ഒന്ന് ചീയുമ്പോൾ മറ്റൊന്നിനു വളമാകുന്നു. ചീയാതിരിക്കാനുള്ള ശ്രമമാണ് ആദിമമായ നിലനില്പിന്റെ പ്രാഥമികചോദന. അതിജീവനം. നിലനില്പ്. ആത്യന്തികമായി, ഒന്നു മറ്റൊന്നിനോട് മത്സരിച്ചു കൊണ്ടിരിക്കുന്നു. ഇതിനിടയിൽ ഉടലെടുക്കുന്ന അന്തർധാരകൾ സമൂഹത്തിന്റെ മൂലതന്ത്രികൾ ഉണ്ടാക്കുന്നു. വ്യക്തിപരമായ ഓട്ടങ്ങൾക്ക് സമാന്തരമായി ഒരു സമൂഹം എന്ന നിലയിലും നമ്മൾ മത്സരിച്ചു കൊണ്ടിരിക്കുന്നു. മേൽക്കൊയ്മ നേടിയെടുക്കാനുള്ള നിരന്തരവും നിർണായകവുമായ ഈ പ്രതിഭാസം ഓരോ ജീവിയിലും നിരന്തരമായ സങ്കീർണതകളുണ്ടാക്കിക്കൊണ്ടേയിരിക്കുന്നു.
വിശപ്പിന്റെ വിളിയെന്ന് ഇതിനെയാണ് നമ്മൾ മൊത്തത്തിൽ പറയുന്നത്. രണ്ടാമതായി, മറ്റൊരു ജീവിയുടെ വിശപ്പിന്റെ വിളിയിൽ നിന്നുമുള്ള സ്വയം പ്രതിരോധമാണ് . സ്വയരക്ഷ. സുരക്ഷിതമായ വാസസ്ഥാനങ്ങൾ ഇതിനായുള്ള നിർമിതികളാണ്. അങ്ങനെ ഒന്ന് കഴിയുമ്പോൾ ഒന്നായി വളർന്നു വരുന്ന ആവശ്യങ്ങൾ മുന്നിലേക്കുള്ള പ്രയാണത്തെ നിർണയിക്കുന്നു. നാം വളർത്തിയെടുക്കുന്ന വികസനങ്ങളും ജീവിതസാഹചര്യങ്ങളും ഇത്തരം ഓട്ടങ്ങളുടെ അനന്തരഫലമാണ്. ഈ യാത്ര നമ്മിൽ ഉണ്ടാക്കിയെടുക്കുന്ന സ്വാഭാവികമായ ആശങ്കകൾ പലതരം മാനസിക സങ്കർഷങ്ങളിലേക്ക് നമ്മെ കൊണ്ടെത്തിക്കുന്നു. ഇതൊരു സങ്കീർണമായ സാഹചര്യമാണ്. നിൽനിൽപ്പിന്റെ അടിസ്ഥാനപരമായ ചോദനയിലാണ് സ്ട്രെസ് (stress ) എന്ന് നാം പൊതുവെ വിളിക്കുന്ന ഈ പ്രശ്നത്തിന്റെ പ്രഭവകേന്ദ്രം. അത് ഇല്ലാതായാൽ, നാം തന്നെ ഇല്ലാതെയാകുന്നു. അതേ, സമയം, അതിലുണ്ടാകുന്ന വ്യാമിശ്രമായ ഗഹനത മനുഷ്യവംശത്തെ മാനസികമായ ഒരു എലിപ്പത്തായത്തിലേക്കെത്തിക്കുന്നു.
ഓർഗനനൈസേഷണൽ ട്രാൻസ്ഫോർമേഷനുകളുടെ (ORGANISATIONAL TRANSFORMATION) ഭാഗമായി, കേരളത്തിലും പുറത്തുമായി പലതരം കമ്പനികളുടെ കൂടെ പ്രവർത്തിച്ചപ്പോളാണ് ഈ പ്രശ്നത്തിന്റെ വ്യാപ്തി മനസിലായി തുടങ്ങിയത്. പല കണക്കുകളും ഞെട്ടിപ്പിക്കുന്നതായിരുന്നു. നമ്മുടെ ജീവനക്കാർക്കിടയിൽ സ്ട്രെസ് ഉണ്ടാക്കുന്ന മാനസികപ്രശ്നങ്ങളുടെ വ്യാപ്തി ഏകദേശം മുപ്പതും അമ്പതും ശതമാനത്തിനിടയിലാണ്. എന്നാലോ, ഈ പ്രശ്നങ്ങൾക്ക് നാം പരിഹാരം കാണാൻ ശ്രമിക്കുന്നത്, വലിയ കാര്യങ്ങളിൽ മാത്രമൂന്നിയാണ് എന്നത് ദൗർഭാഗ്യകരമാണ്. മാറേണ്ടത്, ഈ സാമൂഹിക സാഹചര്യമാണ്.
