Kerala

മുണ്ടക്കൈ ദുരന്തം; ഇന്ന് ആറ് ശരീരഭാഗങ്ങൾ കണ്ടെത്തി, തിരച്ചിൽ അവസാനിപ്പിച്ചു

ചാലിയാറിൽ നിന്ന് അഞ്ച് ശരീരഭാഗങ്ങളും മുണ്ടക്കൈയിൽ നിന്ന് ഒരു ശരീരഭാഗവുമാണ് ഇന്ന് ലഭിച്ചത്

വയനാട്: ചൂരൽമലയിലെ ഉരുൾപൊട്ടലിൽ കാണാതായവർക്കായി ചാലിയാറിലും മുണ്ടക്കൈയിലും നടത്തിയ ഇന്നത്തെ തിരച്ചിൽ അവസാനിപ്പിച്ചു. ചാലിയാറിൽ നിന്ന് അഞ്ച് ശരീരഭാഗങ്ങളും മുണ്ടക്കൈയിൽ നിന്ന് ഒരു ശരീരഭാഗവുമാണ് ഇന്ന് ലഭിച്ചത്. സന്നദ്ധപ്രവർത്തകരെയടക്കം ഉൾപ്പെടുത്തിക്കൊണ്ടുള്ള ജനകീയ തിരച്ചിലാണ് ഇന്ന് നടന്നത്. ഭൗമ ശാസ്ത്രജ്ഞൻ ജോൺ മത്തായിയുടെ നേതൃത്വത്തിലുള്ള സംഘം ദുരന്തമേഖലകളിൽ സന്ദർശനം നടത്തി.

ആശുപത്രിയിലെത്തിച്ച ശരീരഭാഗങ്ങൾ പരിശോധനക്ക് വിധേയമാക്കും. നിലമ്പൂര്‍ -വയനാട് മേഖലകളില്‍ ഇന്നും തെരച്ചിൽ ഊര്‍ജ്ജിതമായിരുന്നു. എന്‍.ഡി.ആര്‍.എഫ്, ഫയര്‍ഫോഴ്‌സ്, സിവില്‍ ഡിഫന്‍സ്, പൊലീസ്, വനം വകുപ്പ്, സേനാ വിഭാഗങ്ങളും സന്നദ്ധ പ്രവര്‍ത്തകരും തെരച്ചിലില്‍ വ്യാപൃതരായിരുന്നു.

ഉരുൾപൊട്ടൽ ദുരന്തത്തിൽ 231 മൃതദേഹങ്ങളും 206 ശരീരഭാഗങ്ങളുമാണ് ഇതുവരെ കണ്ടെത്തിയത്. മേപ്പാടിയില്‍ നിന്നും 151 മൃതദേഹങ്ങളും നിലമ്പൂരില്‍ നിന്നും 80 മൃതദേഹങ്ങളുമാണ് കണ്ടെത്തിയത്. മേപ്പാടിയില്‍ നിന്ന് 39 ശരീരഭാഗങ്ങളും നിലമ്പൂരില്‍ നിന്ന് 167 ശരീഭാഗങ്ങളും കണ്ടെത്തിയിരുന്നു.

മുണ്ടക്കൈ – ചൂരല്‍മല ദുരന്ത പ്രദേശങ്ങളില്‍ 260 സന്നദ്ധ പ്രവര്‍ത്തകരാണ് ഇന്ന് സേനാ വിഭാഗങ്ങള്‍ക്കൊപ്പം തെരച്ചിലില്‍ അണിനിരന്നത്. ചൂരല്‍മല പാലത്തിന് താഴ് ഭാഗത്തായി വനത്തിലൂടെ ഒഴുകുന്ന പുഴയുടെ തീരങ്ങള്‍ കേന്ദ്രീകരിച്ച് പരിശോധന നടത്തിയിരുന്നു. മലപ്പുറം ജില്ലയിലെ ചാലിയാറിലും വിശദമായ തെരച്ചില്‍ തുടര്‍ന്നു.

അതേസമയം, ദുരന്തമേഖലയിൽ ഭൗമശാസ്ത്ര സംഘത്തിന്റെ പരിശോധന തുടങ്ങി. ദുരന്തബാധിത മേഖലയിലെ പഠനത്തിന്റെ ഭാഗമായാണ് ജോൺ മത്തായിയുടെ നേതൃത്വത്തിലുള്ള സംഘം മുണ്ടക്കൈയിലെത്തിയത്. സംഘം മൂന്ന് ദിവസം മുണ്ടക്കൈയിൽ പഠനം നടത്തും. പുനരധിവാസത്തിന് ഇതേ പ്രദേശം തന്നെ തിരഞ്ഞെടുക്കാൻ പറ്റുമോ എന്നതടക്കമുള്ള കാര്യങ്ങൾ സംഘം പരിശോധിക്കും.