ബംഗളൂരു: ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ ട്രക്ക് ഡ്രൈവര്‍ അര്‍ജുനെ കണ്ടെത്താനുള്ള തെരച്ചില്‍ സംബന്ധിച്ച് ചർച്ച ചെയ്യാൻ കാർവാറിൽ അടിയന്തര യോഗം ചേരുന്നു. ജില്ലാ കളക്ടർ, എസ്പി, കാർവാർ എംഎൽഎ തുടങ്ങിയവർ യോഗത്തിൽ പങ്കെടുക്കുന്നുണ്ട്.
അര്‍ജുനായി രക്ഷാദൗത്യം തുടരുന്നതില്‍ പ്രതിസന്ധിയെന്ന് കര്‍ണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാര്‍ പറഞ്ഞു. ഗംഗാവാലി പുഴയിലെ അടിയൊഴുക്ക് വെല്ലുവിളിയാണ്. അര്‍ജുനെ കണ്ടെത്താന്‍ എല്ലാ ശ്രമങ്ങളും നടത്തി.
പുഴയിലെ ഒഴുക്കിന്റെ അളവ് എല്ലാ ദിവസവും പരിശോധിക്കുന്നുമുണ്ട്. അഞ്ച് നോട്ടിക്കല്‍ മൈലിന് മുകളിലാണ് നിലവില്‍ പുഴയിലെ ഒഴുക്ക്. ഈ സാഹചര്യത്തില്‍ പുഴയില്‍ ഡൈവ് ചെയ്യാനോ ഡ്രഡ്ജ് ചെയ്യാനോ സാധിക്കില്ല. അതുകൊണ്ട് തന്നെ പുഴയിലെ ഒഴുക്ക് കുറയുന്നതിനനുസരിച്ചായിരിക്കും പരിശോധന. പ്രതികൂല സാഹചര്യങ്ങളാണെങ്കിലും ദൗത്യം അവസാനിപ്പിക്കില്ലെന്നും തിരച്ചില്‍ തുടരുമെന്നും ശിവകുമാര്‍ വ്യക്തമാക്കി.
അതേസമയം പുഴയിലെ ഒഴുക്ക് മനസിലാക്കുന്നതിനായി നാവിക സേന ഗംഗാവലി പുഴയില്‍ പരിശോധന നടത്തി. അടിയൊഴുക്ക് കുറഞ്ഞാല്‍ പുഴയിലിറങ്ങിയുള്ള തെരച്ചില്‍ ആരംഭിക്കാനാകുമെന്നാണ് അധികൃതര്‍ പറയുന്നത്. തെരച്ചില്‍ വൈകുന്നതിനെതിരെ അര്‍ജുന്റെ കുടുംബം രംഗത്തെത്തിയിരുന്നു.
തെരച്ചില്‍ ആരംഭിക്കാൻ കേരള സര്‍ക്കാര്‍ കര്‍ണാടക സര്‍ക്കാരില്‍ സമ്മര്‍ദം ശക്തമാക്കിയതിനിടെയാണ് നാവിക സേനയുടെ പരിശോധന.