ഫെെറ്റ ഓർ ഫ്ലെെറ്റ് (FLIGHT OR FIGHT – ഓടി രക്ഷപ്പെടുക അല്ലെന്കിൽ പൊരുതി ജയിക്കുക) എന്ന തലച്ചോറിന്റെ സ്വഭാവികമായ പ്രതികരണസമവാക്യത്തിലുണ്ട് ഈ പ്രശ്നത്തിലേക്കുള്ള മാർഗം. ഒരുദാഹരണമെടുക്കാം. നാം വളരെ ശ്രദ്ധയോടെ ചെയ്യേണ്ട ഒരു ജോലി ചെയ്തു കൊണ്ടിരിക്കുന്നു. അത് എന്തുമാകട്ടെ. അടുക്കളയിൽ പണിയെടുക്കുന്നത് മുതൽ ഡ്രൈവിങ്ങോ വായനയോ ഓഫീസിൽ ജോലിയോ എന്തുമാകാം. പെട്ടെന്ന് ഒരു മൊബൈൽ നോട്ടിഫിക്കേഷൻ വരുന്നു. നമ്മുടെ തലച്ചോറിന് ഇതൊരു സൂചനയാണ്. പ്രതികരണം ആവശ്യമുള്ള സാമൂഹിക സാഹചര്യമാണ്. അത് നമ്മളെ ഈ പ്രാഥമിക മാനസികചോദനയിലേക്ക് നയിക്കുന്നു. നല്ലൊരു ശതമാനം ഇത്തരം നോട്ടിഫിക്കേഷനുകളും സവിശേഷ ശ്രദ്ധ ആവശ്യമില്ലാത്തവയാണ്. പക്ഷേ, അതിനെ പൂർണമായും നിരാകരിക്കാൻ നമ്മുടെ തലച്ചോറിലെ 8606 കോടിയോളം വരുന്ന ന്യൂറോണുകൾക്ക് സാധ്യമല്ല. മറ്റൊരു സമാനസാഹചര്യവുമായും താരതമ്യപ്പെടുത്തുമ്പോൾ ആണ് ഈ പ്രശ്നത്തിന്റെ വ്യാപ്തി നമ്മൾ മനസിലാക്കുക.
ഞാൻ ജനിച്ചു വളർന്നത് വയനാട്ടിലാണ്. ഞങ്ങളുടെ കുട്ടിക്കാലത്തൊന്നും അവിടെ കാട്ടുമൃഗങ്ങൾ നാട്ടിൽ ഇറങ്ങാറുണ്ടായിരുന്നില്ല. രാവിലെ 4 മണിയാകുമ്പോൾ സൈക്കിളിന്റെ വെട്ടത്തിൽ പത്രം കൊടുക്കാൻ പോകും. ഇരുട്ടിനെ ഭയന്നിരുന്നില്ല… കാലം മാറുന്നു. നാട്ടിലാകെ കാട്ടുമൃഗങ്ങൾ പെരുകുന്നു. ഏതു സമയത്തും എവിടെ നിന്നും ചാടി വീഴാവുന്ന ഒരു പുലി നമ്മുടെ പേടി സ്വപ്നമാകുന്നു. പക്ഷേ, ഇത്തരം ശബ്ദങ്ങളേക്കുറിച്ച് നമ്മുടെ തലച്ചോർ ബോധവനാണ്. പക്ഷേ, ഇത് മാസത്തിലൊ വർഷത്തിലോ ഒരിക്കലെ സംഭവിക്കുന്നുള്ളു. ഇതേ മാനസികാവസ്ഥ സംഭവിക്കുന്ന, നോട്ടിഫിക്കേഷൻ ഓരോ സെക്കന്റിലും നടന്നു കൊണ്ടിരിക്കുന്നു. ഭയം, ഉണരുന്ന സമയം മുതൽ ഉറങ്ങുന്നത് വരെ നിരന്തരമായ ആവർത്തിക്കപ്പെടുന്നു. ഓരോ പ്രാവശ്യവും ഫ്ലെെറ്റ് ഓർ ഫെെറ്റ് (FIGHT OR FLIGHT)മാനസികാവസ്ഥയിലേക്ക് നമ്മളെ ഉണർത്തുന്നു.
