ലോകത്തിലെ തന്നെ ഏറ്റവും ആകർഷകമായ ദ്വീപു രാജ്യങ്ങളിൽ ഒന്നാണ് ടുവാലു. എന്നാൽ ഈ കുഞ്ഞൻ ദ്വീപ് ഭൂമിയിൽ നിന്നു തന്നെ അപ്രത്യക്ഷമാകാൻ അധികകാലം വേണ്ടി വരില്ല എന്നാണ് റിപ്പോർട്ടുകൾ. ഏറ്റവും കുറവ് സന്ദർശകർ എത്തുന്ന ഒരു ദ്വീപ് കൂടിയാണ് ഇത്. അടുത്ത കാലത്തൊന്നും അങ്ങോട്ട് പോയിട്ടില്ലെങ്കിൽ പിന്നെ ഒരിക്കലും കാണാൻ ഈ ദ്വീപ് ഭൂമുഖത്ത് തന്നെ ഉണ്ടായിരിക്കില്ല. വളരെ വേഗത്തിൽ തന്നെ രാജ്യം അപ്രത്യക്ഷമാകാനുള്ള സാധ്യതയാണ് ഈ ആശങ്കയ്ക്കു കാരണം. ഹവായിക്കും ഓസ്ട്രേലിയയ്ക്കും ഇടയിലായാണ് ഈ മനോഹരദ്വീപ് സ്ഥിതി ചെയ്യുന്നത്. പടിഞ്ഞാറൻ മധ്യ പസിഫിക് സമുദ്രത്തിലാണ് ടുവാലു സ്ഥിതി ചെയ്യുന്നത്. ഹവായിക്കും ഓസ്ട്രേലിയയ്ക്കും ഇടയിലായാണ് ഈ മനോഹരദ്വീപ് സ്ഥിതി ചെയ്യുന്നത്. വളയത്തിന്റെ ആകൃതിയിലുള്ള പവിഴപ്പുറ്റാൽ ചുറ്റപ്പെട്ട് കിടക്കുന്ന ഒരു ചതുപ്പുനിലമാണ് ഈ ടുവാലു. ഏകദേശം 12,000 ത്തോളം ആളുകളാണ് ഇവിടെ താമസിക്കുന്നത്. ലോകത്തിൽ ഏറ്റവും കുറവ് സന്ദർശകർ എത്തുന്ന രാജ്യവും ടുവാലുവാണ്.
ലോകത്തിലെ ഏറ്റവും ചെറിയ രാജ്യങ്ങളിൽ ഒന്നായി ടുവാലു നില കൊള്ളുന്നു. കൂടാതെ ഈ രാജ്യത്തിന് സ്വന്തമായി നാണയവുമുണ്ട്. സമുദ്രനിരപ്പിൽ നിന്നു വെറും 15 അടി മാത്രം ഉയരമേ ഈ രാജ്യത്തിന് ഉള്ളൂ. താഴ്ന്ന പ്രദേശമായ ടുവാലു ഒരു ദുർബല ഭൂപ്രദേശം കൂടിയാണ്. രാജ്യത്തിന്റെ ഭൂപ്രകൃതി ഇങ്ങനെയായതിനാൽ തന്നെ ശക്തമായ തിരമാലകൾ ഭൂപ്രദേശത്തെ നിരന്തരം ദുർബലമാക്കി കൊണ്ടിരിക്കുകയാണ്. ലോകത്തിലെ തന്നെ നാലാമത്തെ ചെറിയ രാജ്യമാണ് ടുവാലു. എന്നാൽ കാലാവസ്ഥ വ്യതിയാനം ടുവാലുവിനെ നയിക്കുന്നത് ഒരു അനിശ്ചിതമായ ഭാവിയിലേക്കാണ്. കടൽ ഉയർന്നു വരുന്നതും ശക്തമായ കൊടുങ്കാറ്റുകളും ക്രമേണ ദ്വീപുകളെ വെള്ളത്തിനടിയിലാക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇങ്ങനെ സംഭവിച്ചാൽ ഏതാനും ദശാബ്ദങ്ങൾക്കുള്ളിൽ തന്നെ ടുവാലു വാസയോഗ്യമല്ലാതെയായി തീരുകയോ ഭൂമുഖത്തു നിന്ന് പൂർണമായും അപ്രത്യക്ഷമാകുകയോ ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ദക്ഷിണ പസിഫിക് റീജിയണൽ എൻവയോൺമെന്റ് പ്രോഗ്രാമും ജപ്പാൻ സർക്കാരും ചേർന്നു 1996ൽ നടത്തിയ പഠനത്തിൽ ഉൾപ്പെട്ട ചില ശാസ്ത്രജ്ഞർ, കാലാവസ്ഥ വ്യതിയാനം ടുവാലുവിനെ എളുപ്പത്തിൽ സ്വാധീനിക്കുമെന്നു വ്യക്തമാക്കുന്നു. പ്രത്യേകിച്ച് സമുദ്രനിരപ്പ് ഉയരുന്നതു ടുവാലുവിനെ വളരെ മോശമായി ബാധിക്കുമെന്നാണ് ഈ ശാസ്ത്രജ്ഞർ വ്യക്തമാക്കുന്നത്. മറ്റ് പ്രതിസന്ധികളെ പോലെ തന്നെ ആഗോളതലത്തിലുള്ള പ്രവർത്തനങ്ങളുടെ അനന്തരഫലമാണ് ടുവാലു അഭിമുഖീകരിക്കുന്ന ഈ പ്രതിസന്ധിക്കും കാരണം. ഫോസിൽ ഇന്ധനങ്ങളുടെ ജ്വലനം അന്തരീക്ഷത്തിലേക്ക് കാർബൺഡൈ ഓക്സൈഡ് പുറത്തു വിടുന്നതും ആഗോളതാപനത്തിന് കാരണമാകുന്നതും ഈ പ്രതിസന്ധിക്ക് ഒരു കാരണമാണ്. അമിതമായ കാർബൺ ഡൈ ഓക്സൈഡ് പുറംതള്ളൽ കാരണം യുണൈറ്റഡ് സ്റ്റേറ്റ്സിന് എതിരെയും ഓസ്ട്രേലിയയ്ക്ക് എതിരെയും 2002ൽ നിയമനടപടി സ്വീകരിക്കുന്ന കാര്യം ടുവാലു പരിഗണിച്ചിരുന്നു.
അതേസമയം, സമുദ്രനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ ടുവാലുവിലെ യുവജനങ്ങൾ തങ്ങളുടെ മാതൃഭൂമി ഉപേക്ഷിക്കാനുള്ള ആലോചനയിലാണ്. അതുകൊണ്ടു തന്നെ അതിന് സാധ്യമായ എല്ലാ സാധ്യതകളെക്കുറിച്ചുമുള്ള ചർച്ചകൾ ഇവിടെ സജീവമാണ്. അതേസമയം, ശാസ്ത്രമേഖലയിൽ തന്നെ ചിലർ ടുവാലു പൂർണമായും ഭൂമുഖത്തു നിന്ന് നീക്കം ചെയ്യപ്പെട്ടേക്കുമെന്നുള്ള റിപ്പോർട്ടുകളോട് യോജിക്കുന്നില്ല. ദ്വീപിലെ നേതാക്കൾ അവസരവാദികളാണെന്ന് ആരോപിക്കുന്ന വിമർശകർ വിദേശസഹായവും പരിസ്ഥിതി അഭയാർത്ഥികൾക്ക് പ്രത്യേക അംഗീകരവും തേടുകയാണ് ലക്ഷ്യം വയ്ക്കുന്നതെന്നും ആരോപിക്കുന്നു. അതേസമയം, ടുവാലുവിനോട് ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നവരെ ഇക്കോ സാമ്രാജ്യവാദികൾ എന്നു ചിലർ മുദ്ര കുത്തുകയും ചെയ്യുന്നു. എന്നാൽ, ടുവാലുവിലെ ജനങ്ങളുടെ ജീവിതത്തെ സംബന്ധിച്ച് വ്യക്തമായ ധാരണ പുറംലോകത്തിനില്ല. പലരും ദ്വീപ് സന്ദർശിക്കാതെയാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്. വിദഗ്ദരിൽ തന്നെ ചിലർ ദ്വീപ് സന്ദർശിക്കാതെയാണ് തങ്ങളുടെ അജണ്ടകൾ കൊണ്ടുവരാൻ ശ്രമിക്കുന്നത്. പക്ഷേ, നിരന്തരമായി വരുന്ന റിപ്പോർട്ടുകൾ പരിശോധിക്കുകയാണെങ്കിൽ ഈ രാജ്യവും ഇവിടുത്തെ പതിനായിരത്തോളം വരുന്ന താമസക്കാരും വലിയ വെല്ലുവിളിയാണു നേരിടുന്നത്.
STORY HIGHLLIGHTS: tuvalu-island-in-the-west-central-pacific-ocean