ബംഗളൂരു: ഷിരൂരില്‍ അര്‍ജുനായി രക്ഷാദൗത്യം തുടരുന്നതില്‍ പ്രതിസന്ധിയെന്ന് കര്‍ണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാര്‍. ഗംഗാവാലി പുഴയിലെ അടിയൊഴുക്ക് വെല്ലുവിളിയാണ്. അര്‍ജുനെ കണ്ടെത്താന്‍ എല്ലാ ശ്രമങ്ങളും നടത്തിയെന്നും അദ്ദേഹം പറഞ്ഞു.
പുഴയിലെ ഒഴുക്കിന്റെ അളവ് എല്ലാ ദിവസവും പരിശോധിക്കുന്നുമുണ്ട്. അഞ്ച് നോട്ടിക്കല്‍ മൈലിന് മുകളിലാണ് നിലവില്‍ പുഴയിലെ ഒഴുക്ക്. ഈ സാഹചര്യത്തില്‍ പുഴയില്‍ ഡൈവ് ചെയ്യാനോ ഡ്രഡ്ജ് ചെയ്യാനോ സാധിക്കില്ല. അതുകൊണ്ട് തന്നെ പുഴയിലെ ഒഴുക്ക് കുറയുന്നതിനനുസരിച്ചായിരിക്കും പരിശോധന. പ്രതികൂല സാഹചര്യങ്ങളാണെങ്കിലും ദൗത്യം അവസാനിപ്പിക്കില്ലെന്നും തിരച്ചില്‍ തുടരുമെന്നും ശിവകുമാര്‍ വ്യക്തമാക്കി.
ഗംഗാവാലി പുഴയിലെ ഒഴുക്ക് കുറയുന്നതിന് അനുസരിച്ച് പുഴയില്‍ ഇറങ്ങി പരിശോധിക്കുമെന്നാണ് ജില്ലാ ഭരണകൂടം അറിയിച്ചിരിക്കുന്നത്.
അതെസമയം, അർജുനായുള്ള തിരച്ചിൽ അനിശ്ചിതത്വത്തിലായതിനെ തുടർന്ന് ഷിരൂരിലെത്തി കളക്ടറെ ആശങ്ക അറിയിക്കാൻ കുടുംബം. ഗംഗാവലി പുഴയിലെ അടിയൊഴുക്ക് കുറഞ്ഞിട്ടും അർജുനായുള്ള തിരച്ചിൽ നടക്കുന്നില്ലെന്ന് അർജുന്റെ കുടുംബം ആരോപിച്ചു.
ചൊവ്വാഴ്ച കളക്ടറെ കാണാനാണ് കുടുംബത്തിന്റെ ശ്രമം. പുഴയിൽ ഒഴുക്ക് കുറഞ്ഞ സാഹചര്യത്തിൽ തിരച്ചിൽ തുടങ്ങിയില്ലെങ്കിൽ കുടുബാംഗങ്ങൾ ഒന്നിച്ച് ഷിരൂരിൽ എത്തി പ്രതിഷേധിക്കുമെന്നും അർജുൻ്റെ കുടുംബം വ്യക്തമാക്കി.
തെരച്ചിൽ മനപൂർവം വൈകിപ്പിക്കുന്നു എന്നതാണ് സംശയമെന്ന് അർജുന്റെ സഹോദരീഭർത്താവ് ജിതിൻ ആരോപിച്ചു. രണ്ടുദിവസംകൊണ്ട് തെരച്ചില്‍ പുനരാരംഭിക്കുമെന്നാണ് കഴിഞ്ഞയാഴ്ച അറിയിച്ചത്. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട യാതൊരു തുടര്‍ നടപടികളും ഉണ്ടായില്ല. ജില്ലാ ഭരണകൂടത്തിന് തുടർച്ചയായി വീഴ്ച സംഭവിക്കുന്നുവെന്നും ജിതിൻ പറഞ്ഞു.