Kerala

Wayanad landslide- തിരച്ചില്‍ തുടരും; ചാലിയാറില്‍ ഇന്ന് രണ്ട് മൃതദേഹ ഭാഗങ്ങള്‍ കൂടി കണ്ടെത്തി

ഇരുട്ടുകുത്തിയിലും കൊട്ടുപാറയിലുമാണ് ശരീരഭാ​​ഗങ്ങൾ കണ്ടെത്തിയത്

മലപ്പുറം: വയനാട്, മുണ്ടക്കൈ ഉരുള്‍പൊട്ടലില്‍ കാണാതായവര്‍ക്കായുള്ള തിരച്ചില്‍ തുടരും. ഇന്നത്തെ തിരച്ചില്‍ ചാലിയാര്‍ തീരത്തുനിന്ന് 2 മൃതദേഹ ഭാഗങ്ങള്‍ കണ്ടെടുത്തു. ഇരുട്ടുകുത്തിയിലും കൊട്ടുപാറയിലുമാണ് ശരീരഭാ​​ഗങ്ങൾ കണ്ടെത്തിയത്. ചാലിയാറിനോട് ചേർന്ന ഭാഗങ്ങളാണ് ഇത്.

എന്‍ഡിആര്‍എഫ്, അഗ്നിരക്ഷാസേന, സിവില്‍ ഡിഫന്‍സ് സേന, പൊലീസ്, വനം വകുപ്പ് എന്നിവര്‍ ചേര്‍ന്നാണ് ചാലിയാറിൽ തിരച്ചില്‍ നടത്തിയത്. മുണ്ടേരി ഫാം മുതല്‍ പരപ്പന്‍പാറ വരെയുള്ള അഞ്ച് കിലോമീറ്റര്‍ ദൈര്‍ഘ്യത്തിലായിരുന്നു തിരച്ചില്‍. 60 അംഗ സംഘമായിരുന്നു തിരച്ചിലിനുണ്ടായിരുന്നത്. വൈദഗ്ധ്യം ആവശ്യമായതിനാല്‍ ചാലിയാര്‍ പുഴയിലെ തിരച്ചിലിന് സന്നദ്ധ പ്രവര്‍ത്തകര്‍ക്ക് അനുമതി നല്‍കിയിരുന്നില്ല.

വനമേഖലയായ പാണന്‍ കായത്തില്‍ 10 സന്നദ്ധപ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 50 അംഗ സംഘവും പാണന്‍കായം മുതല്‍ പൂക്കോട്ടുമനവരെയും പൂക്കോട്ടുമന മുതല്‍ ചാലിയാര്‍ മുക്കുവരെയും 20 സന്നദ്ധപ്രവര്‍ത്തരും 10 പൊലീസുകാരും അടങ്ങുന്ന 30 അംഗ സംഘങ്ങളും തിരച്ചില്‍ നടത്തി. ഇരുട്ടുകുത്തി മുതല്‍ കുമ്പളപ്പാറ വരെ സന്നദ്ധ പ്രവര്‍ത്തകര്‍ ഉള്‍പ്പെടുന്ന 40 അംഗ സംഘവും തിരച്ചിലിനുണ്ടായിരുന്നു.

അതേസമയം, ക്യാമ്പില്‍ കഴിയുന്നവരുടെ താല്‍ക്കാലിക പുനരധിവാസത്തിനായി 253 വാടകവീടുകള്‍ കണ്ടെത്തിയുണ്ട്. നൂറോളം നൂറോളം കെട്ടിട ഉടമകള്‍ സന്നദ്ധതയും അറിയിച്ചിട്ടുണ്ട്.ക്യാമ്പുകളിലും ആശുപത്രികളിലും കഴിയുന്നവരുടെ അഭിപ്രായങ്ങള്‍ പരിഗണിച്ചായിരിക്കും താല്‍ക്കാലിക പുനരധിവാസം.ദുരന്തബാധിതരുടെ ഉരുളെടുത്ത രേഖകള്‍ വീണ്ടെടുക്കുന്നതിനായി പ്രത്യേക ക്യാമ്പുകള്‍ക്കും തുടക്കമായി. ദുരന്തത്തില്‍ മരിച്ചവരുടെയും, ഈടുവച്ച വസ്തുവകകള്‍ നഷ്ടമായവരുടെയും മുഴുവന്‍ വായ്പകളും കേരള ബാങ്ക് എഴുതിത്തള്ളും.