ഭൂമിശാസ്ത്രപരമായ നേട്ടങ്ങളും പരിമിതികളും കണക്കിലെടുത്ത് വേണം കേന്ദ്രീകൃത ജിയോ മാപ്പിംഗ് പദ്ധതിയായ ദേശീയ മാസ്റ്റര്‍ പ്ലാന്‍ നടപ്പിലാക്കേണ്ടതെന്ന് വ്യവസായ മന്ത്രി പി രാജീവ് പറഞ്ഞു. സംസ്ഥാനങ്ങളുമായി ചേര്‍ന്ന് അടിസ്ഥാന സൗകര്യവികസനത്തിനുള്ള പിഎം ഗതിശക്തി (പിഎംജിഎസ്) പദ്ധതിയുടെ ദക്ഷിണമേഖലാ ശില്‍പശാലയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മന്ത്രി. വികേന്ദ്രീകൃത ആസൂത്രണം സാധ്യമാക്കുകയാണ് പി.എം.ജി.എസ് ദേശീയ മാസ്റ്റര്‍ പ്ലാനിലൂടെ വേണ്ടത്. ദുരന്ത നിവാരണ തയ്യാറെടുപ്പുകള്‍ ആസൂത്രണം ചെയ്യുന്നതിന് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്ക് യോജിച്ച് പ്രവര്‍ത്തിക്കാന്‍ കഴിയണമെന്നും അദ്ദേഹം പറഞ്ഞു.
ഉരുള്‍പൊട്ടല്‍ – വെള്ളപ്പൊക്ക സാധ്യതയുള്ള പ്രദേശങ്ങള്‍, മണ്ണിന്റെ അവസ്ഥ തുടങ്ങിയവ മാപ്പ് ചെയ്യപ്പെടുന്ന പിഎം ഗതിശക്തി ദേശീയ മാസ്റ്റര്‍ പ്ലാന്‍ ഡാറ്റാ ദുരന്ത നിവാരണത്തിന് വളരെ വിലപ്പെട്ടതാണെന്ന് ശില്‍പശാലയില്‍ മുഖ്യപ്രഭാഷണം നടത്തിയ ഡിപിഐഐടി സെക്രട്ടറി രാജേഷ് കുമാര്‍ സിംഗ് സംസ്ഥാനങ്ങളെ ഓര്‍മിപ്പിച്ചു. അടിയന്തിര ഘട്ടങ്ങളില്‍ ഡാറ്റ അധിഷ്ഠിതമായ തീരുമാനങ്ങള്‍ എടുക്കാന്‍ ഈ വിവരങ്ങള്‍ ജില്ലാ ഉദ്യോഗസ്ഥരെ പ്രാപ്തമാക്കും. അടുത്ത മാസത്തോടെ പ്രവര്‍ത്തനം ആരംഭിക്കുന്ന ജില്ലാ മാസ്റ്റര്‍ പോര്‍ട്ടലില്‍ പരമാവധി വിവരങ്ങള്‍ ചേര്‍ക്കണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു. എല്ലാ കാലാവസ്ഥയിലും റോഡുകള്‍, വൈദ്യുതി, ഇന്റര്‍നെറ്റ്, കുടിവെള്ളം മുതലായവയുമായി പൂര്‍ണ്ണമായും ബന്ധിപ്പിച്ചിട്ടുള്ള പ്രദേശിക വിവരങ്ങള്‍ ലഭ്യമാക്കുന്ന പ്രധാനമന്ത്രി ഗതിശക്തിയുടെ ദേശീയ മാസ്റ്റര്‍ പ്ലാന്‍ പദ്ധതിയുടെ നേട്ടങ്ങളെക്കുറിച്ച് ഉദ്യോഗസ്ഥരെ ബോധവത്കരിക്കുന്നതിനുള്ള പരിശീലനവും ശില്‍പശാലയില്‍ നടന്നു. എറണാകുളത്തെ ട്രാഫിക് നിയന്ത്രണത്തിനായും വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് മള്‍ട്ടിമോഡല്‍ കണക്റ്റിവിറ്റി നടപ്പിലാക്കുന്നതിലും വിജയിച്ച മാതൃകകള്‍ ശില്‍പ്പശാലയില്‍ വിവരിച്ചു.
സംസ്ഥാന വ്യവസായ പ്രിന്‍സിപ്പല്‍ സെക്രട്ടറി എ.പി.എം മുഹമ്മദ് ഹനീഷ്, കേന്ദ്ര വാണിജ്യ-അന്താരാഷ്ട്ര വ്യാപാര വികസന വകുപ്പ് ഡയറക്ടര്‍ എസ് സി കരോള്‍, ഡി.പി.ഐ.ഐ.ടി (ലോജിസ്റ്റിക്‌സ്) ജോയിന്റ് സെക്രട്ടറി സുരേന്ദ്ര കുമാര്‍ അഹിര്‍വാര്‍, കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍ (കെ.എസ്.ഐ.ഡി.സി) എം.ഡി എസ് ഹരികിഷോര്‍ തുടങ്ങിയവരും ശില്‍പശാലയില്‍ പങ്കെടുത്തു. കേരളം, കര്‍ണാടക, ആന്ധ്രപ്രദേശ്, തമിഴ്‌നാട്, തെലുങ്കാന എന്നിവിടങ്ങളില്‍ നിന്നുള്ള ജില്ലകളിലെ ഭരണ ഉദ്യോഗസ്ഥ തലത്തിലുള്ളവര്‍ ശില്‍പശാലയുടെ ഭാഗമായി. സംസ്ഥാന സര്‍ക്കാരിന്റെ സഹകരണത്തോടെ കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രാലയത്തിലെ ലോജിസ്റ്റിക്‌സ് ഡിവിഷനാണ് ശില്‍പശാല സംഘടിപ്പിച്ചത്.
Content Highlights: Geo-mapping technology should be used for disaster prevention activities