടത് നമ്മുടെ കടമയാണ്. അതാണ് ഇന്ത്യ ചെയ്തത്. ഇന്ത്യക്കാരെന്ന നിലയില്‍ ലോകത്തോട് ചില കടമകള്‍ നമുക്കുണ്ട്. ഹസീനയുടെ സുരക്ഷ ഉറപ്പുവരുത്താന്‍ സര്‍ക്കാര്‍ ചെയ്തത് ശരിയായ കാര്യമാണ്. എത്രകാലം ഇന്ത്യയില്‍ നില്‍ക്കണമെന്നത് ഹസീനയുടെ തീരുമാനമാണ്. വീട്ടിലേക്ക് വന്ന അതിഥിയോട് എപ്പോഴാണ് നിങ്ങള്‍ തിരിച്ചുപോകുക എന്ന് ചോദിക്കരുത്. എത്രകാലം അവര്‍ ഇവിടെ നില്‍ക്കുമെന്ന് കാത്തിരുന്ന് കാണാം. ഇപ്പോള്‍ അവര്‍ നമ്മുടെ കൂടെയുണ്ട്. അവരുടെ ജീവന്‍ അപകടത്തിലായപ്പോള്‍ അവരുടെ കൂടെ നിന്നു എന്നതില്‍ നമുക്ക് അഭിമാനിക്കാം. നൊബേല്‍ സമ്മാനജേതാവ് കൂടിയായ മുഹമ്മദ് യൂനസിന്റെ നേതൃത്വത്തിലുള്ള ഇടക്കാല സര്‍ക്കാരിനെക്കുറിച്ച് ഇന്ത്യക്ക് ആശങ്കയില്ല. എനിക്ക് മുഹമ്മദ് യൂനസിനെ വ്യക്തിപരമായി അറിയാം, അദ്ദേഹം ആദരണീയനായ വ്യക്തിയാണ്. പാകിസ്താനും ചൈനയും കലക്കവെള്ളത്തില്‍ മീന്‍ പിടിക്കുമോ എന്നതാണ് ഇന്ത്യയുടെ വലിയ ആശങ്കയെന്നും എന്നും അദ്ദേഹം പറഞ്ഞു. ബംഗ്ലാദേശില്‍ നിന്ന് പരസ്പര വിരുദ്ധമായ റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്. അവിടെ ആക്രമണങ്ങള്‍ ഉണ്ടായിട്ടുണ്ട്, ആര്‍ക്കും അത് നിഷേധിക്കാന്‍ കഴിയില്ല, അതൊരു വസ്തുതയാണ്. അതേസമയം, ബംഗ്ലാദേശി മുസ്‌ലിംകള്‍ ഹിന്ദുക്കളുടെ വീടുകളും ക്ഷേത്രങ്ങളും കാക്കുന്നുണ്ടെന്ന റിപ്പോര്‍ട്ടുകളും അവിടെ നിന്നും പുറത്ത് വരുന്നുണ്ട്. മോശം വാര്‍ത്തകള്‍ക്കിടയിലും ഒരു നല്ല വാര്‍ത്തകളും അവിടെ നിന്ന് വരുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.