കൊച്ചി, 10-08-2024: ഇന്ത്യയിലെ കരള്‍രോഗചികിത്സാരംഗം ശരിയായ ദിശയിലൂടെയാണ് സഞ്ചരിക്കുന്നതെന്ന് അമേരിക്കയിലെ മിനസോട്ടയിലുള്ള മേയോ ക്ലിനിക്കിലെ ഡോ. പാട്രിക് എസ്. കാമത്ത്. ആഗോള മാനദണ്ഡങ്ങള്‍ക്കനുസരിച്ചുള്ള കരള്‍രോഗ നിര്‍ണ്ണയവും ചികിത്സയുമാണ് ഇന്ത്യയിലെ ഡോക്ടര്‍മാര്‍ പിന്തുടരുന്നത്. മാര്‍ഗം കൃത്യമാണെങ്കിലും ഇനിയുമേറെ പുരോഗതി കൈവരിക്കാനുണ്ടെന്നും വരുംവര്‍ഷങ്ങളില്‍ അത് സാധ്യമാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യന്‍ നാഷണല്‍ അസോസിയേഷന്‍ ഫോര്‍ ദി സ്റ്റഡി ഓഫ് ലിവറിന്റെ കൊച്ചിയില്‍ നടക്കുന്ന മുപ്പത്തിരണ്ടാമത് വാര്‍ഷിക ശാസ്ത്രസമ്മേളനത്തിന്റെ (INASL-2024) ഭാഗമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
കരള്‍ രോഗം നിശബ്ദമായ ഒരു വില്ലനാണെന്നും തുടക്കത്തില്‍ വര്‍ഷങ്ങളോളം ലക്ഷണങ്ങളൊന്നും പുറമെ കാണിക്കില്ലെന്നും അദ്ദേഹം ഓര്‍മപ്പെടുത്തി. വര്‍ഷങ്ങളോളം തുടര്‍ച്ചയായി കരളിന് ക്ഷതമേല്‍ക്കുമ്പോഴാണ് ലക്ഷണങ്ങള്‍ കണ്ടുതുടങ്ങുന്നത്. സിറോസിസ് എന്ന ഘട്ടത്തിലെത്തിക്കഴിഞ്ഞാല്‍ സ്വയം ഭേദമാകാനുള്ള കരളിന്റെ ശേഷി നഷ്ടമാകും. കരള്‍ മാറ്റിവെക്കാന്‍ രോഗി നിര്‍ബന്ധിതമാകുകയും ചെയ്യും. ഇതൊഴിവാക്കാന്‍ രണ്ട് പ്രധാനപ്പെട്ട കാര്യങ്ങളാണ് ഡോ. കാമത്ത് മുന്നോട്ട് വെയ്ക്കുന്നത് – ഒന്ന്, ശരീരഭാരം കുറയ്ക്കണം. രണ്ട്, മദ്യപാനം പൂര്‍ണമായും നിര്‍ത്തണം. കരളിനെ ബാധിക്കുന്ന വൈറല്‍ രോഗങ്ങള്‍ക്ക് കൃത്യമായ ചികിത്സയും നിയന്ത്രണവും അത്യന്താപേക്ഷിതമാണെന്നും അദ്ദേഹം പറഞ്ഞു.
ഗുരുത കരള്‍ രോഗം ബാധിച്ചവരുടെ അതിജീവനസാധ്യത വിലയിരുത്തുന്നതിനായി പ്രത്യേക ഫോര്‍മുല കണ്ടുപിടിച്ചത് ഡോ. പാട്രിക് കാമത്ത് ആണ്. മെല്‍ഡ് സ്‌കോര്‍ അഥവാ മോഡല്‍ ഫോര്‍ എന്‍ഡ് സ്റ്റേജ് ലിവര്‍ ഡിസീസ് എന്നറിയപ്പെടുന്ന ഈ മാതൃകയെ അടുസ്ഥാനപ്പെടുത്തിയുള്ള കണക്കുകളാണ് ഇപ്പോള്‍ ലോകമെമ്പാടും ഉപയോഗിക്കുന്നത്.
ഓഗസ്റ്റ് 7 മുതല്‍ 10 വരെയാണ് ഇന്ത്യന്‍ നാഷണല്‍ അസോസിയേഷന്‍ ഫോര്‍ ദി സ്റ്റഡി ഓഫ് ലിവറിന്റെ മുപ്പത്തിരണ്ടാം വാര്‍ഷിക ശാസ്ത്രസമ്മേളനം കൊച്ചിയില്‍ നടക്കുന്നത്. രാജ്യത്തിനകത്തുനിന്നും പുറത്തുനിന്നുമുള്ള ഇരുന്നൂറോളം പാനല്‍ അംഗങ്ങളും അന്തര്‍ദേശീയതലത്തില്‍ അറിയപ്പെടുന്ന 1500ലധികം വിദഗ്ധ പ്രതിനിധികളും പങ്കെടുക്കുന്നുണ്ട്.
STORY HIGHLIGHTS: Dr. Patrick S Kamath said that the liver disease treatment in India is moving in the right direction