കോഴിക്കോട്: ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുനായുള്ള തെരച്ചിൽ ഇന്ന് രാവിലെ എട്ട് മുതൽ ഗംഗാവലി പുഴയിൽ ആരംഭിക്കും. മത്സ്യത്തൊഴിലാളിയായ പ്രാദേശിക മുങ്ങൽ വിദഗ്ധൻ ഈശ്വർ മൽപെയുടെ നേതൃത്വത്തിലുള്ള സംഘം, എൻഡിആർഎഫ് , എസ്ഡിആർഎഫ് എന്നിവ സംയുക്തമായാണ് തെരച്ചിൽ നടത്തുക. നാവികസേനയും തെരച്ചിലിൽ പങ്കെടുക്കും. കാലാവസ്ഥയും ഒഴുക്കും അനുകൂലമെങ്കിൽ മാത്രമേ നാവികസേനയുടെ ഡൈവിംഗ് സംഘം പുഴയിലിറങ്ങി മുങ്ങി പരിശോധന നടത്തൂ. നാവിക സേനാംഗങ്ങളെ സഹായിക്കാനായി കരസേനയുടെ ചെറു ഹെലികോപ്റ്റർ തെരച്ചിലിന് എത്തും. ഇന്നലെ ഈശ്വർ മൽപെ നടത്തിയ തെരച്ചിലിൽ അർജുൻ്റെ ലോറിയുടെ ഹൈഡ്രോളിക് ജാക്കിയും ടാങ്കർ ലോറിയുടെ ചില ഭാഗങ്ങളും കണ്ടെത്തിയിരുന്നു. ഗംഗാവലി പുഴയിലെ ഒഴുക്കിൻ്റെ ശക്തി കുറഞ്ഞതിനാൽ തെരച്ചിൽ എളുപ്പമാകുമെന്നാണ് ഈശ്വർ മൽപെയുടെ വിലയിരുത്തൽ.