ജറുസലം: ഇസ്രയേലിനു തിരിച്ചടി നൽകരുതെന്ന യൂറോപ്യൻ രാജ്യങ്ങളുടെ അഭ്യർഥന ഇറാൻ തള്ളി. മേഖലയിൽ സ്ഥിതി വഷളാകാതിരിക്കാൻ ഇസ്രയേലിനെ ആക്രമിക്കുന്നത് ഇറാൻ ഒഴിവാക്കണമെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോ, ജർമൻ ചാൻസലർ ഒലാഫ് ഷോൾസ്, ബ്രിട്ടിഷ് പ്രധാനമന്ത്രി കിയേർ സ്റ്റാമെർ എന്നിവരാണു സംയുക്ത പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടത്. ഹമാസ്– ഇസ്രയേൽ യുദ്ധം അവസാനിപ്പിക്കാൻ നാളെ ആരംഭിക്കുന്ന മധ്യസ്ഥ ചർച്ചകൾക്കു പിന്തുണ അറിയിച്ചു 3 നേതാക്കളും രംഗത്തുവന്നു.
എന്നാൽ, കഴിഞ്ഞ മാസം ഹമാസ് മേധാവിയെ ടെഹ്റാനിൽ വധിച്ച സംഭവത്തിൽ തിരിച്ചടി നൽകാൻ അവകാശമുണ്ടെന്ന് ഇറാൻ പ്രസിഡന്റ് മസൂദ് പെഷസ്കിയാൻ വ്യക്തമാക്കി. ഗാസയിലെ ഇസ്രയേൽ അതിക്രമങ്ങളോടു പാശ്ചാത്യലോകം പുലർത്തുന്ന മൗനം നിരുത്തരവാദപരമാണെന്നും പറഞ്ഞു. വെടിനിർത്തൽ കരാർ യാഥാർഥ്യമായാൽ ഇസ്രയേലിനെ ആക്രമിക്കില്ലെന്ന സൂചനയും ഇതിനിടെ ഇറാൻ അധികൃതർ നൽകിയതായി റിപ്പോർട്ടുണ്ട്. ഗാസ ചർച്ച ഫലപ്രദമാക്കാനായി ഇറാനെ സമാധാനിപ്പിച്ചുനിർത്താൻ ഇടപെടണമെന്ന് തുർക്കി അടക്കം സഖ്യകക്ഷികളോട് യുഎസ് ആവശ്യപ്പെട്ടിരുന്നു.
അതിനിടെ, ഗാസയിൽനിന്നു ഹമാസിന്റെ റോക്കറ്റ് ടെൽ അവീവ് തീരത്തു വീണതായി ഇസ്രയേൽ പറഞ്ഞു. ഇക്കാര്യം ഹമാസും സ്ഥിരീകരിച്ചു. ചെങ്കടലിൽ 2 ചരക്കുകപ്പലുകൾ കൂടി ആക്രമിക്കപ്പെട്ടതായും റിപ്പോർട്ടുണ്ട്. ഇതുവരെ ഇസ്രയേൽ ആക്രമണങ്ങളിൽ ഗാസയിൽ 39,929 പലസ്തീൻകാർ കൊല്ലപ്പെട്ടു. 92,240 പേർക്കു പരുക്കേറ്റു. കഴിഞ്ഞ 24 മണിക്കൂറിനിടെ 32 പലസ്തീൻകാർ കൊല്ലപ്പെട്ടു.