പ്രകൃതിയുടെ വശ്യമായ ഭംഗി കൊണ്ട് സഞ്ചാരികളുടെ മനംമയക്കുന്ന ഒരു ഇടം ആണ് നിലമ്പൂര്‍. നിലമ്പൂരില്‍ എത്തിയാല്‍ ഒന്നോ രണ്ടോ കാഴ്ചകള്‍ മാത്രമല്ല സഞ്ചാരികളെ കാത്തിരിക്കുന്നത്. നിരവധി സ്ഥലങ്ങളിലേക്ക് ഇവിടെ നിന്നും വളരെ പെട്ടെന്ന് പോകാനായി സാധിക്കും. പോകുന്ന സ്ഥലങ്ങളൊക്കെ കാഴ്ചക്കാര്‍ക്ക് ഒരു വലിയ അനുഭവ സമ്പത്ത് കൂടിയായിരിക്കും. നിലമ്പൂരില്‍ എത്തിയാല്‍ കാണാന്‍ കഴിയുന്ന സ്ഥലങ്ങള്‍ ഏതൊക്കെയാണെന്ന് നോക്കാം..
നെടുങ്കയം
മലപ്പുറം ജില്ലയിലെ ഒരു പ്രധാന വനപ്രദേശവും വിനോദസഞ്ചാരകേന്ദ്രവുമാണ്. അടുത്തുള്ള പ്രധാന പട്ടണമായ നിലമ്പൂരില്‍ നിന്നും ഏകദേശം 18 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന ഇവിടെ വെള്ളക്കാരുടെ കാലത്ത് നിര്‍മിച്ച മനോഹരമായ ഒരു വിശ്രമകേന്ദ്രവുമുണ്ട്. ഇവിടുത്തെ മഴക്കാടുകള്‍ വന്യമൃഗങ്ങളായ ആന, മുയല്‍, മാന്‍ തുടങ്ങിയവയുടെ വാസസ്ഥലമണ്. ഈ നിബിഡവനങ്ങളില്‍ ചോലനായ്ക്കര്‍ എന്ന ആദിവാസി വിഭാഗങ്ങളും ജീവിക്കുന്നു.നിത്യഹരിത വനപ്രദേശങ്ങളും, തേക്ക് തോട്ടങ്ങളും, പുഴകളും നെടുങ്കയത്തെ അവിസ്മരണീയമായ കാഴ്ചകളാണ്.
ആഢ്യന്‍പാറ വെള്ളച്ചാട്ടം
മലപ്പുറം ജില്ലയിലെ നിലമ്പൂര്‍ താലൂക്കില്‍ കുറുമ്പലകോട് വില്ലേജിലാണ് ആഢ്യന്‍പാറ വെള്ളച്ചാട്ടം. നിലമ്പൂര്‍ പട്ടണത്തില്‍ നിന്നും 15 കിലോമീറ്ററോളം അകലെ ചാലിയാര്‍ പഞ്ചായത്തിലാണ് ആഢ്യന്‍ പാറ വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്. ഇതിന് ഏകദേശം 300 അടിയോളം ഉയരമുണ്ട്. ആഢ്യന്‍ പാറയും പരിസരപ്രദേശങ്ങളും ഇടതൂര്‍ന്നതും നയനമനോഹരവുമായ കാടിനാല്‍ സമ്പന്നമാണ്. വൈവിധ്യമാര്‍ന്ന നിരവധി ദേശാടനപക്ഷികളുടെ ആവാസകേന്ദ്രമാണിവിടം. വേനല്‍കാലങ്ങളില്‍ പോലും വറ്റാത്ത നീരുറവകളില്‍ നിന്നും ഉത്ഭവിക്കുന്ന കാഞ്ഞിരപ്പുഴയിലാണ് ഈ വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്.
അരുവാക്കോട്
നിലമ്പൂരിനടുത്തുള്ള ഒരു ചെറിയ ഗ്രാമമാണ് അരുവാക്കോട്. ഇവിടം മണ്‍പാത്ര നിര്‍മ്മാണത്തിന് പേരുകേട്ടതാണ്. ഇവിടുത്തെ കുംഭരന്‍ സമുദായാംഗങ്ങള്‍ തലമുറകളായി മണ്‍പാത്ര നിര്‍മാണത്തിലും വില്‍പനയിലും ഏര്‍പ്പെട്ടിരുന്നു. ആഗോളവല്‍ക്കരണത്തിന്റെ വെല്ലുവിളികളെ അതിജീവിക്കാന്‍ പരമ്പരാഗത കഴിവുകള്‍ എങ്ങനെ പുനര്‍നിര്‍വചിക്കാം എന്നതിന്റെ മികച്ച ഉദാഹരണമാണ് അരുവാക്കോട്.
തേക്ക് മ്യൂസിയം
ലോകത്തിലെ ഏറ്റവും ആദ്യത്തെ തേക്ക് മ്യൂസിയമാണ് നിലമ്പൂര്‍ തേക്ക് മ്യൂസിയം. മലപ്പുറം ജില്ലയിലെ നിലമ്പൂര്‍ ടൗണില്‍ നിന്നും ഊട്ടി റോഡിലൂടെ 4 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ ഇവിടെയെത്താം. ലോകത്തിലെ ഏറ്റവും പഴക്കമുള്ള തേക്കും നിലമ്പൂരാണുള്ളത്. കേരള ഫോറസ്റ്റ് റിസര്‍ച്ച് ഇന്‍സ്റ്റിട്ട്യൂട്ടിന് കീഴിലാണ് മ്യൂസിയം പ്രവര്‍ത്തിക്കുന്നത്. തേക്കുകളുമായി ബന്ധപ്പെട്ട ചരിത്രം, ആവാസവ്യവസ്ഥ, തേക്കിന്റെ ഉപയോഗങ്ങള്‍, പഠനങ്ങള്‍ തുടങ്ങി അനേകം വിഷയങ്ങളിലുള്ള ചാര്‍ട്ടുകളും ചിത്രങ്ങളും ദൃശ്യസംവിധാനങ്ങളും മ്യൂസിയത്തിലുണ്ട്.
STORY HIGHLIGHTS: Nilambur, Malappuram