ബെംഗളൂരു: കര്‍ണാടകയിലെ ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ മലയാളി ലോറി ഡ്രൈവര്‍ അര്‍ജുനെ കണ്ടെത്താനുള്ള ദൗത്യം വീണ്ടും തുടങ്ങുന്നു. നാവികസേനയുടെ നേതൃത്വത്തില്‍ ഗംഗാവലി പുഴയില്‍ നാളെ തിരച്ചില്‍ പുനരാരംഭിക്കും. ഇന്ന് കാര്‍വാറില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനമുണ്ടായിരിക്കുന്നത്. ഇന്ന് നാവികസേനയുടെ പ്രാഥമിക പരിശോധനയ്ക്ക് ശേഷമാണ് ദൗത്യം നാളെ പുനരാരംഭിക്കാന്‍ തീരുമാനമുണ്ടായിരിക്കുന്നത്.
ലോറിയുടെ സ്ഥാനം മാറിയിട്ടുണ്ടോ എന്ന് അറിയുകയാണ് പ്രധാനലക്ഷ്യം. പുഴയില്‍ ഇപ്പോള്‍ ഒഴുക്ക് കുറവുണ്ടെന്ന് തിങ്കളാഴ്ച കാര്‍വാറില്‍ ചേര്‍ന്ന ഉന്നതതലയോഗം വിലയിരുത്തി. നാളെ പുഴയില്‍ റഡാര്‍ പരിശോധനയാകും നടക്കുക. ഇതിന് ശേഷമാകും പുഴയിലിറങ്ങിയുള്ള തിരച്ചില്‍ ഏത് വിധത്തില്‍ വേണമെന്ന് തീരുമാനിക്കുക. നേരത്തെ ലോറിയുണ്ടെന്ന് സൂചന ലഭിച്ച ഭാഗത്താകും തിരച്ചില്‍ നടത്തുക.
അതേസമയം ഷിരൂര്‍ ദൗത്യം തുടരുന്നതുമായി ബന്ധപ്പെട്ട കേസ് കര്‍ണാടക ഹൈക്കോടതി തിങ്കളാഴ്ച പരിഗണിച്ചില്ല. ഷിരൂരിലെ തിരച്ചില്‍ ദൗത്യം തുടരണമെന്ന് കര്‍ണാടക ഹൈക്കോടതി നേരത്തെ നിര്‍ദേശിച്ചിരുന്നു. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ സംയുക്തമായി തിരച്ചില്‍ തുടരണമെന്നായിരുന്നു ഹൈക്കോടതിയുടെ നിര്‍ദ്ദേശം. എന്നാല്‍ ഗംഗാവലി പുഴയിലെ ഒഴുക്ക് അഞ്ച് നോട്ടിക്കല്‍ മൈലിന് മുകളിലായ സാഹചര്യത്തില്‍ തിരച്ചില്‍ നിര്‍ത്തിവയ്ക്കുകയായിരുന്നു.