അബുദാബി: എല്ലാ പ്രതിബന്ധങ്ങളെയും മറികടന്ന് നിർണ്ണായക ജീവൻരക്ഷാ ദൗത്യത്തിനായി രാജ്യങ്ങളും സർക്കാർ സ്ഥാപനങ്ങളും ആരോഗ്യ പ്രവർത്തകരും കൈകോർത്തപ്പോൾ ജിസിസിയിലെ അവയവദാന രംഗത്ത് അപൂർവ വിജയഗാഥ. നാല്പത്തി മൂന്നുകാരിയായ യുഎഇ നിവാസി നൂറാണ് ബുർജീൽ മെഡിക്കൽ സിറ്റിയിലെ ‘സൂപ്പർ അർജന്റ്’ കരൾ മാറ്റ ശസ്ത്രക്രിയയിലൂടെ പുതു ജീവിതത്തിലേക്ക് പ്രവേശിച്ചത്. യുഎഇയിൽ കരൾ ലഭ്യമല്ലാത്ത സാഹചര്യത്തിൽ ജിസിസി രാഷ്ട്രങ്ങളിൽ നടത്തിയ അന്വേഷണത്തിലാണ് അനുയോജ്യമായ അവയവം കണ്ടെത്തി ജീവൻ രക്ഷാ ദൗത്യം പൂർത്തിയാക്കാൻ മെഡിക്കൽ സംഘത്തിനായത്.
നിർണ്ണായകമായ ആ 48 മണിക്കൂർ
പൂർണ ആരോഗ്യവതിയായിരുന്ന ഇന്തോനേഷ്യൻ പ്രവാസി നൂറിന്റെ ജീവിതം മാറിമറിഞ്ഞത് വളരെ പെട്ടെന്നായിരുന്നു. സാധാരണ പരിശോധനകളിൽ കണ്ടെത്താൻ ബുദ്ധിമുട്ടുള്ള സെറോനെഗറ്റീവ് ഹെപ്പറ്റൈറ്റിസ് മൂലം കരളിന് സംഭവിച്ച ക്ഷതം വളരെ പെട്ടന്ന് കരളിന്റെ പ്രവർത്തനം തന്നെ നിലയ്ക്കാൻ കാരണമായി. 48-72 മണിക്കൂറിനുള്ളിൽ കരൾ മാറ്റി വയ്ക്കുക മാത്രമാണ് ഈ സാഹചര്യത്തിൽ ജീവൻ രക്ഷിക്കാനുള്ള ഒരേയൊരു വഴി. സമയബന്ധിതമായി ഇത് സാധിച്ചില്ലെങ്കിൽ എൺപത് ശതമാനം മരണനിരക്ക്. ഉടൻ അവയവ ദാതാക്കളെ പ്രാദേശികമായി കണ്ടെത്താനായി മെഡിക്കൽ സംഘം യുഎഇ അലേർട്ട് നൽകി. പക്ഷെ ഇത് ഫലം കണ്ടില്ല. ഉടൻ ജിസിസി രാജ്യങ്ങൾക്കെല്ലാമായി ആരോഗ്യ മന്ത്രാലയത്തിന് കീഴിലുള്ള യുഎഇ നാഷണൽ സെന്റര് ഫോർ ഓർഗൻ ഡോണെഷൻ ആൻഡ് ട്രാൻസ്പ്ലാന്റ് അറിയിപ്പ് പുറപ്പെടുവിച്ചു. 24 മണിക്കൂറിനകം കുവൈറ്റിൽ കരൾ ഉണ്ടെന്ന സ്ഥിരീകരണമെത്തി.
ഇതോടെ ഡോ. ഗൗരബ് സെന്നിന്റെ നേതൃത്വത്തിലുള്ള മെഡിക്കൽ സംഘം കുവൈറ്റിലേക്ക് പോകാനൊരുങ്ങി. അബ്ഡോമിനൽ മൾട്ടി-ഓർഗൻ ട്രാൻസ്പ്ലാൻ്റ് പ്രോഗ്രാം ഡയറക്ടർ ഡോ. രെഹാൻ സൈഫിന്റെ നേതൃത്വത്തിലുള്ള സംഘം ദീർഘമായ കരൾ മാറ്റ ശസ്ത്രക്രിയയ്ക്കായി ബിഎംസിയിൽ സജ്ജരായി. അടിയന്തര പിന്തുണ ആവശ്യമായ കേസായതിനാൽ കുവൈറ്റിലേക്ക് പോകാനും തിരിച്ചുവരാനും മെഡിക്കൽ സംഘത്തിന് പ്രൈവറ്റ് ജെറ്റ് ഏർപ്പാടാക്കി യുഎഇ അധികൃതർ. ആരോഗ്യ മന്ത്രാലയം, ഡിപ്പാർട്ട്മെന്റ് ഓഫ് ഹെൽത്ത് – അബുദാബി, കുവൈറ്റ് എംബസി, അബുദാബി എയര്പോര്ട്സ് തുടങ്ങി വിവിധ സർക്കാർ ഏജൻസികളുടെ സംയുക്ത പിന്തുണയോടെ സമയബന്ധിതമായി കരളുമായി തിരിച്ചുവരാൻ സംഘത്തിനായി.
