ഷിരൂർ: അങ്കോലയിൽ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുനായുള്ള തിരച്ചിലിനിടെ ഗംഗാവലി പുഴയിൽനിന്ന് വീൽ ജാക്കി കണ്ടെത്തി. ഇത് അർജുന്‍ ഓടിച്ചിരുന്ന ലോറിയുടേതുതന്നെ ആണെന്നാണ് ലോറി ഉടമ മനാഫ് വ്യക്തമാക്കുന്നത്. ഗംഗാവലി പുഴയിലെ ഒഴുക്ക് കുറഞ്ഞ സാഹചര്യത്തിലാണ് മാൽപെ സംഘം ചൊവ്വാഴ്ച വൈകുന്നേരത്തോടെ പുഴയിലിറങ്ങി പരിശോധന ആരംഭിച്ചത്. ഹൈഡ്രോളിക് ജാക്കിയാണ് പുഴയുടെ അടിത്തട്ടിൽ നിന്ന് കണ്ടെത്തിയത്.
ഹൈഡ്രോളിക് ജാക്കിക്കൊപ്പം അപകടത്തില്‍പെട്ട ടാങ്കര്‍ ലോറിയുടെ രണ്ട് ഭാഗങ്ങളും കണ്ടെത്തിയിട്ടുണ്ട്. ഇതിനോടകം മൂന്ന് വസ്തുക്കളാണ് കണ്ടെത്തിയത്. വൈകിട്ട് നാലേ കാലോടെയാണ് ഈശ്വര്‍ മല്‍പെ പുഴയിലിറങ്ങിയുള്ള തെരച്ചില്‍ ആരംഭിച്ചത്. നിരവധി തവണയാണ് പുഴയിലിറങ്ങിയുള്ള പരിശോധന നടത്തിയത്. ലോറിയുടെ പിന്‍ഭാഗത്ത് ടൂള്‍സ് ബോക്സിലാണ് ജാക്കി സൂക്ഷിച്ചിരുന്നതെന്നും പുതിയ ജാക്കി തന്നെയാണ് കണ്ടെത്തിയതെന്നും അര്‍ജുൻ ഓടിച്ചിരുന്ന ഭാരത് ബെന്‍സ് ലോറിയിലുണ്ടായിരുന്നതാണ് ഇതെന്നും ഇക്കാര്യത്തില്‍ യാതൊരു സംശയവും ഇല്ലെന്നും മനാഫ് പറഞ്ഞു. മനാഫും അര്‍ജുന്‍റെ സഹോദരി ഭര്‍ത്താവ് ജിതിനും സ്ഥലത്തുണ്ട്.
രണ്ടു മണിക്കൂറോളം തിരച്ചിൽ നടത്തിയതിന് ശേഷം സംഘം ചൊവ്വാഴ്ചത്തെ പരിശോധന അവസാനിപ്പിച്ചു. ബുധനാഴ്ച തിരച്ചിൽ തുടരും. തിരച്ചിലിന് അനുകൂലമായ സാഹചര്യമായതിനാൽ നാളെ വിപുലമായ പരിശോധന നടത്തും.
അര്‍ജുന് വേണ്ടിയുള്ള തിരച്ചില്‍ നാവികസേനയുടെ നേതൃത്വത്തില്‍ ചൊവ്വാഴ്ച ആരംഭിക്കുമെന്നായിരുന്നു നേരത്തെ പറഞ്ഞിരുന്നത്. പുഴയില്‍ റഡാര്‍ പരിശോധന നടത്താനായിരുന്നു തീരുമാനം. എന്നാൽ, നാവികസേനയ്ക്കു പകരം ഈശ്വർ മാൽപേയുട നേതൃത്വത്തിലുള്ള സംഘമാണ് ചൊവ്വാഴ്ച വൈകുന്നേരത്തോടെ പരിശോധന ആരംഭിച്ചത്. ബോട്ട് പുഴയിലിറക്കിയിട്ടുണ്ട്. മത്സ്യ തൊഴിലാളികളും സംഘത്തിലുണ്ട്. അർജുന്റെ ബന്ധുക്കളും ഷിരൂരിലെത്തിയിട്ടുണ്ട്.
ഷിരൂരിൽ ഇന്നത്തെ തെരച്ചില്‍ അവസാനിപ്പിക്കുകയാണെന്നും നാളെ രാവിലെ 8.30ഓടെ തെരച്ചില്‍ ആരംഭിക്കുമെന്നും കൂടുതല്‍ ആളുകളുടെ സഹായത്തോടെയായിരിക്കും നാളെത്തെ തെരച്ചില്‍ നടക്കുകയെന്നും ഈശ്വര്‍ മല്‍പെ പറഞ്ഞു. ലോറി കണ്ടെത്താനാകുമെന്നാണ് പ്രതീക്ഷയെന്നും അടിയില്‍ ഒഴുക്ക് കുറഞ്ഞിട്ടുണ്ടെന്നും മുങ്ങിതാഴുമ്പോള്‍ അടിഭാഗം കാണാനാകുന്നുണ്ടെന്നും ഈശ്വര്‍ മല്‍പെ പറഞ്ഞു.