ടെൽ അവീവ്: ഇസ്രായേലിൻ്റെ തലസ്ഥാനമായ ടെൽ അവീവിന് നേരെ ഇന്ന് ഹമാസ് ആക്രമണം നടത്തി. ടെൽ അവീവിലേക്ക് രണ്ട് എം90 റോക്കറ്റുകൾ തൊടുത്തു. ഒന്ന് ഗാസ കടന്ന് ഇസ്രയേൽ അതിർത്തിയിലെത്തിയെങ്കിലും കടലിൽ പതിച്ചു. മറ്റൊന്ന് ഗാസയിൽ തന്നെ വീണു. വിവരം ഇസ്രയേൽ വ്യോമസേനയും സ്ഥിരീകരിച്ചു.
പിന്നാലെ ഇസ്രായേലിൻ്റെ വ്യോമാക്രമണത്തിൽ ഗാസയിൽ 19 പലസ്തീനികൾ കൊല്ലപ്പെട്ടു. എന്നാൽ ഹമാസ് ആക്രമണത്തിൽ ഇസ്രയേലിൽ ആരെങ്കിലും കൊല്ലപ്പെടുകയോ പരിക്കേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയോ ചെയ്തതായി വിവരമില്ല. ടെൽ അവീവിൽ പൊട്ടിത്തെറി ശബ്‌ദം കേട്ടെങ്കിലും ആർക്കും പരിക്കേറ്റതായി റിപ്പോർട്ട് ചെയ്‌തിട്ടില്ലെന്ന് ഇസ്രയേലി മാദ്ധ്യമങ്ങളും അറിയിച്ചു.
ടെൽ അവീവിലും പരിസരത്തുമായി രണ്ട് എം90 മിസൈലുകൾ തൊടുത്തെന്ന് ഹമാസ് അവകാശപ്പെട്ടു. സയണിസ്റ്റ് കൂട്ടക്കൊലയ്ക്കും ഗാസയിലെ ജനങ്ങളുടെ വംശഹത്യക്കും എതിരെയാണ് ആക്രമണമെന്ന് ഹമാസ് മിലിറ്ററി വിഭാഗത്തിൻ്റെ വക്താവ് റോയിട്ടേർസിനോട് പ്രതികരിച്ചു.
ഇസ്രയേൽ സൈന്യം തൊട്ടു പിന്നാലെ ഗാസയിൽ നടത്തിയ ആക്രമണത്തിൽ 19 പേരാണ് കൊല്ലപ്പെട്ടത്. ഇസ്രയേൽ വ്യോമസേന ഗാസയിൽ ബോംബിട്ടാണ് കൂട്ടക്കൊല നടത്തിയത്. ദെയ്‌റ അൽ ബലാഹ് എന്ന സ്ഥലത്ത് അമ്മയും രണ്ട് ഇരട്ടക്കുട്ടികളും അടക്കം ആറു പേർ കൊല്ലപ്പെട്ടു. അൽ ബുറേജ് ക്യാമ്പിൽ 7 പേർ കൊല്ലപ്പെട്ടു.