മിക്ക വീടുകളിലും സുലഭമായി കാണപ്പെടുന്ന ഒരു സസ്യമാണ് തുളസി. പണ്ടുള്ളവര്‍ വെള്ളം തിളപ്പിക്കുമ്പോള്‍ അതില്‍ തുളസി ഇല കൂടി ചേര്‍ക്കാറുണ്ടായിരുന്നു. നിരവധി ആരോഗ്യഗുണങ്ങള്‍ അടങ്ങിയിട്ടുള്ള ഒരു സസ്യമായതിനാലാണ് ഇത്തരത്തില്‍ ചെയ്തിരുന്നത്. ഇപ്പോളും പല വീടുകളിലും തുളസിവെള്ളം തിളപ്പിക്കാറുണ്ട് നിരവധി ആരോഗ്യഗുണങ്ങളുള്ള തുളസിയില ഇട്ടു വെള്ളം കുടിക്കുന്നത് ആരോഗ്യത്തിന് വളരെ മികച്ചതാണ്.
ആയുര്‍വേദത്തില്‍, ‘പ്രകൃതിയുടെ മാതാവ്’, ‘ഔഷധങ്ങളുടെ രാജ്ഞി’ എന്നിങ്ങനെ വ്യത്യസ്ത പേരുകളില്‍ ഇത് അറിയപ്പെടുന്നു. ആന്റിമൈക്രോബയല്‍, ആന്റി-ഇന്‍ഫ്‌ലമേറ്ററി, ആന്റിട്യൂസിവ്, അലര്‍ജി വിരുദ്ധ ഗുണങ്ങള്‍ എന്നിവ കാരണം ചുമ, ജലദോഷ ലക്ഷണങ്ങള്‍ എന്നിവ ഒഴിവാക്കാന്‍ തുളസിവെളളം പലരും കുടിക്കാറുണ്ട്.
തുളസിയിലവെളളത്തിന്റെ ആരോഗ്യ ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് നമുക്ക് നോക്കാം;
ചര്‍മ്മ സംരക്ഷണം
തുളസിവെള്ളത്തില്‍ ആന്റിഓക്സിഡന്റ് ഉള്ളതിനാല്‍ ചര്‍മ്മത്തിന്റെ ആരോഗ്യം വര്‍ദ്ധിപ്പിക്കും. ശരീരത്തില്‍ നിന്ന് വിഷവസ്തുക്കളെ നീക്കം ചെയ്യാന്‍ തുളസി സഹായിക്കുന്നു. ഇത് ചര്‍മ്മത്തെ ശുദ്ധീകരിക്കാന്‍ സഹായിക്കും. ഇതിലെ ആന്റിമൈക്രോബയല്‍ ഗുണങ്ങള്‍ മുഖക്കുരു ഉണ്ടാക്കുന്ന ബാക്ടീരിയകളില്‍ നിന്നും ചര്‍മ്മത്തെ സംരക്ഷിക്കുന്നു.
ആന്റിഓക്സിഡന്റ് ഗുണങ്ങള്‍
ആന്റിഓക്സിഡന്റുകളായി പ്രവര്‍ത്തിക്കുന്ന ഫ്‌ലേവനോയിഡുകള്‍, പോളിഫെനോള്‍സ് തുടങ്ങിയ സംയുക്തങ്ങള്‍ തുളസിയിലുണ്ട്. ഈ ആന്റിഓക്സിഡന്റുകള്‍ ശരീരത്തിലെ ഹാനികരമായ ഫ്രീ റാഡിക്കലുകളെ നിര്‍വീര്യമാക്കാന്‍ സഹായിക്കുന്നു. അതുവഴി ഓക്സിഡേറ്റീവ് സ്ട്രെസ് കുറയുകയും കോശങ്ങളെ കേടുപാടുകളില്‍ നിന്ന് സംരക്ഷിക്കുകയും ചെയ്യുന്നു.
പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നു
തുളസി വെള്ളം കുടിക്കുന്നത് വഴി നിങ്ങളുടെ രോഗപ്രതിരോധ ശേഷി ഗണ്യമായി വര്‍ദ്ധിപ്പിക്കുന്നു. ഹോളി ബേസില്‍ എന്നറിയപ്പെടുന്ന തുളസിയില്‍ ആന്റിഓക്സിഡന്റുകള്‍ ധാരാളം ഉണ്ട്. ഇത് ഫ്രീ റാഡിക്കലുകളെ ചെറുക്കുന്നതിലൂടെയും അണുബാധകളെ ചെറുക്കാനുള്ള ശരീരത്തിന്റെ കഴിവ് വര്‍ദ്ധിപ്പിക്കുന്നതിലൂടെയും രോഗപ്രതിരോധ പ്രതികരണത്തെ ശക്തിപ്പെടുത്തുന്നു.
വായുടെ ആരോഗ്യം
വായിലെ അണുബാധയെ ചെറുക്കാനും വായിലെ മൊത്തത്തിലുള്ള ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കുന്ന ആന്റിമൈക്രോബയല്‍ ഗുണങ്ങള്‍ തുളസിയില്‍ അടങ്ങിയിട്ടുണ്ട്. തുളസിവെള്ളം കൊണ്ട് ഗാര്‍ഗിള്‍് ചെയ്യുന്നത് മോണയുടെ ആരോഗ്യത്തെ പ്രോത്സാഹിപ്പിക്കുകയും വായ് നാറ്റം കുറയ്ക്കുകയും ചെയ്യും.
സ്‌ട്രെസ് റിലീഫ്
തുളസി ഒരു അഡാപ്‌റ്റോജെനിക് സസ്യമാണ്. അതായത് ശരീരത്തിലെ സമ്മര്‍ദ്ദത്തെ കുറയ്ക്കുകയും ശാന്തതയും വിശ്രമവും പ്രദാനം ചെയ്യുകയും ചെയ്യുന്നു. കൂടാതെ തുളസിവെള്ളം കുടിക്കുന്നത് വഴി സമ്മര്‍ദ്ദവും ഉത്കണ്ഠയും കുറയുകയും ചെയ്യുന്നു.
ശ്വസന ആരോഗ്യത്തെ സഹായിക്കുന്നു
ആന്റി-ഇന്‍ഫ്‌ളമേറ്ററി, ആന്റിമൈക്രോബയല്‍, എക്‌സ്‌പെക്ടറന്റ് ഗുണങ്ങള്‍ കാരണം തുളസിവെള്ളം ശ്വസന ആരോഗ്യത്തിന് ഗുണം ചെയ്യുന്നു. ശ്വാസനാളത്തില്‍ നിന്ന് മ്യൂക്കസ് നീക്കം ചെയ്യാന്‍ സഹായിക്കുന്ന സംയുക്തങ്ങള്‍ ഇതില്‍ അടങ്ങിയിരിക്കുന്നു. ഇത് ശ്വസന പ്രക്രിയ സുഗമമാക്കുന്നു.
STORY HIGHLIGHTS: Health Benefits of Drinking Tulsi water