ഇന്തൊനീഷ്യയുടെ ഹൃദയഭാഗത്ത്, ആരെയും അദ്ഭുതഭരിതരാക്കുന്ന ഒരു വിസ്മയമുണ്ട്! ഇലക്ട്രിക് നീല നിറത്തില്‍ ലാവ തുപ്പുന്ന ഒരു അഗ്നിപര്‍വതം. ജാവ ദ്വീപിൽ സ്ഥിതി ചെയ്യുന്ന കവാ ഇജെൻ അഗ്നിപർവതമാണ് ഇങ്ങനെ നീല ലാവയൊഴുക്കുന്നത്. നിലാവുള്ള രാത്രികളില്‍, എല്‍ഇഡി ലൈറ്റുകള്‍ പോലെ തിളങ്ങുന്ന നീല നിറത്തില്‍ ഈ ലാവ കാണാം. ഏതോ സയന്‍സ് ഫിക്ഷന്‍ സിനിമയിലെ രംഗം പോലെയോ, മറ്റേതോ ഗ്രഹത്തില്‍ എത്തിയ പോലെയോ തോന്നിക്കും ഇത്. ഈ പ്രതിഭാസത്തിന് ശാസ്ത്രീയമായ വിശദീകരണമുണ്ട്. അഗ്നിപർവതത്തിന്‍റെ ആഴമേറിയ ഭാഗങ്ങളില്‍ നിന്നു പുറത്തുവരുന്ന സൾഫ്യൂറിക് വാതകങ്ങളുടെ ജ്വലനത്തിൽ നിന്നാണ് കവാ ഇജെനിലെ വൈദ്യുത നീല ലാവയ്ക്ക് അതിമനോഹരമായ നിറം ലഭിക്കുന്നത്.
ഏകദേശം 600 ഡിഗ്രി സെല്‍ഷ്യസ് താപനിലയിലും ഉയർന്ന മർദ്ദത്തിലും പുറത്തേക്ക് വമിക്കുന്ന സൾഫർ വാതകം, ഓക്സിജൻ സമ്പുഷ്ടമായ വായുവുമായി സമ്പർക്കം പുലർത്തുമ്പോൾ, രാസപ്രവർത്തനത്തിന് വിധേയമാകുന്നു, അതിന്‍റെ ഫലമായി നീല ജ്വാലകൾ സൃഷ്ടിക്കപ്പെടുന്നു. തിളങ്ങുന്ന നീല തീജ്വാലകൾക്ക് 16 അടി വരെ ഉയരം ഉണ്ടാകും. പുറത്തേക്കു വരുന്നതില്‍, കുറച്ചു ഭാഗം ദ്രാവക സൾഫറായി ഘനീഭവിക്കുന്നു, അത് പാറകളുടെ ചരിവിലൂടെ ഒഴുകുമ്പോൾ കത്തുന്നത് തുടരുന്നു, ഇത് ലാവ ഒഴുകുന്നതുപോലെ തോന്നിപ്പിക്കുന്നു. എന്നാല്‍ അഗ്നിപർവതത്തിൽ നിന്ന് ഒഴുകുന്ന ലാവ, സാധാരണ ഉള്ളതുപോലെ കടും ചുവപ്പ്, മഞ്ഞ, ഓറഞ്ച് നിറങ്ങളില്‍ തന്നെയാണ് ഉള്ളത്. പകൽ സമയത്ത്, ഇവിടെ നിന്ന് ഉയരുന്ന പുകയ്ക്ക് വെളുത്ത നിറമാണ്. രാത്രികളില്‍ മാത്രമാണ് ഇതിന്‍റെ നിറം നീലയായി കാണപ്പെടുന്നത്.
രാത്രികളില്‍ പുറത്തേയ്ക്ക് വരുന്ന സൾഫറിന്‍റെ സാന്ദ്രത വളരെ തീവ്രമായതിനാല്‍ ഉണ്ടാകുന്ന നീല ജ്വാലകള്‍ കാണുമ്പോള്‍, ലാവയുടെ നിറം തന്നെ നീലയാണെന്ന് തോന്നിപ്പിക്കും. നീല ലാവ കാണാനായി ഒട്ടേറെ വിനോദസഞ്ചാരികള്‍ ഈ പ്രദേശത്ത് എത്താറുണ്ട്. എന്നാല്‍ ഇവിടം ഒരു വിനോദസഞ്ചാര കേന്ദ്രം മാത്രമല്ല. മുതിർന്നവരും കുട്ടികളും അടങ്ങുന്ന ഖനിത്തൊഴിലാളികൾ സൾഫ്യൂറിക് പാറ ശേഖരിക്കാൻ വരുന്ന ഒരു സ്ഥലം കൂടിയാണിത്. കാവ ഇജനിലെ വിസ്മയിപ്പിക്കുന്ന നീല ലാവയ്ക്ക് വളരെ ഇരുണ്ട ഒരു വശമുണ്ട്. തുച്ഛമായ വേതനത്തിന് പണിയെടുക്കുന്ന തൊഴിലാളികള്‍ ഇവിടെ നിന്നും സൾഫ്യൂറിക് പാറകൾ കൊട്ടകളിലാക്കി ശേഖരിച്ച്, ഏകദേശം രണ്ട് മൈൽ ദൂരത്തോളം ചുമക്കുന്നു. വളരെ കുറഞ്ഞ വേതനം മാത്രമല്ല, അപകടകരവുമാണ് ഈ ജോലി. സൾഫര്‍ ഉള്ളിലെത്തുന്നത്, ഇവര്‍ക്കിടയില്‍ തൊണ്ടയിലും ശ്വാസകോശത്തിലും ഗുരുതരമായ രോഗങ്ങള്‍ക്ക് കാരണമാകുന്നു.
STORY HIGHLLIGHTS: indonesia-kawah-ijen-volcano