വാമൊഴിവഴക്കങ്ങളിലൂടെ അറിയുന്ന കഥകളിൽ വിവിധ കാലഘട്ടങ്ങളിലായി പുളിങ്കുന്ന് ഭരിച്ച മൂന്നു രാജ്ഞിമാരെ കാണാനാവുന്നുണ്ട്. തെക്കുംകൂർ, വടക്കുംകൂർ, ചെമ്പകശ്ശേരി എന്നീ മൂന്നു നാട്ടുരാജ്യങ്ങളുടെ കീഴിലാണ് ആ കാലഘട്ടങ്ങളിലൊക്കെ പുളിങ്കുന്ന് എങ്കിലും നെൽകൃഷി കൊണ്ടും പുളിങ്കുന്ന് അങ്ങാടിയിലെ വ്യാപാരം കൊണ്ടും സമ്പന്നമായ ഈ ദേശം റാണിമാർക്ക് അതതുകാലത്തെ രാജാക്കന്മാർ ഉപഹാരമായി സമർപ്പിച്ചതാണ് എന്നാണ് ഈ കഥകളിലൊക്കെയും കാണുന്നത്.
പുളിങ്കുന്ന് ഇന്ന് ചെറിയ ഒരു പഞ്ചായത്ത് മാത്രമാണെങ്കിൽ പഴയകാലത്തെ പുളിങ്കുന്ന് ദേശം കുന്നുമ്മ, കണ്ണാടി, പുളിങ്കുന്ന്, മങ്കൊമ്പ്, തെക്കേക്കര, ചതുർത്ഥ്യാകരി എന്നീ പ്രദേശങ്ങളൊക്കെ ഉൾപ്പെടുന്ന വിസ്താരമേറിയ പ്രദേശമായിരുന്നു. മണിമലയാർ രണ്ടായി പിരിഞ്ഞ് വേമ്പനാട്ടുകായലിൽ ചേരുന്നതിനിടയിലുള്ള ഗ്രാമമാണ് പുളിങ്കുന്ന്. നദി നിക്ഷേപിച്ച എക്കൽ മണ്ണ് കായലിൽ നിക്ഷേപിക്കപ്പെട്ട് ഉയർന്നുവന്ന കരപ്രദേശത്തെ വയലുകളും പുരയിടങ്ങളും പല നൂറ്റാണ്ടുകളിലായി ഉയർന്നുവന്നതാണ്. പുളിങ്കുന്നിൻ്റെ പടിഞ്ഞാറും വടക്കുപടിഞ്ഞാറുമുള്ള കായൽനിലങ്ങൾ രൂപപ്പെട്ടിട്ട് രണ്ടു നൂറ്റാണ്ടുകൾ പോലുമായിട്ടില്ല.
പതിനാലാം നൂറ്റാണ്ടിൽ തെക്കുംകൂർ രാജവംശം ചങ്ങനാശ്ശേരി ആസ്ഥാനമാക്കിയതിനെ തുടർന്നാണ് പുളിങ്കുന്നിൻ്റെ വളർച്ച ആരംഭിക്കുന്നത്. അന്നത്തെ രാജാവ് ഒരു രാജകുമാരിക്ക് പുളിങ്കുന്ന് പ്രദേശം സമ്മാനിക്കുകയും അവിടെ ഒരു കോവിലകം പണിത് രാജകുമാരി ദേശവാഴ്ച ആരംഭിക്കുകയും ചെയ്തുവത്രേ. രാജകുമാരിക്ക് സ്വപ്നത്തിൽ പരദേവതയായ ചെറുവള്ളിഭഗവതിയുടെ ദർശനമുണ്ടായെന്നും പിറ്റേന്ന് പുളിങ്കുന്നിൽ ദേവീസാന്നിധ്യം വെളിപ്പെട്ടുവെന്നും തുടർന്ന് കോവിലകത്തിനടുത്ത് ചെറുവള്ളി ഭഗവതിയെ പ്രതിഷ്ഠിച്ചുവെന്നും പുളിങ്കുന്നിലെ ചെറുവള്ളിക്കാവ് ക്ഷേത്രോൽപത്തിയെ കുറിച്ച് ഐതിഹ്യം. എന്നാൽ പ്രധാന ദേശക്ഷേത്രം പ്രശസ്തമായ മങ്കൊമ്പു ഭഗവതി ക്ഷേത്രമാണ്.