ഇത് നമ്മൾ കാട്ടിൽ ജീവിക്കുന്നത് പോലൊരു അവസ്ഥയാണ്. ഏതു സമയത്തും ആക്രമിക്കപ്പെടാവുന്ന അവസ്ഥ. കാട്ടിൽ അകപ്പെട്ട് കുറച്ച് നേരത്തിനുള്ളിൽ തന്നെ നമ്മൾ സുരക്ഷിതമായ ഒരു ഇടം കണ്ടെത്തുന്നു. ഇവിടെ ഭയത്തെ പുറത്താക്കുന്നു. എന്നാൽ, ഈ സാഹചര്യത്തിലേക്ക് നമ്മൾ മൊബൈൽ നോട്ടിഫിക്കേഷനിലേക്കെത്തുന്നില്ല. കുറച്ചു കൂടി വിശാലമായി പറഞ്ഞാൽ അതിനു നമ്മൾ ശ്രമിക്കുന്നില്ല എന്ന് പറയേണ്ടി വരും.
വിശക്കുമ്പോൾ ഒരു പുലി ഇരയെ തേടിയിറങ്ങുന്നു. ഈ യാത്രയിൽ, രണ്ട് തരം സ്ട്രെസ് ആ പുലി അനുഭവിക്കുന്നുണ്ട്. ഇരയേ കണ്ടെത്താനുള്ള യാത്രയാണ് ഒന്നാമത്തേത്. ഈ യാത്ര ആദ്യമല്ല, വളരെ സ്വഭാവികമായ ഒരു പ്രവൃത്തിയാണ്. മെല്ലെ, സമയം പോകുകയും വിശപ്പ് കൂടുകയും ചെയ്യുമ്പോൾ ഈ സ്‌ട്രെസ് വർദ്ധിച്ചു വരുന്നു. ഈ കാത്തിരിപ്പ് എത്ര നീളുന്നോ അത്രയും ശരീരത്തിലെ സട്രെസ് ഹോർമോണുകൾ കൂടുതലായി ഉത്പ്പാദിപ്പിക്കപ്പെടുന്നു. ഇനി ഇരയെ കണ്ടെത്തുന്നതോടെ അത് മറ്റൊരു തരം സ്ട്രെസിലേക്ക് പരിവർത്തനം ചെയ്യപ്പെടുന്നു. ഇനി ആക്രമിക്കാനുള്ള സമയമാണ്. പേശികളിലേക്ക് കൂടുതൽ രക്തം ഇരച്ചു കയറണം. കാലുകളിൽ ഊർജ്ജം സംഭരിക്കണം. പിന്നെ ഇരയിലേക്ക് കുതിക്കണം. ഇത് വെറും ചില നിമിഷങ്ങളുടെ ഒരു പ്രക്രിയയാണ്. ഒരൊറ്റ കുതിച്ചോട്ടം. ഇരയോ വേട്ടക്കാരനെ ആരെങ്കിലും ഒരാൾ മാത്രം ജയിക്കുന്നു. പുലിയ്ക്ക് ഭക്ഷണം ലഭിച്ചാൽ അത് ശാന്തമാകുന്നു. ഇല്ലെങ്കിൽ ആ ഇരയെ ഉപേക്ഷിച്ച് മറ്റൊരു ഇരയിലേക്ക് തിരിയുന്നു. ഇവിടെ പുലി ഒരു സമതുലിതാവസ്ഥ കണ്ടെത്തുന്നു.
