കോഴിക്കോട്: കർണാടകത്തിലെ ഷിരൂരിലുണ്ടായ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശിയായ ലോറിഡ്രൈവർ അർജുനായുള്ള തിരച്ചിൽ അനിശ്ചിതത്വത്തിലായതിനെ തുടർന്ന് ഷിരൂരിലെത്തി കളക്ടറെ ആശങ്ക അറിയിക്കാൻ കുടുംബം. ഗംഗാവലി പുഴയിലെ അടിയൊഴുക്ക് കുറഞ്ഞിട്ടും അർജുനായുള്ള തിരച്ചിൽ നടക്കുന്നില്ലെന്ന് അർജുന്റെ കുടുംബം ആരോപിച്ചു.
ചൊവ്വാഴ്ച കളക്ടറെ കാണാനാണ് കുടുംബത്തിന്റെ ശ്രമം. പുഴയിൽ ഒഴുക്ക് കുറഞ്ഞ സാഹചര്യത്തിൽ തിരച്ചിൽ തുടങ്ങിയില്ലെങ്കിൽ കുടുബാംഗങ്ങൾ ഒന്നിച്ച് ഷിരൂരിൽ എത്തി പ്രതിഷേധിക്കുമെന്നും അർജുൻ്റെ കുടുംബം വ്യക്തമാക്കി.
തെരച്ചിൽ മനപൂർവം വൈകിപ്പിക്കുന്നു എന്നതാണ് സംശയമെന്ന് അർജുന്റെ സഹോദരീഭർത്താവ് ജിതിൻ ആരോപിച്ചു. രണ്ടുദിവസംകൊണ്ട് തെരച്ചില്‍ പുനരാരംഭിക്കുമെന്നാണ് കഴിഞ്ഞയാഴ്ച അറിയിച്ചത്. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട യാതൊരു തുടര്‍ നടപടികളും ഉണ്ടായില്ല. ജില്ലാ ഭരണകൂടത്തിന് തുടർച്ചയായി വീഴ്ച സംഭവിക്കുന്നുവെന്നും ജിതിൻ പറഞ്ഞു.
അവലോകന യോഗം ഉണ്ടെന്ന് കർണാടക ചീഫ് സെക്രട്ടറി പറയുന്നുവെന്നും അങ്ങനെ ഒരു യോഗം ഇല്ലെന്ന് കളക്ടർ പറയുന്നുവെന്നും കുടുംബം പറഞ്ഞു. കാലാവസ്ഥ ഏറ്റവും അനുകൂലമെന്നാണ് ഈശ്വർ മാൽപെ അറിയിച്ചത്. കേരള സർക്കാരിലും നേതാക്കളിലും സമ്മർദ്ദം ചൊലുത്താൻ ശ്രമിക്കുമെന്നും കുടുംബം വ്യക്തമാക്കി.
ജൂലൈ 16-ന് രാവിലെ കര്‍ണാടക-ഗോവ അതിര്‍ത്തിയിലൂടെ കടന്നുപോകുന്ന പനവേൽ-കന്യാകുമാരി ദേശീയപാതയിലായിരുന്നു കോഴിക്കോട് കണ്ണാടിക്കല്‍ സ്വദേശി അര്ജുന് സഞ്ചരിച്ച ലോറി അപകടത്തില്‍പ്പെട്ടത്. ദിവസങ്ങൾ പ്രദേശത്ത് തെരച്ചിൽ നടത്തിയെങ്കിലും ഒരു വിവരവും ലഭിച്ചിരുന്നില്ല.