സിംല: ഉത്തരേന്ത്യയിൽ മഴക്കെടുതി ശക്തമായി തുടരുന്നു. ഹിമാചൽ പ്രദേശിൽ മിന്നൽ പ്രളയത്തിൽ മൂന്ന് പെൺകുട്ടികൾ മരിച്ചു. ഒരാളെ കാണാതായി. കഴിഞ്ഞ ദിവസങ്ങളിൽ വിവിധ സംസ്ഥാനങ്ങളിലായി 28 പേർക്ക് ജീവൻ നഷ്ടമായി.
രാജസ്ഥാനിലാണ് കൂടുതൽ പേർക്ക് ജീവൻ നഷ്ടമായത്. സംസ്ഥാനത്ത് മാത്രം 16 മരണമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഡൽഹിയിൽ പലയിടത്തും കനത്ത മഴ തുടരുന്നുണ്ട്.
നാല് സംസ്ഥാനങ്ങൾക്ക് ഇന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലേർട്ടാണ് നല്കിയിരിക്കുന്നത്. രാവിലെ മുഖ്യമന്ത്രി ഭജൻലാൽ ശർമയുടെ അധ്യക്ഷതയിൽ അടിയന്തരയോഗം ചേർന്ന് സ്ഥിതി വിലയിരുത്തി.
പഞ്ചാബിൽ മഴവെള്ളപാച്ചിലിൽ വാഹനം ഒലിച്ചുപോയി ഒരു കുടുംബത്തിലെ 8 പേരടക്കം 9 പേർ മരിച്ചു. ഹരിയാനയിലും കനത്ത മഴയിൽ പലയിടത്തും വെള്ളപ്പൊക്കമുണ്ടായി. കനത്ത മഴയിൽ റോഡുകൾ തകർന്നതിനാൽ അമർനാഥ് തീർത്ഥയാത്ര താല്കാലികമായി നിർത്തി.