ഭുവനേശ്വർ: ഓഡീഷയിലെ കട്ടക്കിൽ രണ്ട് രോഗികളെ ഡോക്ടർ ബലാത്സംഗം ചെയ്തതായി പരാതി. കട്ടക് എസ്സിബി മെഡിക്കൽ കോളേജിൽ ഞായറാഴ്ചയാണ് സംഭവം നടന്നത്. ഹൃദ്രോഗ വിഭാഗത്തിൽ ജോലിചെയ്തിരുന്ന പ്രതി എക്കോകാർഡിയോഗ്രാം പരിശോധനയ്ക്കെത്തിയ രോഗികളെ പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പരാതി.
അതേസമയം, രോഗികളുടെ ബന്ധുക്കള്‍ തന്നെ അക്രമിച്ചതായി ചൂണ്ടികാട്ടി ആരോപണവിധേയനായ ഡോക്ടര്‍ ആശുപത്രിയില്‍ ചികിത്സ തേടുകയാണ്. ഐസിയുവില്‍ ചികിത്സയില്‍ കഴിയുന്ന പ്രതിയുടെ പേര് വെളിപ്പെടുത്താന്‍ പൊലീസ് തയ്യാറായിട്ടില്ല. ഇരകളായ രോഗികളുടെ പരാതിയില്‍ കട്ടക്കിലെ മംഗളബാഗ് പൊലീസ് കേസെടുത്തിട്ടുണ്ട്.
അന്വേഷണം ആരംഭിച്ചെന്നും ഇരകളുടെ മൊഴി രേഖപ്പെടുത്തുകയും തെളിവുകളുടെ അടിസ്ഥാനത്തില്‍ തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും കട്ടക്ക് പൊലീസ് പറഞ്ഞു. എന്നാല്‍ ആശുപത്രി അധികൃതര്‍ ഇതുവരെ വിഷയത്തില്‍ പ്രതികരിച്ചിട്ടില്ല.