ധാക്ക: ബംഗ്ലാദേശിൽ നടന്ന കലാപത്തിനിടെ കടയുടമ കൊല്ലപ്പെട്ട സംഭവത്തിൽ മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്കെതിരെ കൊലക്കുറ്റം ചുമത്തി. കേസിൽ ബംഗ്ലാദേശ് കോടതി അന്വേഷണത്തിന് ഉത്തരവിട്ടു.
ഷെയ്ഖ് ഹസീനയെക്കൂടാതെ അവാമി ലീഗ് ജനറൽ സെക്രട്ടറി ഉബൈദുൽ ഖാദർ, മുൻ ആഭ്യന്തര മന്ത്രി അസദുസ്മാൻ ഖാൻ കമൽ, മുൻ പോലീസ് ഇൻസ്പെക്ടർ ജനറൽ ചൗധരി അബ്ദുല്ല അൽ മാമൂൻ എന്നിവരുൾപ്പെടെ ആറു പേരും കേസിൽ പ്രതികളാണ്.
കൊല്ലപ്പെട്ട അബു സെയ്ദിന്റെ സുഹൃത്ത് അമീർ ഹംസ ഷട്ടീലാണ് കോടതിയെ സമീപിച്ചത്. താൻ ബന്ധുവല്ലെന്നും അബു സയീദിന്റെ കുടുംബം സാമ്പത്തികമായി ബുദ്ധിമുട്ടിലായതിനാലാണ് പരാതിയുമായി മുന്നോട്ട് വന്നതെന്നും അമീർ ഹംസ പറഞ്ഞു
പ്രക്ഷോഭത്തെ അടിച്ചമർത്താൻ പൊലീസ് വെടിവെപ്പിന് ഉത്തരവിട്ടത് ഹസീനയാണെന്നാണ് അമീറിന്റെ ആരോപണം. ഷെയ്ഖ് ഹസീന നടത്തിയ കുറ്റകൃത്യങ്ങൾക്കെതിരെ പരാതിയുമായി മുന്നോട്ട് വരാൻ ധൈര്യം കാണിച്ച ഒരേ ഒരാൾ താനാണെന്ന് അമീർ പ്രതികരിച്ചു. കേസിന്റെ അവസാനം വരെ പോരാടുമെന്നും ഇയാൾ വാർത്താ ഏജൻസിയായ റോയിട്ടേഴ്സിനോട് പറഞ്ഞു.
ഹസീന ബംഗ്ലദേശ് വിട്ടതിനുശേഷം അവരുടെ പേരിൽ ചുമത്തപ്പെടുന്ന ആദ്യത്തെ കേസാണിത്. സർക്കാർ വിരുദ്ധ പ്രക്ഷോഭങ്ങളെത്തുടർന്ന് രാജിവച്ച ഷെയ്ഖ് ഹസീന ഓഗസ്റ്റ് അഞ്ചിനാണ് രാജ്യം വിട്ടത്.