പുളിങ്കുന്നിൽ ഒരു അങ്ങാടി സ്ഥാപിതമാകുന്നതോടെയാണ് കൃഷിയോടൊപ്പം വ്യാപാരത്തിനും പ്രാധാന്യമുണ്ടാകുന്നത്. ചങ്ങനാശ്ശേരി അങ്ങാടിയിൽ നിന്നു മാത്രമല്ല നിരേറ്റുപുറം കടന്ന് മുട്ടാറും കിടങ്ങറയും പിന്നിട്ട് മണിമലയാറ്റിലൂടെ എത്തിയിരുന്ന കിഴക്കൻ മലഞ്ചരക്കുകൾ വാങ്ങി സൂക്ഷിക്കുകയും പുറക്കാട്ടേയ്ക്കും കുടവെച്ചൂരിലേക്കും കയറ്റി അയയ്ക്കുകയും ചെയ്തിരുന്ന പുളിങ്കുന്ന് അങ്ങാടി നിയന്ത്രിച്ചിരുന്നത് നസ്രാണിത്തരകൻമാരായിരുന്നു. ചെമ്പകശ്ശേരി രാജ്യത്തിൻ്റെ പരിധിയിൽ വരുന്ന ചമ്പക്കുളത്തെ പുരാതനമായ കല്ലൂർക്കാട് പള്ളിയിലാണ് പുളിങ്കുന്നിലെ ആദ്യകാല നസ്രാണികളും പോയിരുന്നത്. പുളിങ്കുന്നുകാർ ഒരിക്കൽ അവിടെ വച്ച് ചമ്പക്കുളത്തുകാരാൽ അപമാനിക്കപ്പെട്ടതിൻ്റെ വാശിയിലാണ് കല്ലൂർക്കാട് പള്ളിയെയും കടത്തിവെട്ടുന്ന വാസ്തുമാതൃകയിൽ പുളിങ്കുന്ന് പള്ളി പണിത് ആരാധന തുടങ്ങിയത് എന്നും ഒരു വാമൊഴികഥയുണ്ട്.
പതിനാറാം നൂറ്റാണ്ടാകുമ്പോഴേക്കും തെക്കുംകൂറിൻ്റെ അധികാരത്തിൽനിന്ന് മാറി വടക്കുംകൂറിൻ്റെ കീഴിലാണ് പുളിങ്കുന്ന് ദേശം. ഈ ഭരണമാറ്റത്തിൻ്റെ കാരണം അജ്ഞാതമാണ്. അപ്പോഴും ഒരു റാണിക്കാണ് ഭരണച്ചുമതല. ഭരണകാര്യങ്ങൾ നിർവഹിക്കുന്നതാകട്ടെ നാട്ടിലെ ചില കൈമൾമാരുമാണ്.
AD 1591ൽ നടന്ന പടച്ചാൽ യുദ്ധമാണ് കുട്ടനാട്ടിൽ നടന്നിട്ടുള്ളതിൽ ഏറ്റവും രക്തരൂക്ഷിതമായ ഏറ്റുമുട്ടൽ. തെക്കേക്കരയെയും ചമ്പക്കുളത്തെയും വേർതിരിക്കുന്ന അതിർത്തിയിൽ വിശാലമായ വയലിൽ ഒരു വേനൽക്കാലത്ത് നടന്ന യുദ്ധത്തിന് ശേഷമാണ് അവിടം പടച്ചാൽ എന്നറിഞ്ഞുതുടങ്ങിയത്. ഈ അതിർത്തിയിൽ യുദ്ധത്തിന് മുമ്പ് പുളിങ്കുന്ന് റാണിക്ക് നാലുകെട്ടായി ഒരു കൊട്ടാരവുമുണ്ടായിരുന്നു.