ഇന്നാൽ, സോഷ്യൽ മീഡിയകളുടെയും മൊബൈലുകളുടെയും കാലത്ത് ഈ തിരിച്ച് പോക്കാണ് നടക്കാതാവുന്നത്. സുരക്ഷിത ഇടങ്ങളിലേക്ക് നമ്മുക്ക് എത്തിച്ചേരാൻ കഴിയുന്നില്ല. താരതമ്യേന കൂടുതൽ സമയങ്ങളിൽ നമ്മൾ ഇരയും വേട്ടക്കാരനും ആയി തന്നെ ഇരിക്കാൻ ബാധ്യസ്ഥനാവുന്നു. കോർട്ടിസോൾ (CORTISOL) പോലെയുള്ള ഹോർമോണുകൾ നിരന്തരമായി ഉത്പ്പാദിപ്പിക്കപ്പെടുന്നു. പ്രതിരോധശേഷി കുറച്ച് സമയത്തേക്ക് നിഷ്ഫലമാക്കപ്പെടുന്നു. കൂടെ, ഓടാനും ഫെെറ്റ് ചെയ്യാനുമുള്ള പേശീശക്തിയ്ക്കായി കൂടുതലായി ഉത്പ്പാദിപ്പിക്കപ്പെടുന്ന ആഡ്രിനാലിൻ (ADRENALINE) പോലെയുള്ള ഹോർമോണുകൾ ഹൃദയത്തിന്റെ ജോലി വർദ്ധിപ്പിക്കുന്നു. വസോപ്രസിൻ (VASOPRESSIN) രക്തസമർദ്ധം കൂട്ടുന്നു. കോർട്ടിസോൾ കൂടുതൽ ആയി ഉത്പ്പാദിപ്പിക്കപ്പെടുമ്പോൾ ഷുഗർനില ഉയരുന്നു. ഇത് നോർമൽ അവസ്ഥലയിലേക്ക് പോകാൻ കഴിയാത്ത വിധം സങ്കീർണമായി തന്നെ തുടരുകയും ചെയ്യുന്നു.
ഇതിന് സമാന്തരമായാണ് തലച്ചോറിലെ സംതൃപ്തിയുമായി ബന്ധപ്പെട്ടു നിൽക്കുന്ന ഹോർമോണുകളുടെ പ്രവർത്തനം. ടോപോമെെൻ (dopamine) പോലെയുള്ള സംതൃപ്തിയുടെ ഹോർമോണുകളിൽ ഈ നോട്ടിഫിക്കേഷനുകളും സോഷ്യൽ മീഡിയ കണ്ടന്റും നൽകുന്ന പൊടുന്നനെയുള്ള കയറ്റം, സാധാരണ നിലയിലുള്ള ശരീരത്തിന്റെ ഹോർമോൺ പ്രവർത്തനങ്ങളെ പ്രതികൂലമായി ബാധിക്കുന്നു. ന്യൂറോ സയൻസിന്റെ ഭാഷയിൽ ഇത് ലഹരി ഉപയോഗത്തിനു തുല്യമാണ് എന്ന് കാണാം. ടോപോമെൻ (dopamine) അളവിൽ നിരന്തരമായി ഉണ്ടാകുന്ന കയറ്റം, മറ്റു സംതൃപ്തികളെ ഇല്ലാതാക്കുന്നു. നിരന്തരമായി ഇതു തുടരുന്നതിലൂടെ, നമ്മുടെ ദിനചര്യകളെ ഇത് മോശമായി ബാധിച്ചു തുടങ്ങുന്നു. ഇത് വരുത്തി വെയ്ക്കുന്ന യഥാർത്ഥ വിനാശം ഡിലേയ്‍ഡ് ഗ്രാറ്റിഫിക്കേഷനുകളെ (Delayed Gratification – വെെകി വരുന്ന ഫലങ്ങളിലുള്ള സംതൃപ്തി) മെല്ലെ മെല്ലെ ഇല്ലാതാക്കുന്നുവെന്നതാണ്. ഓരോ ലൈക്കും ഷെയറും ഉണ്ടാക്കുന്ന ഇൻസ്റ്റന്റ് ഗ്രാറ്റിഫിക്കേഷൻ (Instant Gratification – പെട്ടെന്ന് കിട്ടുന്ന സംതൃപ്തി) മൂലം നീണ്ടക്കാലം നിലനിൽക്കുന്ന പ്രവൃത്തികളിലൂടെ കിട്ടേണ്ടുന്ന സംതൃപ്തികൾ മതിയാവാതെ വരുന്നു. അതുകൊണ്ടാവാം, മണിക്കൂറുകൾ ബ്രൗസ് ചെയ്ത് കഴിഞ്ഞും നമ്മൾ സോഷ്യൽ മീഡിയ ഉപയോഗിച്ചത് പോരാ എന്ന തോന്നലിൽ തന്നെ നിലയുറപ്പിക്കുന്നത്.
