നിശ്ചിത തൊഴിലുകളിൽ താൽക്കാലികമായി പ്രവാസികൾക്ക് വിസ വിലക്ക് ഏർപ്പെടുത്തി ഒമാൻ തൊഴിൽ മന്ത്രാലയം തീരുമാനം (452/2024) പുറപ്പെടുവിച്ചു. സെപ്റ്റംബർ ഒന്ന് മുതൽ ആറ് മാസത്തേക്കാണ് വർക്ക് പെർമിറ്റുകൾ നൽകുന്നത് നിർത്തിവെച്ചത്. പുതിയ തീരുമാനം രാജ്യത്തെ പൗരന്മാർക്ക് കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനാണ് ലക്ഷ്യമിടുന്നത്.
നിർമാണ തൊഴിലാളികൾ, ക്ലീനിംഗ് തൊഴിലാളികൾ, ലോഡർമാർ, ഇഷ്ടികപ്പണിക്കാർ, സ്റ്റീൽ ഫിക്‌സർമാർ, തയ്യൽക്കാർ, ഇലക്ട്രീഷ്യൻമാർ, വെയിറ്റർമാർ, പെയിന്റർമാർ, ഷെഫുമാർ, ബാർബർമാർ എന്നീ തസ്തികകളിൽ ഒമാനി പൗരന്മാർക്ക് മുൻതൂക്കം നൽകാനാണ് പുതിയ തീരുമാനം.
ഈ തീരുമാനം നിലവിൽ വന്നതിന് ശേഷവും ഒമാനിൽ തന്നെ ജോലി ചെയ്യുന്ന പ്രവാസി തൊഴിലാളികളുടെ തൊഴിൽ പുതുക്കലിനും കൈമാറ്റത്തിനും അനുമതി നൽകും. തീരുമാനം 2024 സെപ്തംബർ 1 മുതൽ പ്രാബല്യത്തിൽ വരുമെന്നും, അതിലെ വ്യവസ്ഥകൾ നടപ്പിലാക്കാൻ ബന്ധപ്പെട്ട അധികാരികൾ ബാധ്യസ്ഥരാണെന്നും മന്ത്രാലയം പുറപ്പെടുവിച്ച തീരുമാനത്തിൽ അറിയിച്ചു.