AD 1550 ലെ വടുതലയുദ്ധത്തിൽ വടക്കുംകൂർ പരാജയപ്പെട്ടതിന് ശേഷം മുട്ടുചിറ ആസ്ഥാനമാക്കി വടക്കുംകൂർ ഭരിച്ചത് വന്ദ്യവയോധികയായ ഒരു റാണിയായിരുന്നു. അവരുടെ പിൻമുറയിൽ പെട്ട ഒരു റാണിയായിരുന്നു പുളിങ്കുന്നിലെ ഭരണം നടത്തിയിരുന്നത്. അവർക്കാകട്ടെ കൗമാരം വിട്ടുമാറാത്ത പ്രായമേ ഉണ്ടായിരുന്നുള്ളൂ. ഭരണകാര്യങ്ങളിൽ സമർത്ഥനായ ഒരു കോയിത്തമ്പുരാനാണ് ഈ കൊച്ചുറാണിയെ വിവാഹം ചെയ്തിരുന്നത്. അക്കാലത്ത് കൃഷിയിലൂടെയും പുളിങ്കുന്ന് അങ്ങാടിയിലെ വ്യാപാരത്തിലൂടെയും വലിയ അഭിവൃദ്ധിയുണ്ടായി.
ഈ പ്രദേശം പിടിച്ചെടുത്ത് തൻ്റെ രാജ്യത്തു ചേർക്കാൻ ചെമ്പകശ്ശേരി രാജാവ് ആഗ്രഹിച്ചു. ചതുരംഗംകളിയിൽ വലിയ നിപുണനായിരുന്ന ഈ ദേവനാരായണൻ നമ്പ്രാട്ട് റാണിയെ ചതുരംഗം കളിക്കുന്നതിന് ക്ഷണിച്ചു. യുദ്ധമൊഴിവാക്കി ചതുരംഗമത്സരത്തിലൂടെ നാടുകൾ പിടിച്ചടക്കുന്ന സമ്പ്രദായം അന്നത്തെ നാട്ടുരാജാക്കന്മാർക്ക് ഉണ്ടായിരുന്നവത്രേ! ചെമ്പകശ്ശേരി രാജാവിൻ്റെ വെല്ലുവിളി സ്വീകരിച്ച് പുളിങ്കുന്നിലെ അധികാരം നിലനിർത്താനായി റാണി ചതുരംഗത്തിന് തയ്യാറെടുത്തു. ചതുരംഗത്തിൽ അതിനിപുണനായ ഭർത്താവിന് കളിക്കാനുള്ള ചുമതല റാണി വിട്ടുകൊടുത്തു. നാലുകെട്ടു കൊട്ടാരത്തിൽ വച്ച് ചെമ്പകശ്ശേരി ദേവനാരായണനും കോയിത്തമ്പുരാനും തമ്മിൽ വാശിയേറിയ പോരാട്ടം നടന്നു. കളി വീക്ഷിച്ച് റാണി അടുത്തു തന്നെ നിലയുറപ്പിച്ചു. ഇരുപക്ഷത്തെയും കരപ്രമാണിമാരും സന്നിഹിതരായിരുന്നു. ഏറെ നേരത്തെ വാശിയേറിയ പോരാട്ടത്തിനൊടുവിൽ ചെമ്പകശ്ശേരി വിജയിച്ചു. എന്നാൽ ചെമ്പകശ്ശേരി കള്ളക്കളിയാണ് കളിച്ചത് എന്ന് റാണി ആരോപിക്കുകയും അതിനാൽ തന്നെ പുളിങ്കുന്ന് വിട്ടുകൊടുക്കില്ല എന്ന് ശഠിക്കുകയും ചെയ്തു. എന്നാൽ പുളിങ്കുന്നിലെ കരപ്രമാണിമാരാകട്ടെ ചെമ്പകശ്ശേരിയുടെ പക്ഷം ചേർന്ന് റാണിയുടെ പ്രായക്കുറവു മൂലമുള്ള പക്വതയില്ലായ്മയാണ് ഇതിന് ഇടയാക്കിയതെന്നും തന്മൂലം ചെമ്പകശ്ശേരിക്ക് കീഴ്പ്പെടുകയാണ് വേണ്ടതെന്നും നിർദ്ദേശിച്ചു. എന്നാൽ തൻ്റേടിയായ റാണി യുദ്ധം ചെയ്ത് നാട് നേടിക്കൊള്ളാൻ ചെമ്പകശ്ശേരിയെ വെല്ലുവിളിക്കുകയാണ് ചെയ്തത്.
