കൊൽക്കത്ത: കൊൽക്കത്തയിൽ വനിതാ ഡോക്ടറെ കൊലപ്പെടുത്തിയ സംഭവം അന്വേഷിക്കുന്നതിൽ സംസ്ഥാന പൊലീസിന് മുഖ്യമന്ത്രി മമത ബാനർജിയുടെ അന്ത്യശാസനം. കേസ് അന്വേഷിച്ച് കുറ്റവാളികളെ നിയമത്തിന് മുന്നിൽ ഒരാഴ്ചക്കകം കൊണ്ടുവരണമെന്നാണ് മമതയുടെ അന്ത്യശാസനം. അന്വേഷണത്തിൽ പൊലീസ് പരാജയപ്പെടുകയാണെങ്കിൽ കേസ് സിബിഐക്ക് വിടുമെന്നും മമതാ വ്യക്തമാക്കി.
“ഞായറാഴ്ചയ്ക്കകം കേസ് തെളിയിക്കാൻ പൊലീസിന് കഴിയുന്നില്ലെങ്കിൽ ഞങ്ങൾ ഈ കേസ് സി.ബി.ഐക്ക് കൈമാറും. കേന്ദ്ര അന്വേഷണ ഏജൻസിയുടെ വിജയ നിരക്ക് വളരെ കുറവാണ്. എങ്കിലും കേസ് സി.ബി.ഐക്ക് കൈമാറാൻ തന്നെയാണ് തീരുമാനം” ഡോക്ടറുടെ വീട് സന്ദർശിച്ച ശേഷം മമത പറഞ്ഞു. പ്രതികളായവരെ എത്രയും വേഗം കണ്ടെത്തണമെന്നും ആവശ്യമെങ്കിൽ അവരെ തൂക്കിലെറ്റുമെന്നും മമത നേരത്തെ പറഞ്ഞിരുന്നു.
കഴിഞ്ഞ വെള്ളിയാഴ്ച രാത്രി ഡ്യൂട്ടിയിലുണ്ടായിരുന്ന വനിത ഡോക്‌ടറെ ശനിയാഴ്ച പുലർച്ചയോടെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ചെസ്റ്റ് മെഡിസിൻ വിഭാഗത്തിലെ രണ്ടാംവർഷ വിദ്യാർഥിനിയാണ് കൊല്ലപ്പെട്ടത്. പെൺകുട്ടിയുടെ സ്വകാര്യഭാഗങ്ങളിൽ രക്തസ്രാവവും ശരീരത്തിന്‍റെ മറ്റ് ഭാഗങ്ങളിൽ മുറിവുകളും ഉണ്ടെന്ന് നാല് പേജുള്ള പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് പൊലീസിന്റെ സിവിക് വളണ്ടിയറായ സഞ്ജയ് റോയ്‌യെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
അതേസമയം സംഭവത്തിൽ ഡോക്ടർമാരുടെ പ്രതിഷേധം ശക്തമാകുകയാണ്. രാജ്യമൊട്ടാകെ ഇന്ന് അടിയന്തര ചികിത്സകൾ ഒഴികെയുള്ള മറ്റു ചികിത്സകളിൽ നിന്ന് ഡോക്ടർമാർ വിട്ടു നിന്നു. അന്വേഷണം കേന്ദ്ര ഏജൻസികൾക്ക് വിടണമെന്ന് ആവശ്യപ്പെട്ട് ഡോക്ടർമാരുടെ സംഘടനകൾ ഇന്നലെ കേന്ദ്ര ആരോഗ്യ മന്ത്രി ജെ പി നദ്ദയെ കണ്ടിരുന്നു. കേന്ദ്ര ഇടപെടലുണ്ടായില്ലെങ്കിൽ വരും ദിവസങ്ങളിൽ സമരത്തിന് ആഹ്വാനം ചെയ്യുമെന്ന് സംഘടനാ പ്രതിനിധികൾ വ്യക്തമാക്കി. പ്രതിഷേധം ശക്തമായതോടെ സംസ്ഥാന സർക്കാർ ആർജെ കർ മെഡിക്കൽ കോളേജ് സൂപ്രണ്ടിനെ സസ്പെൻഡ് ചെയ്തിട്ടുണ്ട്.