കൊൽക്കത്ത: പശ്ചിമ ബംഗാളില്‍ ഡോക്ടറെ ലൈംഗികാതിക്രമത്തിന് ഇരയാക്കി കൊലപ്പെടുത്തിയ കേസില്‍ അന്വേഷണം സിബിഐക്ക് വിട്ടു. സർക്കാർ ഇരക്കൊപ്പമല്ലെന്നും പോലീസ് അന്വേഷണത്തില്‍ ഒരു പുരോഗതിയുമില്ലെന്നും ചൂണ്ടിക്കാട്ടിയാണ് കൊല്‍ക്കത്ത ഹൈക്കോടതി വിധി പറഞ്ഞത്. ഇരയെ ആശുപത്രി സംവിധാനവും പിന്തുണച്ചില്ലെന്ന് വിധി പ്രസ്താവിച്ചുകൊണ്ട് ഹൈക്കോടതി വിമർശിച്ചു.
കൊൽക്കത്തയിലെ ആർജി കർ മെഡിക്കൽ കോളേജിലെ മുൻ പ്രിൻസിപ്പൽ ഡോ. സന്ദീപ് ഘോഷിനെയും കോടതി രൂക്ഷമായി വിമർശിച്ചു. രാജിവച്ച ശേഷം മറ്റൊരു കോളേജിൽ പ്രിൻസിപ്പലായി ചുമതലയേറ്റ സന്ദീപ് ഘോഷിനോട് ദീർഘകാല അവധിയിൽ പ്രവേശിക്കാനും കോടതി നിർദേശിച്ചു. കേസിൽ കോളേജ് പ്രിൻസിപ്പലിനെയാണ് ആദ്യം ചോദ്യംചെയ്യേണ്ടിരുന്നതെന്ന് കോടതി അഭിപ്രായപ്പെട്ടു. സമയം നഷ്ടപ്പെടുത്താൻ ആകില്ലെന്നും തെളിവുകൾ നശിപ്പിക്കപ്പെടാൻ സാദ്ധ്യതയുണ്ടെന്നും കോടതി പറഞ്ഞു.
ഹൈക്കോടതി ബിജെപി നേതാവ് അഡ്വ കൗസ്തവ് ബഗ്ചി നല്‍കിയ ഹർജി അംഗീകരിച്ചാണ് വിധി പ്രസ്താവിച്ചത്. വെള്ളിയാഴ്ച രാവിലെ കൊല്‍ക്കത്തയിലെ ആർജി കർ മെഡിക്കല്‍ കോളജ് ആശുപത്രിയിലെ സെമിനാർ ഹാളിലാണ് ഡോക്ടറുടെ മൃതദേഹം കണ്ടെത്തിയത്.
ഡ്യൂട്ടിക്കിടെയായിരുന്നു ഡോക്ടറുടെ കൊലപാതകം. ചെസ്റ്റ് മെഡിസിൻ വിഭാഗത്തിലെ രണ്ടാം വർഷ പിജി ഡോക്ടറാണ് കൊല്ലപ്പെട്ടത്. പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തെങ്കിലും അന്വേഷണം തൃപ്തികരമല്ലെന്നാണ് ഡോക്ടർമാർ നിലപാടെടുത്തത്.