എന്നിട്ടും വെല്ലുവിളിയായി കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ
ഗുരുതരമാം വിധം കരളിന്റെ പ്രവർത്തനം നിലച്ച നൂറിന് കടുത്ത മഞ്ഞപ്പിത്തം തുടങ്ങിയിരുന്നു. രക്തസ്രാവം, ന്യൂറോളജിക്കൽ പ്രശ്‍നങ്ങൾ, അണുബാധ, മറ്റു അവയവങ്ങളുടെ കൂടി പ്രവർത്തനം നിലയ്ക്കാനുള്ള സാധ്യത എന്നിവ കൂടി വന്ന മണിക്കൂറുകൾ. തലച്ചോറിനെ പ്രശ്‍നങ്ങൾ ബാധിച്ചു തുടങ്ങിയതും അനസ്തേഷ്യ നൽകി കഴിഞ്ഞാൽ തലച്ചോറിന്റെ പ്രവർത്തനം നിയന്ത്രിക്കാൻ മെഡിക്കൽ സംഘത്തിന് കഴിയാത്തതും വലിയ വെല്ലുവിളികളായി.
ഡോ. രെഹാൻ സൈഫും ഡോ. ജോൺസ് മാത്യുവും (അബ്ഡോമിനൽ ട്രാൻസ്പ്ലാന്റ്, ഹെപ്പറ്റോ-പാൻക്രിയാറ്റിക്കോ-ബിലിയറി സർജൻ) അവയവം എത്തുമ്പോഴേക്കും നൂറിനെ ശസ്ത്രക്രിയയ്ക്കായി ബിഎംസിയിൽ തയ്യാറാക്കിയിരുന്നു. ട്രാൻസ്പ്ലാൻറ് അനസ്തേഷ്യ കൺസൾട്ടൻ്റ് ഡോ. രാമമൂർത്തി ഭാസ്കരനും മെഡിക്കൽ സംഘത്തിൽ ഉണ്ടായിരുന്നു. കരൾ ശേഖരണവും, കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയും 14 മണിക്കൂറിനകം പൂർത്തിയാക്കാൻ മെഡിക്കൽ സംഘത്തിനായി.
പൊടുന്നനെ കരളിന്റെ പ്രവർത്തനം നിലയ്ക്കുന്ന ഗുരുതര രോഗാവസ്ഥ എത്രയും പെട്ടന്ന് തിരിച്ചറിഞ്ഞു അവയവ മാറ്റം നടത്തേണ്ടതിന്റെ ആവശ്യകത വിളിച്ചോതുന്നതാണ് നൂറിന്റെ കേസെന്ന് മെഡിക്കൽ സംഘത്തിലെ മലയാളി ഡോക്ടർ ജോൺസ് മാത്യു പറഞ്ഞു. മരണാന്തര അവയവദാനത്തിന് തയ്യാറായ കുവൈറ്റിലെ രോഗിക്കും നിർണ്ണായക പിന്തുണ നൽകിയ സർക്കാർ ഏജൻസികൾക്കും ഡോക്ടർമാർ നന്ദി പറഞ്ഞു.
വിജയകരമായ ശസ്ത്രക്രിയക്ക് ശേഷം ആശുപത്രിയിൽ നിന്നും ഡിസ്ചാർജായ നൂർ തുടർ പരിശോധനകൾ തുടരുകയാണ്. അടിയന്തര ചികിത്സ ഉറപ്പാക്കാൻ ഒറ്റക്കെട്ടായി നിന്ന ഡോക്ടർമാർക്കും സർക്കാർ ഏജൻസികൾക്കും തൊഴിൽ ദാതാവായ എമിറാത്തി കുടുംബത്തിനും നൂർ നന്ദി പറഞ്ഞു.
നൂറിനെ സഹായിക്കാനായി ഇന്തോനേഷ്യയിൽ നിന്നെത്തിയ സഹോദരി ലാലേതുൽ ഫിത്രിയും അബുദാബിയിൽ തുടരുന്നുണ്ട്.