ഈ സാമൂഹിക സാഹചര്യത്തിലാണ്, നാം പൊതുവായി ഉന്നയിക്കുന്ന പ്രതിരോധ നടപടികളുടെ പോരായ്മകളേക്കുറിച്ചുള്ള ചർച്ചകൾ പ്രസക്തമാകുന്നത്. നിരന്തരമായ മാനസികമായ സമ്മർദത്തിൽ ജീവിക്കേണ്ടി വരുന്ന, ഒരു സമൂഹത്തോടാണ് പ്രതിവിധിയായി പലപ്പോഴും നാം വലിയ കാര്യങ്ങളേക്കുറിച്ച് മാത്രം സംസാരിക്കുന്നതെന്നത് വൈരുദ്ധ്യമാണ്. സത്യത്തിൽ ചെറിയ കാര്യങ്ങളേക്കുറിച്ചുള്ള പ്രചാരണത്തിന് സമയമായി എന്ന യഥാർതഥ്യ ബോധമാണ് ഇപ്പോളുണ്ടാകേണ്ടത്. മൊബൈൽ മാറ്റി വെച്ചുള്ള ജീവിതത്തേക്കുറിച്ച് ചിന്തിക്കുന്നത് തികച്ചും അബദ്ധജഡിലമാണ്.
പ്രസിദ്ധ അമേരിക്കൻ ന്യൂറോസയന്റിസ്റ്റായ വെന്റി സുസുക്കി, പറയുന്നത് ടീ മെഡിറ്റേഷൻ പോലെയുള്ള താരതമ്യേന ആർക്കും എളുപ്പത്തിൽ പരിശീലിക്കാവുന്ന മാർഗങ്ങളാണ്. തിച്ച് നാട്ട് ഹാൻ പോലെയുള്ളവരുടെ മൂന്ന് മിനിറ്റ് വെക്കേഷൻ എല്ലാം ഇത്തരത്തിൽ കേരളത്തിലാകമാനം ഇത്തരത്തിൽ ചർച്ച ചെയ്യപ്പെടേണ്ടതുണ്ട്.
ഈ ചർച്ചകളുടെ ആധാരം മനസ് എന്ന അലൗകികതയിൽ നിന്നും വേർപ്പെടുത്തുകയും ശരീരം എന്ന ഭൗതികതയിലേക്ക് പുന പ്രതിഷ്ഠിക്കുകയെന്നതുമാണ്. അമൂർത്തമായ മനസിനു കിട്ടുന്ന പ്രാധാന്യം മൂർത്തമായ ശരീരത്തിന് കിട്ടാതെ വരുന്നത് ഒരു പ്രഹേളികയാണ്. മനുഷ്യൻ എന്ന ജീവി ആത്യന്തികമായി കെമിസ്ട്രി/ഫിസിക്സ് എന്നിവയുടെ ജൈവികമായ ഒരു പ്രതിഭാസമാണ്. ഇതിനെ അതീന്ദ്രിയതയായി പരിഗണിക്കേണ്ടുന്ന ഒരു സാഹചര്യമില്ല. നമുക്ക് ഇനിയും മനസിലാകാതെ കിടക്കുന്ന നൂറു കണക്കിന് മായികത ഇതിനു പിന്നിലുണ്ടെങ്കിലും ഇപ്പോൾ ലഭ്യമായ അറിവുകളെ പ്രവർത്തി പഥത്തിലെത്തിക്കുകയെന്നതിന് കൂടുതൽ ശ്രദ്ധ ആവശ്യമായി വന്നിരിക്കുന്നു. ഏറ്റവും സിംപിൾ ആയി ഒരു പ്രവൃത്തിയിൽ ആരംഭിക്കാം. ഉദ്ദാഹരണത്തിന് മൊബൈലിൽ ആവശ്യമില്ലാത്ത ആപ്പുകളുടെയോ മൊബൈലിന്റെയോ നോട്ടിഫിക്കേഷൻ പൂർണമായും ഓഫാക്കിയിടുന്നു. ഇടവേളകളിൽ മാത്രം തിരിച്ചെത്തുന്ന ഒരിടമായി നാം മൊബൈൽ എന്ന സങ്കേതത്തിന്റെ മേൽ ആധിപത്യം കൈവരിക്കുന്നു. കാട്ടിൽ അകപ്പെട്ടു പോകുമ്പോൾ സുരക്ഷിതമായ ഇടം കണ്ടെത്തുന്നത് പോലെയുള്ള ഒരു പ്രവൃത്തിയാണ് ഇത്. രക്ഷപ്പെടൽ. നിരന്തരമായി നമ്മെ ബോധവാന്മാർ ആക്കി നിറുത്തുന്നതിൽ നിന്നുള്ള ഒരു രക്ഷപ്പെടൽ.
