Kerala

വടകരയിലെ കാഫിർ സ്‌ക്രീൻഷോട്ട്; ആദ്യം പ്രചരിച്ചത് ഇടത് സൈബർ ഗ്രൂപ്പുകളിലെന്ന് പൊലീസ്-Kafir screen shot

വടകര സി.ഐ സുനിൽകുമാർ സമർപ്പിച്ച റിപ്പോർട്ടിലാണ് നിർണായ വിവരങ്ങളുള്ളത്

കോഴിക്കോട്: വടകരയിലെ കാഫിർ സ്‌ക്രീൻഷോട്ട് ആദ്യം പ്രചരിച്ചത് ഇടത് സൈബർ ഗ്രൂപ്പുകളിലെന്ന് പൊലീസ് ഹൈക്കോടതിയിൽ. വടകര സി.ഐ സുനിൽകുമാർ സമർപ്പിച്ച റിപ്പോർട്ടിലാണ് നിർണായ വിവരങ്ങളുള്ളത്.

‘അമ്പാടിമുക്ക് സഖാക്കൾ’ എന്ന ഫേസ്ബുക്ക്് പേജിലാണ് സ്‌ക്രീൻഷോട്ട് ആദ്യം പ്രചരിച്ചത് എന്നാണ് പരാതിയിൽ പറഞ്ഞിരുന്നത്. 2024 ഏപ്രിൽ 25ന് വൈകിട്ട് മൂന്നിനാണ് ‘അമ്പാടിമുക്ക് സഖാക്കൾ’ എന്ന പേജിൽ സ്‌ക്രീൻഷോട്ട് പ്രത്യക്ഷപ്പെട്ടത്. ഇതിന്റെ അഡ്മിൻ മനീഷിനെ ചോദ്യം ചെയ്തപ്പോൾ ‘റെഡ് ബറ്റാലിയൻ’ എന്ന ഗ്രൂപ്പിൽനിന്നാണ് തനിക്ക് ലഭിച്ചതെന്നാണ് അദ്ദേഹത്തിന്റെ വെളിപ്പെടുത്തൽ. റെഡ് ബെറ്റാലിയനെന്ന ഗ്രൂപ്പില്‍ അമല്‍ രാമചന്ദ്രന്‍ എന്ന ആളാണ് സന്ദേശമെത്തിച്ചത്. ഇയാൾക്ക് സ്ക്രീന്‍ ഷോട്ട് ലഭിച്ചത് റെഡ് എന്‍കൗണ്ടേഴ്സ് എന്ന വാട്സാപ് ഗ്രൂപ്പില്‍ നിന്നാണ്.

റിബീഷ് രാമകൃഷ്ണന്‍ എന്ന ആളാണ് സ്ക്രീന്‍ ഷോട്ട് ഗ്രൂപ്പില്‍ പ്രചരിപ്പിച്ചത്. പോസ്റ്റ് എവിടെ നിന്ന് കിട്ടിയെന്ന് റിബീഷ് വെളിപ്പെടുത്തിയില്ലെന്നും പൊലീസ് പറയുന്നു. റബീഷിന്‍റെ ഫോണ്‍ ഫോറന്‍സിക് പരിശോധനക്ക് അയച്ചിട്ടുണ്ട്. വടകര എസ് എച്ച് ഓ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് നിര്‍ണായക വിവരങ്ങളുള്ളത്.

അതേസമയം, സ്ക്രീന്‍ ഷോട്ട് വിവാദത്തില്‍ മെറ്റ കമ്പനിയെ മൂന്നാം പ്രതിയാക്കി പൊലീസ് കേസെടുത്തു. ഫേസ്ബുക്ക്, വാട്സ് അപ് വിവരങ്ങൾ കൈമാറാത്തതിനാണ് മെറ്റയെ പ്രതി ചേർത്തത്.