തുടർന്ന് നാലുകെട്ടിന് സമീപമുള്ള വയലിൽ വെച്ച് പുളിങ്കുന്നിലെ വടക്കുംകൂർ സൈന്യവും ചെമ്പകശ്ശേരിയുടെ സൈന്യവും ഏറ്റുമുട്ടി. ചമ്പക്കുളത്തു നിന്ന് കുരിശടയാളമുള്ള പതാകകൾ വഹിച്ച നസ്രാണിസൈന്യവും ചെമ്പകശ്ശേരിക്കു വേണ്ടി പോരാടി. യുദ്ധത്തിൽ തെക്കുംകൂറും വടക്കുംകൂറും ചേർന്ന് റാണിയെ തുണച്ചു എങ്കിലും നിരവധി പേരെ കാലപുരിക്കയച്ച് ചെമ്പകശ്ശേരി യുദ്ധം ജയിച്ചു. റാണിയുടെ ഭർത്താവായ കോയിത്തമ്പുരാനും യുദ്ധത്തിൽ വധിക്കപ്പെട്ടു.
വിധവയും നിരാലംബയുമായ റാണി ദുഖപരവശയായി പുളിങ്കുന്ന് കൊട്ടാരത്തിൻ്റെ മാളികപ്പുറത്തെ ശയനമുറിയിൽ കരഞ്ഞുകിടന്നു. അന്നവർ ഗർഭിണിയുമായിരുന്നു. നാട്ടിൽ യുദ്ധമുണ്ടാകുന്നതിനും നാട്ടിലെ ചെറുപ്പക്കാരിൽ ഏറെപ്പേർ കൊല്ലപ്പെടുന്നതിനും ഇടയാക്കിയത് റാണിയാണ് എന്നുള്ള പ്രചരണം മൂലം നാട്ടുകാർ റാണിയോട് അവമതിപ്പുകാട്ടി. നാട്ടിൻപുറമാകട്ടെ യുദ്ധാനന്തരം വിജനവുമായിരുന്നു.
ചെമ്പകശ്ശേരി സൈന്യം കൊട്ടാരം വളയും മുമ്പ് അവിടെ നിന്ന് രക്ഷപ്പെടണമെന്ന ബോധ്യം റാണിക്കുണ്ടായപ്പോഴേയ്ക്കും നേരം അന്തിയോടടുത്തിരുന്നു. റാണി പുറത്തിറങ്ങിയപ്പോൾ കൊട്ടാരത്തിൻ്റെ കാവൽക്കാർ ആരെയും കണ്ടില്ല. അവിടെയുണ്ടായിരുന്ന ചിലർ ഒറ്റയ്ക്കായ തന്നെ മാനഭംഗപ്പെടുത്തിയേക്കുമോ എന്ന ഭയവും റാണിക്കുണ്ടായി. അവർ കൊട്ടാരവാതിൽ അടച്ചു തഴുതിട്ടിട്ട് ആഭണപ്പെട്ടിയും മറ്റു വിലയേറിയ വസ്തുക്കളുമെടുത്ത് അറയ്ക്കുള്ളിലെ രഹസ്യമാർഗ്ഗത്തിലൂടെ ചെറുവള്ളി ഭഗവതിക്ഷേത്രസന്നിധിയിലെത്തി. നടയ്ക്കു മുന്നിൽനിന്ന് കണ്ണീർ വാർത്ത റാണി തൻ്റെ വിലപ്പെട്ട സമ്പാദ്യമെല്ലാം കുളത്തിലെറിഞ്ഞ് ആരും വരാനിടയില്ലാത്ത ഒറ്റയടിപ്പാതയിലൂടെ സഞ്ചരിച്ച് പുളിങ്കുന്നിലെ ഒരു നസ്രാണിത്തരകൻ്റെ വീട്ടിലെത്തി രക്ഷപെടാൻ സഹായിക്കുമോ എന്നാരാഞ്ഞു. റാണിയോട് വിശ്വസ്തവിധേയനായി പെരുമാറിയ തരകൻ തൻ്റെ മീൻവള്ളം നന്നായി കഴുകിത്തുടച്ച ശേഷം വള്ളത്തിൽ റാണിയേയും സഹായത്തിനായി തൻ്റെ അമ്മയേയും മകനെയും കയറ്റിയ ശേഷം ആ രാത്രിയിൽ തന്നെ വേമ്പനാട്ടു കായലിലൂടെ വടക്കോട്ട് തുഴഞ്ഞ് വൈക്കത്തെത്തി. റാണിയെ സുരക്ഷിതയായി ബന്ധുഭവനത്തിലെത്തിച്ച ശേഷമാണ് തരകനും കുടുംബവും മടങ്ങിയത്.