നിരന്തരമായി സ്ട്രെസ് അനുഭവിക്കുന്ന സാഹചര്യത്തിൽ നമ്മുടെ ശരീരത്തിൽ നടക്കുന്ന ചില നിർണായകമായ പ്രതിപ്രവർത്തനം തിരിച്ചറിയേണ്ടത് ഈ അവസരത്തിൽ അത്യന്താപേക്ഷിതമാണ്. ട്രിപ്റ്റോഫാൻ (tryptophan) എന്ന അമിനോ ആസിഡിൽ നിന്നാണ് സെറടോണിൻ (serotonin) എന്ന ഫീൽ ഗുഡ് ഹോർമോൺ ഉൽപ്പാദിപ്പിക്കപ്പെടുന്നത്. നമ്മുടെ സ്ട്രെസ് ലെവൽ വർദ്ധിക്കുമ്പോൾ ഇതേ പാത് വേയിൽ കൂടുതൽ കെയ്നുറെയ്നെൻ (kynurenine) ഉത്പ്പാദിപ്പിക്കപ്പെടുന്നു. ഈ അളവുകൾ കൂടുതൽ ആകുമ്പോൾ ഇത് വിഷാത്മകമായ ക്യുനോലിക് ആസിഡ് (quinolinic acid) ആയി പരിണമിക്കുകയും തുടരെയുള്ള ഇതിന്റെ സാന്നിദ്ധ്യം ബ്രെയിൻ ഇൻഫ്ലെമേഷനു കാരണമാകുന്നു. ഡിപ്രഷൻ, ആങ്ങ്സൈറ്റി (ANXIETY) പോലെയുള്ള സാഹചര്യങ്ങളിലേക്ക് ഇത് വളരുന്നു.
ശാസ്ത്രീയമായ ഈ സാഹചര്യത്തെ നേരിടാനുള്ള ഏറ്റവും ചെറുതും എളുപ്പമുള്ളതുമായ മാർഗം നിരന്തരമായശരീരചലനമാണ് എന്ന് ന്യൂറോ സയൻസ് പറയുന്നു. പക്ഷേ, എങ്ങനെ? നമ്മൾ എക്സർസൈസ് ചെയ്യുമ്പോൾ ഉത്പ്പാദിപ്പിക്കപ്പെടുന്ന എൻസൈമുകൾ നേരത്തെ സൂചിപ്പിച്ച അപകടകാരികളായ ആസിഡുകളെ വിഘടിപ്പിക്കാൻ ശേഷിയുള്ളതാണ്. ഇവിടെ മറ്റൊരു പ്രശ്നം ഉടലെടുക്കുന്നു. എക്സർസൈസ് എന്നത് വലിയ ശാരീരിക/ സാമൂഹിക അവസ്ഥ ആയാണ് സ്വതവേ ചർച്ച ചെയ്യപ്പെടുന്നത്. വെന്റി സുസുക്കിയേപ്പോലെയുള്ള ന്യൂറോ സയന്റിസ്റ്റുകൾ ഇതിനെ സത്യത്തിൽ വളരെ ലളിതമാക്കുന്നുണ്ട്. 20 മുതൽ 40 വരെ മിനിറ്റ് നീളുന്നതും ഹൃദയമിടിപ്പിന്റെ നിരക്ക് ഉയർത്തുന്നതുമായ ഏതൊരു പ്രവൃത്തിയേയും ഈ ഗണത്തിൽ ഉൾപ്പെടുത്താവുന്നതേയുള്ളു. എവിടെയും ചെയ്യാവുന്നത് എന്നാൽ,സ്ക്വാട്ട് പോലെയുള്ള പ്രവൃത്തികൾ ഉദ്ദാഹരണം.
