ന്യൂഡല്‍ഹി: രാജ്യത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ (നാഷണല്‍ ഇന്‍സ്റ്റിറ്റിയൂഷണല്‍ റാങ്കിംഗ് ഫ്രെയിംവര്‍ക്ക് – NIRF) പട്ടികയില്‍ കേരളത്തിനും സര്‍വകലാശാലകള്‍ക്കും മികച്ച നേട്ടം. സംസ്ഥാന പൊതു സര്‍വകലാശാലയുടെ പട്ടികയില്‍ കേരള സര്‍വകലാശാല ഒമ്പതാം റാങ്ക് കുസാറ്റ് 10, എംജി 11, കാലിക്കറ്റ് യൂണിവേഴ്‌സിറ്റി 43 -ാം റാങ്ക് നേടി. ഓവറോള്‍ റാങ്കിങ്ങില്‍ കേരള സര്‍വകലാശാലക്ക് 38-ാം റാങ്കുമുണ്ട്. ആദ്യ 200 റാങ്കുകളില്‍ 42 സ്ഥാനങ്ങള്‍ കേരളത്തിലെ കോളജുകള്‍ക്കാണ്.
ആര്‍ക്കിടെക്ചര്‍ ആന്റ് പ്ലാനിങ് റാങ്കിങ്ങില്‍ എന്‍.ഐ.ടി കാലിക്കറ്റ് മൂന്നാം സ്ഥാനത്തും തിരുവനന്തപുരം ഗവ. എന്‍ജിനീയറിങ് കോളേജ് (സി.ഇ.ടി)18-ാം സ്ഥാനത്തുമുണ്ട്. മാനേജ്മെൻ്റ് സ്ഥാപനങ്ങളുടെ പട്ടികയിൽ ഐ ഐ എം കോഴിക്കോട് മൂന്നാം സ്ഥാനത്തുണ്ട്. NIRF റാങ്കിങ്ങില്‍ ഉള്‍പ്പെട്ട ആദ്യ 300 കോളേജുകളില്‍ 71 എണ്ണം കേരളത്തില്‍ നിന്നുള്ളവയാണ്, അതില്‍ 16 എണ്ണം ഗവണ്‍മെന്റ് കോളേജുകളാണ്.
കോളേജുകളുടെ പട്ടികയില്‍ ആദ്യ 100 ല്‍ 16 കോളേജുകളും ആദ്യ 200 ല്‍ 42 കോളേജുകളും ഉള്‍പ്പെട്ടിട്ടുണ്ട്. ആദ്യ 300 ല്‍ 71 കോളേജുകളാണ് കേരളത്തില്‍ നിന്നും ഉള്‍പ്പെട്ടിട്ടുള്ളത്. രാജഗിരി കോളേജ് ഓഫ് സോഷ്യല്‍ സയന്‍സസ് 20-ാം റാങ്കും, തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ് 22-ാം റാങ്കും, എറണാകുളം സെന്റ് തെരേസാസ് കോളേജ് 46-ാം റാങ്കും, സേക്രഡ് ഹാര്‍ട്ട് കോളേജ് തേവര 48-ാം റാങ്കും, ഗവ. വിമന്‍സ് കോളേജ് തിരുവനന്തപുരം 49-ാം റാങ്കും, എറണാകുളം മഹാരാജാസ് കോളേജ് 53-ാം റാങ്കും നേടിയിട്ടുണ്ട്.
ആദ്യ 100ല്‍ തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ് (റാങ്ക് – 22), ഗവ. വിമന്‍സ് കോളേജ് (റാങ്ക് – 49), എറണാകുളം മഹാരാജാസ് കോളേജ് (റാങ്ക് -53), പാലക്കാട് വിക്ടോറിയ കോളേജ് (റാങ്ക് -84) എന്നീ 4 ഗവണ്‍മെന്റ് കോളേജുകളും ആദ്യ 150 ല്‍ ഈ നാല് കോളേജുകള്‍ക്ക് പുറമേ ബ്രണ്ണന്‍ കോളേജ്, ആറ്റിങ്ങല്‍ ഗവ കോളേജ്, കോഴിക്കോട് മീന്‍ചന്ത ആര്‍ട്സ് & സയന്‍സ് കോളേജ്, കോട്ടയം ഗവ. കോളേജ് എന്നിവയും 151 മുതല്‍ 200 ബാന്റില്‍ നെടുമങ്ങാട് ഗവ കോളേജും പട്ടാമ്പി ഗവ കോളേജും ഉള്‍പ്പെട്ടിട്ടുണ്ട്.
നാഷണല്‍ ബോര്‍ഡ് ഓഫ് അക്രഡിറ്റേഷനും നാഷണല്‍ ഇന്‍സ്റ്റിറ്റിയൂഷന്‍ റാങ്കിംഗ് ഫ്രെയിംവര്‍ക്കും ചേര്‍ന്നാണ് പട്ടിക തയാറാക്കിയത്. ഐഐടി മദ്രാസാണ് രാജ്യത്തെ ഏറ്റവും മികച്ച വിദ്യാഭ്യാസ സ്ഥാപനമായി തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സാണ് രണ്ടാം സ്ഥാനത്ത്. ഐഐടി ബോംബെ മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പട്ടികയില്‍ മൂന്നാം സ്ഥാനത്തുമാണ്. മാനേജ്‌മെന്റ് സ്ഥാപനങ്ങളുടെ പട്ടികയില്‍ ഐഐഎം അഹമ്മദാബാദാണ് ഒന്നാം സ്ഥാനത്ത്.
മികച്ച മാനേജ്‌മെന്റ് സ്ഥാപനങ്ങളുടെ വിഭാഗത്തില്‍ കോഴിക്കോട് ഐഐഎം മൂന്നാം സ്ഥാനത്തുമെത്തിയിട്ടുണ്ട്. മെഡിക്കല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഡല്‍ഹി എയിംസാണ് മുന്നില്‍ നില്‍ക്കുന്നത്. മികച്ച കോളജുകളുടെ പട്ടികയില്‍ ഡല്‍ഹിയിലെ ഹിന്ദു കോളജും ഒന്നാം സ്ഥാനത്തെത്തി.