വിനോദസഞ്ചാരികൾക്ക് ഇന്നും പ്രവേശനമില്ലാത്ത സ്ഥലമാണ് ആൻഡമാൻ നിക്കോബാർ ദ്വീപസമൂഹത്തിലുള്ള നോർത്ത് സെന്റിനൽ ദ്വീപ്. സന്ദർശിച്ചാൽ മരണം ഉറപ്പ്. ലോകസഞ്ചാരിയായ മാർക്കോപോളോ ‘ക്രൂരവും ദയാരഹിതരുമായ’ നിവാസികൾ എന്നു വിശേഷിപ്പിച്ച ഇവിടത്തെ ഗോത്രസമൂഹം സന്ദർശകരെ ആരെയും തിരികെ വിടാറില്ല. പോർട്ട്ബ്ലയറിൽ നിന്ന് 50 കിലോമീറ്റർ അകലെയുള്ള ദ്വീപിൽ പുറംലോകവുമായി ബന്ധമില്ലാതെ കഴിയുന്ന 40 ഗോത്രവംശജർ ഉണ്ടെന്ന് 2011 ലെ സെൻസസ് വ്യക്തമാക്കുന്നു.
ദ്വീപിലേക്ക് ആരെങ്കിലും എത്തിയാൽ ഗോത്രവംശജർ അമ്പെയ്തു വീഴ്ത്തും. വംശനാശഭീഷണി നേരിടുന്ന ഗോത്രവിഭാഗത്തിന്റെ സ്വകാര്യതയും സുരക്ഷയും പരിഗണിച്ച് ദ്വീപിൽ പ്രവേശനത്തിന് നിയന്ത്രണമുണ്ട്. കടലിൽ തകർന്ന് കരയ്ക്കടിയുന്ന കപ്പലുകളുടെ അവശിഷ്ടങ്ങളിലെ ഇരുമ്പു കൊണ്ടുണ്ടാക്കുന്ന അമ്പുകളാണ് ഇപ്പോഴും ഇവരുടെ പ്രധാന ആയുധം. സുനാമി സാരമായി ബാധിച്ച ഈ ദ്വീപിനു സഹായമെത്തിക്കാൻ ശ്രമിച്ച സർക്കാർ ഉദ്യോഗസ്ഥരെ അവർ അമ്പെയ്ത് ഓടിച്ചു. 2018 ൽ ഇവിടെയെത്തിയ അമേരിക്കൻ മിഷനറി കൊല്ലപ്പെട്ടത് ഈയിടെ നാഷനൽ ജ്യോഗ്രഫിക് ചാനൽ ഡോക്യുമെന്ററിയാക്കിയിരുന്നു.
STORY HIGHLLIGHTS: sentinel-island-in-andaman