ഓറഞ്ചിന്റെയും കാപ്പിയുടെയും ഗന്ധമുള്ള കാറ്റുമായി വിനോദസഞ്ചാരികളുടെ മനസ്സുമായ്ക്കാൻ കാത്തിരിക്കുന്ന നഗരമാണ് കൂർഗ്. ആദ്യ കാഴ്ചയിൽ തന്നെ ഈയൊരു നഗരത്തെ ഏതൊരു വ്യക്തിയും ഇഷ്ടപ്പെട്ടു പോകും. കാരണം ചെല്ലുന്നവരെയെല്ലാം ആരാധകരാക്കാൻ കഴിയുന്ന വലിയൊരു വശ്യത തന്നെയാണ് ഈ ഒരു സ്ഥലത്തിനുള്ളത്. കർണാടകയിലെ തെക്കുപടിഞ്ഞാറൻ ഭാഗത്തുള്ള കൂർഗ് ജില്ല സമുദ്രനിരപ്പിൽ നിന്നും 900 മീറ്റർ മുതൽ 1715 മീറ്റർ വരെ ഉയരത്തിലാണ്..
ഇന്ത്യയുടെ സ്കോട്ട് ലാൻഡ് എന്നും കർണാടകത്തിന്റെ കാശ്മീർ എന്നുമൊക്കെയാണ് ഈ സ്ഥലം അറിയപ്പെടുന്നത്. നിത്യഹരിത വനങ്ങളും പച്ചപ്പുള്ള സമതലങ്ങളും കോടമഞ്ഞു മൂടിക്കിടക്കുന്ന മലനിരകളും കൊണ്ട് സമ്പന്നനായ ഈ സ്ഥലം വിനോദസഞ്ചാരികളുടെ പ്രിയപ്പെട്ട ഡെസ്റ്റിനേഷനാണ്.. മഞ്ഞു കാലത്താണ് കൂർഗ് അതിസുന്ദരിയായി മാറുന്നത്. മഴക്കാലത്ത് അതുവരെ പരിചിതമല്ലാത്ത വ്യത്യസ്തമായ മറ്റൊരു രൂപം കൈക്കൊള്ളുകയും ചെയ്യും. വേനൽക്കാലത്ത് ആണെങ്കിൽ ഭീമമായ ചൂടിൽ നിന്നും ആളുകളെ പൊതിഞ്ഞു സൂക്ഷിക്കുന്ന അതിസുന്ദരിയായി മാറും. കാപ്പി തേയില തോട്ടങ്ങളും ഓറഞ്ച് തോട്ടങ്ങളും മലനിരകളും ഒക്കെ നിറഞ്ഞ ഈ ഒരു സ്ഥലം വലിയ പ്രകൃതി ദൃശ്യങ്ങൾ തന്നെയാണ് ഒരു വിനോദസഞ്ചാരിക്ക് സമ്മാനിക്കുന്നത്.
കാലാവസ്ഥയും പ്രകൃതിയിലെ മനോഹാരിതയും കാണുവാനാണ് ഇവിടേക്ക് വിനോദസഞ്ചാരികൾ കുതിച്ചു പായുന്നത്. അതോടൊപ്പം തേയില തോട്ടങ്ങളും ഓറഞ്ച് തോട്ടങ്ങളും ഒക്കെ ഇവിടെ കാണാൻ സാധിക്കും. ചരിത്രസ്മൃതികൾ ഉറങ്ങുന്ന സ്മാരകങ്ങൾ ഈ സ്ഥലത്തിന്റെ ഒരു പ്രത്യേകത തന്നെയാണ്. വെള്ളച്ചാട്ടങ്ങളും കോട്ടകളും കൊട്ടാരങ്ങളും രാജാവിന്റെ ശവകുടീരവും ഒക്കെ കാണാൻ ഇവിടേക്ക് ഓരോ വർഷവും നിരവധി ആളുകളാണ് എത്താറുള്ളത്. ടിബറ്റൻ ആരാധനാലയമായ ഗോൾഡൻ ടെമ്പിൾ ഓങ്കാര ക്ഷേത്രം തുടങ്ങിയവ ഇവിടുത്തെ പ്രധാന ക്ഷേത്രങ്ങളാണ്. സാഹസികത ഇഷ്ടപ്പെടുന്നവരാണ് കൂടുതലും ഇവിടെയൊക്കെ എത്താറുള്ളത്. മറ്റെവിടെയും കാണാൻ സാധിക്കാത്ത തനത് ജീവിതശൈലിയും സംസ്കാരവും ആണ് ഇവിടെയുള്ള ജനങ്ങൾക്ക്. പന്നിയിറച്ചിയാണ് ഇവരുടെ പ്രധാന ഭക്ഷണം. ഇതുകൂടാതെ മുളങ്കൂമ്പും മുളയരിയും ഇവരുടെ ഭക്ഷണത്തിന്റെ ഭാഗമാണ്.