പിൽക്കാലത്ത് ചെമ്പകശ്ശേരിയുടെ കൈവശമായിരുന്നു പുളിങ്കുന്ന് എങ്കിലും മറ്റൊരു റാണിയുടെ ഭരണമായിരുന്നു അവിടെ നടന്നിരുന്നത്. മാർത്താണ്ഡവർമ്മ ചെമ്പകശ്ശേരിയും തെക്കുംകൂറുമൊക്കെ ആക്രമിക്കുന്ന 1748-49 കാലത്ത് ഒരു കൈപ്പുഴറാണിയായിരുന്നു പുളിങ്കുന്ന് ഭരിച്ചിരുന്നത്. ചതുരംഗപ്രിയനായിരുന്ന ഒരു അപ്ഫൻ നമ്പൂതിരിയായിരുന്നു അന്നത്തെ ചെമ്പകശ്ശേരി ദേവനാരായണൻ നമ്പ്രാട്ട്. തെക്കുംകൂറിൻ്റെ ഒരു ശാഖയിൽ പെട്ട കൈപ്പുഴ(നീണ്ടൂർ) കൊട്ടാരത്തിലെ ഒരു തമ്പുരാട്ടിയെ “കൂട്ടിരിപ്പു”മുറയിൽ ഭാര്യയാക്കിയ ചെമ്പകശ്ശേരി രാജാവ് പുളിങ്കുന്നിൻ്റെ ഭരണം അവരിൽ ഏൽപ്പിക്കുകയായിരുന്നു. മുമ്പ് യുദ്ധം നടന്ന പടച്ചാലിലെ നാലുകെട്ടും രാജാവ് റാണിക്ക് സമ്മാനമായി നൽകിയിരുന്നു. മാർത്താണ്ഡവർമ്മയുടെ തിരുവിതാംകൂർ സൈന്യം ചെമ്പകശ്ശേരി രാജാവിനെ അമ്പലപ്പുഴയിൽ വച്ച് പിടികൂടി തിരുവനന്തപുരത്തെ കാരാഗൃഹത്തിലടച്ചു. അനാഥരായ റാണിയും മക്കളും രാജാവിൻ്റെ പൂർവ്വദേശമായ കുടമാളൂരിലെ കൊട്ടാരത്തിലേക്ക് രക്ഷപ്പെടുന്നതിനായി പുളിങ്കുന്നിലെ നായർ പ്രമാണിമാരോട് സഹായം അഭ്യർത്ഥിച്ചു. അവർ കേട്ട ഭാവം നടിച്ചില്ല. ലക്ഷ്യമില്ലാതെ അലഞ്ഞ റാണിയും മക്കളും തുടർന്ന് ചില നസ്രാണികളെ കണ്ടുമുട്ടി. അവർ റാണിയെയും മക്കളെയും വള്ളത്തിൽ കയറ്റി കുടമാളൂരിലേക്ക് തിരിച്ചു. പഴയ കഥയുടെ തനിയാവർത്തനം! പോകുന്ന സമയത്ത് റാണി “പുളിങ്കുന്നിലെ നായൻമാർ നശിച്ചുപോട്ടെ” എന്ന് ശപിക്കുകയും “നസ്രാണികൾക്ക് മേൽഗതിയുണ്ടാകട്ടെ” എന്ന് അനുഗ്രഹിക്കുകയും ചെയ്തത്രെ. ഈ കഥ കൊട്ടാരത്തിൽ ശങ്കുണ്ണി ഐതിഹ്യമാലയിൽ എഴുതിയിട്ടുണ്ട്.
വാമൊഴിയായി പല കാലത്തു നിലനിന്നുപോന്ന ഒരു കഥ തന്നെ ചിലപ്പോൾ രണ്ടു സാഹചര്യങ്ങളിലായി മുൻകാല ഐതിഹ്യകാരന്മാർ എഴുതിപ്പിടിപ്പിച്ചതാണോ ഒരേ പോലെയുള്ള രണ്ടു സംഭവങ്ങൾ രണ്ടു നൂറ്റാണ്ടുകളിലായി സംഭവിച്ചതാണോ എന്നും ഉറപ്പില്ല.