തിരുവനന്തപുരം: വയനാടിന് കൈത്താങ്ങായി മുഖ്യന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് എത്തിയ സംഭാവന നൂറ് കോടി കടന്നു. നിലവില്‍ 110.55 കോടി രൂപയാണ് ആകെ സംഭാവനയായി ദുരിതാശ്വാസ നിധിയിലേക്ക് എത്തിയത്.
ചൊവ്വാഴ്ച മാത്രം ഓണ്‍ലൈനായി ഇതുവരെ 55.5 ലക്ഷം രൂപയാണ് ലഭിച്ചതെന്നാണ് ഔദ്യോഗിക വെബ്‌സൈറ്റിലെ കണക്ക്. ആകെ ലഭിച്ച 110 കോടിയില്‍നിന്ന് ഇതുവരെ സഹായത്തിനായി തുക മാറ്റിയിട്ടില്ല.
രാഷ്ട്രീയ നേതാക്കളും സിനിമാ പ്രവർത്തകരും അടക്കം നിരവധി പേര്‍ ഇതിനോടകം ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി. ചൂരൽമലയിലും മുണ്ടക്കൈയിലും ഉരുൾപൊട്ടിയ ജൂലൈ 30-നാണ് ദുരിതബാധിതരെ സഹായിക്കാൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകാൽ അഭ്യർത്ഥന വന്നത്.
ഓണ്‍ലൈനായി മാത്രം 26.83 കോടി രൂപ സംഭാവന ലഭിച്ചു. വലിയ തുകകൾ ചെക്ക് മുഖേനയോ, ഡിമാന്‍ഡ് ഡ്രാഫ്റ്റായോ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കാവുന്നതാണ്. ആകെ വന്ന തുകയുടെ കണക്കുകള്‍ എല്ലാ ദിവസവും ഔദ്യോഗികമായി വെബ്‌സൈറ്റില്‍ രേഖപ്പെടുത്തുന്നുണ്ട്.