ജോർദാനിലും സിറിയയിലും യുഎസിലെ ലോസ് ഏഞ്ചൽസിലും ഭൂചലനം. ജോർദാൻ – സിറിയ മേഖലയിൽ റിക്ടർ സ്കെയിലിൽ 4.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായതെന്ന് ജർമ്മൻ റിസർച്ച് സെൻ്റർ ഫോർ ജിയോസയൻസസ് വ്യക്തമാക്കി. സിറിയൻ നഗരമായ ഹമയ്ക്ക് സമീപം ഭൂകമ്പത്തിൻ്റെ പ്രഭവകേന്ദ്രം രേഖപ്പെടുത്തിയതായി സിറിയയുടെ സ്റ്റേറ്റ് ന്യൂസ് ഏജൻസി അറിയിച്ചു. സിറിയയിലുടനീളമുള്ള ജനങ്ങൾക്ക് ഭൂചലനം അനുഭവപ്പെട്ടു. ആളപായമില്ല.
ലോസ് ഏഞ്ചൽസിൽ 4.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. സമുദ്രനിരപ്പിൽ നിന്ന് 12.1 കിലോമീറ്റർ താഴ്ചയിലാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം. 2023 ഫെബ്രുവരിയിൽ തുർക്കിയിലും സിറിയയിലും വ്യാപകനാശം വരുത്തിയ ഭൂകമ്പത്തിൽ ഇരുപതിനായിരത്തിലേറെ ആളുകളാണ് മരിച്ചത്.
അതേസമയം, വൻ ഭൂചലനത്തിന് സാധ്യതയെന്ന മുന്നറിയിപ്പിനെത്തുടർന്ന് ജപ്പാനിൽ അതീവ ജാഗ്രത തുടരുകയാണ്. എന്തും നേരിടാൻ തയ്യാറാകണമെന്നാണ് അധികൃതർ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ആണവനിലയങ്ങൾക്കും അതീവ ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. ഭൂചലനത്തെ നേരിടാൻ ജപ്പാൻ സർക്കാർ പ്രത്യേക ടാസ്ക് ഫോഴ്സ് രൂപീകരിച്ചിച്ചുള്ളതായി എഎഫ്പി റിപ്പോർട്ട് ചെയ്തിരുന്നു. പ്രത്യേക സാഹചര്യത്തിൽ ജാപ്പനീസ് പ്രധാനമന്ത്രി നാല് ദിവസത്തെ മധ്യേഷ്യ യാത്ര റദ്ദാക്കി.
രാജ്യത്ത് കഴിഞ്ഞ ദിസം 7.1 തീവ്രതയുള്ള ഭൂചലനം ഉണ്ടായിരുന്നു. ഇനി 9 വരെ തീവ്രതയുള്ള ഭൂചലനം ഉണ്ടാകുമെന്നാണ് ഇപ്പോൾ മുന്നറിയിപ്പ് വന്നിരിക്കുന്നത്. ചരിത്രത്തിലാദ്യമായാണ് ഇത്രയും വലിയ മുന്നറിയിപ്പ് രാജ്യത്ത് നൽകുന്നത്. മെഗാപ്രകമ്പനത്തിന് സാധ്യത എന്നാണ് മെറ്റീരോളജിക്കല്‍ ഏജന്‍സിയുടെ മുന്നറിയിപ്പ്.ലോകത്തില്‍ ഏറ്റവുമധികം ഭൂകമ്പങ്ങള്‍ അനുഭവപ്പെടുന്ന മേഖലകളിലൊന്നാണ് ജപ്പാന്‍.