ലഡാക്ക് സഞ്ചാരികളുടെ സ്വപ്ന സാക്ഷാത്കാരമാണെന്ന് പറയാം. ലഡാക്കെന്നു കേള്‍ക്കുമ്പോള്‍ നമ്മുടെ മുന്നില്‍ തെളിഞ്ഞു വരാത്ത പല ഗംഭീര സ്ഥലങ്ങളുമുണ്ടാവും. അതിലൊന്നാണ് ടുര്‍ടുക്ക്. ഇന്ത്യ-പാക് അതിര്‍ത്തിയിലെ ഒരു മനോഹര ഗ്രാമം. നുബ്ര താഴ്‌വരക്കും അപ്പുറത്താണ് ഭൂമിശാസ്ത്രപരമായി ടുര്‍ടുക്കിന്റെ സ്ഥാനം. ഈ മേഖലയില്‍ പാക് അതിര്‍ത്തിക്കു മുമ്പുള്ള അവസാനത്തെ മനുഷ്യവാസമുള്ള പ്രദേശം കൂടിയാണിത്. അങ്ങനെ നോക്കുമ്പോള്‍ ചുറ്റുമുള്ള മഞ്ഞിന്‍തൊപ്പിയണിഞ്ഞ ഹിമാലയന്‍ മലനിരകള്‍ ഒരു സ്വര്‍ഗീയ ഭൂപ്രകൃതി സഞ്ചാരികള്‍ക്കു മുമ്പാകെ വെളിവാക്കുന്നു. മനോഹരമായ കാലാവസ്ഥയും മലിനീകരണം എത്തി നോക്കാത്ത പ്രകൃതി ഭംഗിയുമെല്ലാം ടുര്‍ടുക്കിലെത്തുന്നവര്‍ക്കു ലഭിക്കുന്ന അധിക നേട്ടങ്ങളായിരിക്കും.
നഗരത്തിരക്കില്‍ നിന്നും സമ്മര്‍ദങ്ങളില്‍ നിന്നും ഒഴിഞ്ഞു സ്വസ്ഥമായി മനസ്സും ശരീരവും റീചാര്‍ജ് ചെയ്യാന്‍ എളുപ്പം സഹായിക്കുന്ന മനോഹര ഗ്രാമമാണ് ടുര്‍ടുക്ക്. സഞ്ചാരികള്‍ക്ക് സ്വര്‍ഗീയ വിരുന്നൊരുക്കുമ്പോഴും ഇന്നും തീരാനൊമ്പരമായി ഒരു വിഭജനത്തിന്റെ മുറിവുള്ള നാടു കൂടിയാണ് ടുര്‍ടുക്ക്. ഇവിടേക്കെത്തുന്ന സഞ്ചാരികള്‍ ആ ചരിത്രം കൂടി അറിഞ്ഞിരിക്കുന്നത് ഉചിതമായിരിക്കും. 1947ല്‍ ബ്രിട്ടീഷുകാരില്‍ നിന്നും സ്വാതന്ത്ര്യം ലഭിച്ച സമയത്ത് പാകിസ്ഥാന്റെ വരുതിയിലുണ്ടായിരുന്ന പ്രദേശമായിരുന്നു ഇത്. പിന്നീട് 1971ലെ ഇന്തോ-പാക് യുദ്ധത്തെ തുടര്‍ന്ന് ഇന്ത്യയിലേക്കു കൂട്ടിച്ചേര്‍ക്കുകയായിരുന്നു. പാക് പട്ടാളക്കാരായിരുന്നവര്‍ വരെ ടുര്‍ടുക്കിലുണ്ട്. അതിര്‍ത്തിയോടു ചേര്‍ന്നു കിടക്കുന്ന പ്രദേശമായിരുന്നതിനാല്‍ തന്നെ ടുര്‍ടുക്കിലേക്കുള്ള സന്ദര്‍ശകര്‍ക്ക് നേരത്തെ നിയന്ത്രണങ്ങളുണ്ടായിരുന്നു.
ടുര്‍ടുക്ക് നിവാസികളുടെ ഈ ഏകാന്ത ജീവിതത്തിന് അവസാനം കുറിച്ചുകൊണ്ട് 2010ലാണ് ഈ ഗ്രാമം സഞ്ചാരികള്‍ക്കായി തുറന്നു കൊടുത്തത്. ഏതാനും ഹോം സ്‌റ്റേകളും ഗസ്റ്റ് ഹൗസുകളുമുള്ള ടുര്‍ടുക്കിലേക്ക് സഞ്ചാരികള്‍ക്ക് പോവാന്‍ അനുമതിയുണ്ട്. ബാള്‍ട്ടി സംസ്‌ക്കാരത്തെ അടുത്തറിയാന്‍ സാധിക്കുന്ന സ്ഥലം കൂടിയാണ് ടുര്‍ടുക്ക്. പതിനാറാം നൂറ്റാണ്ടിലെ മുസ്ലിം പള്ളിയും പോളോ കളിക്കുന്ന മൈതാനവുമെല്ലാം ടുര്‍ടുക്കിലുണ്ട്. ബാള്‍ട്ടി പൈതൃക വീടുകളും ബാള്‍ട്ടി മ്യൂസിയവുമെല്ലാം സന്ദര്‍ശിക്കാനുമാവും. ആകെ 3,400ല്‍ താഴെ മാത്രമാണ് ജനസംഖ്യ. കാറക്കോറം മലനിരകള്‍ക്കു സമീപത്തുള്ള പ്രദേശമാണ് ടുര്‍ടുക്ക്. ലോകത്തെ രണ്ടാമത്തെ ഉയരം കൂടിയ കൊടുമുടിയായ കെ2വിനെ തലയെടുപ്പ് നേരിട്ട് കണ്ട് ആസ്വദിക്കാനും ടുര്‍ടുക്കിലെത്തുന്നവര്‍ക്ക് സാധിക്കും. കല്ലുപാളികള്‍ മേഞ്ഞ വീടുകളും മഞ്ഞയും തവിട്ടും നിറത്തിലുള്ള മലകളും മണ്ണുമെല്ലാം ഈ കാഴ്ച്ചകളെ കൂടുതല്‍ സുന്ദരമാക്കും. ഇന്ത്യയെ ചൈനയും പേര്‍ഷ്യയും റോമുമായുമെല്ലാം ബന്ധിപ്പിക്കുന്ന സില്‍ക്ക് റൂട്ടിലെ തന്ത്രപ്രധാന ഭാഗം കൂടിയാണ് ടുര്‍ടുക്ക്.
STORY HIGHLLIGHTS: turtuk-the-hidden-gem-on-the-indo-pakistan-border