ഡിലെയ്ഡ് ഗ്രാറ്റിഫിക്കേഷൻ നൽകുന്ന നീണ്ട പ്രക്രിയകളെ ചെറിയ ചെറിയ ഗണങ്ങളാക്കി ക്രമീകരിക്കുന്നതിനുള്ള മാർഗങ്ങൾ ജെയിംസ് ക്ലിയറിനേപ്പോലെയുള്ളയുള്ളവർ വികസിപ്പിച്ചിട്ടുണ്ട്. ഡോപോമിൻ (dopamine) സന്തോഷത്തിന്റെ ഹോർമോണായി കണക്കാക്കുന്നതിലും പിശകുകളുണ്ട്. യഥാർത്ഥത്തിൽ ആ പ്രക്രിയയാണ് ഡോപോമിൻ ഉത്പാദനത്തിന് ആവശ്യം എന്ന യഥാർത്ഥ്യം മറന്നു കൂടെ. അതുകൊണ്ട് തന്നെ നീണ്ടു നിൽക്കുന്നതും ആയാസകരവുമായ ലക്ഷ്യങ്ങൾ വെയ്ക്കുന്നതും അത് ദിനചര്യയുടെ ഭാഗമാക്കുന്നതും, സോഷ്യൽ മീഡിയ നിർമ്മിക്കുന്ന സ്ട്രെസ് ലെവലുകൾ കുറക്കുന്നതിന് സഹായകരമാണ്.
ചുരുക്കിപ്പറഞ്ഞാൽ, ഡിജിറ്റൽ സാങ്കേതിക വിദ്യകളും സങ്കീർണമായ മത്സരക്രമങ്ങളും ഉണ്ടാക്കുന്ന മാനസികമായ പ്രതിസന്ധികൾക്ക് മനസ് കേന്ദ്രീകൃതമായ പരിഹാരങ്ങൾക്ക് ബദലായി ശരീരം കേന്ദ്രീകൃതമായ സാഹചര്യങ്ങൾ വികസിപ്പിക്കുകയെന്നതാണ് പുതിയ കാലത്തിന്റെ ആവശ്യം. ഇത്തരത്തിലുള്ള വലിയ അവബോധനിർമിതിയാണ് യഥാർത്ഥത്തിൽ നടക്കേണ്ടത്. ഇത്തരത്തിലുള്ള അവബോധ പ്രചാരണങ്ങളേക്കുറിച്ച് ചിന്തിക്കുമ്പോൾ ചെറുതും ലളിതവുമായ പ്രവൃത്തിഘടന വികസിപ്പിക്കേണ്ടത് ഏറ്റവും അനിവാര്യമാണ്. നോട്ടീഫിക്കേഷൻ ഓഫാക്കുന്നത് മുതൽ വേഗത്തിൽ നടക്കുന്നതും ടീ മെഡിറ്റേഷൻ പോലെയുള്ള ആരും എന്നും ചെയ്യുന്ന പ്രക്രിയയിലേക്കും ഇതിനേ കൊണ്ടു വരാൻ കഴിഞ്ഞാൾ വലിയ മാറ്റം ഉണ്ടാക്കാൻ കഴിയും. ഉപേക്ഷിക്കുന്നതിന് അപ്പുറത്ത് ഉപയോഗപ്പെടുത്താവുന്ന മാർഗങ്ങൾ പ്രചരിപ്പിക്കുകയും അതിന് അനിവാര്യമായ നിങ്ങളാൽ ചെയ്യാവുന്ന (diy) പ്രവൃത്തി പരിചയമാർഗങ്ങൾ വളർത്തിയെടുക്കുകയും വേണം.